സ്‌കൂട്ടറും തയ്യൽമെഷീനും അതുപോലുള്ള ഉപകരണങ്ങളും മറ്റും കമ്പനികൾ നിർമ്മിച്ച് വിൽക്കുന്നത് അവർക്കുള്ള ലാഭം കൂടി എടുത്തിട്ടാണ്. ഇതിൽ ചെറിയ കിഴിവുകളൊക്കെ അംഗീകൃത വിൽപ്പനശാലകൾക്ക് നൽകാനാവും. ഓണത്തിനും ക്രിസ്‌മസിനും റംസാനുമൊക്കെ ഇത്തരം ഓഫറുകൾ പതിവാണ്. എന്നാൽ പകുതി വിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്ന് ഒരു ഷോറൂമും വാഗ്ദാനം നൽകിയിട്ടില്ല, നൽകുകയുമില്ല. അങ്ങനെ ചെയ്താൽ കമ്പനി പൂട്ടിപ്പോകും. എന്നാൽ, ഒരു സൊസൈറ്റി പകുതി വിലയ്ക്ക് സ്‌കൂട്ടർ തരാമെന്നു പറയുമ്പോൾ സാമാന്യബുദ്ധിയുള്ള ആർക്കും അതിലൊരു തട്ടിപ്പ് മണക്കേണ്ടതാണ്. എന്നാൽ ചില സ്ഥാപനങ്ങൾ വഴി അവിടെ ജോലിചെയ്യുന്നവർക്ക് പകുതി വിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്നൊക്കെ പറഞ്ഞാൽ പലരും വീണുപോകും. ഇതൊരു വ്യക്തിയല്ല, സൊസൈറ്റി മുഖേനയാണ് നൽകുന്നതെന്ന് പറയുമ്പോൾ വിശ്വാസ്യത കൂടും. തട്ടിപ്പിന്റെ വലയിൽ കൂട്ടത്തോടെ ആളുകൾ വീഴുകയും ചെയ്യും.
തൊടുപുഴ സ്വദേശിയായ ഇരുപത്തിയാറുകാരൻ നടത്തിയ ഓഫർ തട്ടിപ്പിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി ആയിരത്തിൽപ്പരം കോടി രൂപ തട്ടിയെടുത്തതായാണ് പുറത്തുവരുന്ന വാർത്തകൾ. അനന്തു കൃഷ്ണൻ മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇയാളുടെ ഒരു ബാങ്ക് അക്കൗണ്ടിൽ മാത്രം 400 കോടി രൂപ എത്തിയിരുന്നെന്നും ഇതിൽ മൂന്നു കോടി മാത്രമാണ് ഇപ്പോൾ ശേഷിക്കുന്നതെന്നും പ്രാഥമിക പരിശോധനയിൽ ബോദ്ധ്യമായിട്ടുണ്ട്. അപ്പോൾ ഈ തട്ടിപ്പ് തുകകൾ എങ്ങോട്ടാണ് കടത്തിയതെന്ന് അന്വേഷിക്കേണ്ടതുണ്ട്. അന്യസംസ്ഥാനത്തേക്കോ വിദേശത്തേക്കോ കടത്തിയിട്ടുണ്ടെങ്കിൽ അത് കണ്ടെത്താനും തിരികെ പിടിക്കാനും ലോക്കൽ പൊലീസിന്റെ അന്വേഷണം മതിയാവില്ല. സി.ബി.ഐ പോലുള്ള കേന്ദ്ര ഏജൻസികൾ അന്വേഷിച്ചാലേ തട്ടിപ്പിനിരയായവർക്ക് നീതി ലഭിക്കുന്ന സാഹചര്യമുണ്ടാകൂ.
ഉന്നത രാഷ്ട്രീയ നേതാക്കളുമായി പ്രതി അനന്തു കൃഷ്ണന് അടുപ്പമുണ്ടെന്നതിനാൽ ഇവിടെ നടക്കുന്ന അന്വേഷണത്തിൽ ഇടപെടലുകൾക്കുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. പണം നഷ്ടമായവരിൽ ഏറെയും സ്‌ത്രീകളും കർഷകരും സാധാരണക്കാരുമാണ്. ഇയാളുടെ അറസ്റ്റിനു പിന്നാലെ വിവിധ സ്റ്റേഷനുകളിലായി 1200-ഓളം സ്‌ത്രീകൾ തന്നെ പരാതി നൽകിയിട്ടുണ്ട്. സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികളും ഈ തട്ടിപ്പ് അന്വേഷിക്കേണ്ടതാണ്. സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. ആറായിരം രൂപ വരെ രജിസ്ട്രേഷൻ ഫീസായി വാങ്ങിയിരുന്നു. ഈ ഇനത്തിൽത്തന്നെ കോടികളാണ് ഇവരുടെ അക്കൗണ്ടുകളിലെത്തിയത്. കൂടാതെ, വാങ്ങുന്ന സാധനത്തിന്റെ പകുതി വിലയും മുൻകൂറായി നൽകണം. ബാക്കി തുക വൻകിട കമ്പനികളുടെ സി.എസ്.ആർ ഫണ്ടിൽ നിന്ന് ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനം.
തട്ടിപ്പിലൂടെ നേടിയ കോടികൾ ഉപയോഗിച്ച് അനന്തു കൃഷ്ണൻ ഇടുക്കിയിലും കർണാടകയിലും ഏക്കറുകണക്കിന് സ്ഥലം വാങ്ങിയെന്നാണ് പൊലീസ് പറയുന്നത്. ഇതു സംബന്ധിച്ച രേഖകൾ ഒളിപ്പിക്കാനും ഇയാൾ ശ്രമം നടത്തിയിട്ടുണ്ട്. എഴുപത്തഞ്ചിലേറെ ബ്ളോക്കുകളിൽ സൊസൈറ്റി രൂപീകരിച്ച് ആളുകളെ അംഗങ്ങളാക്കിയായിരുന്നു തട്ടിപ്പ്. പകുതി വിലയ്ക്ക് രാസവളം നൽകുമെന്ന വാഗ്ദാനത്തിലാണ് ഒട്ടേറെ കർഷകർ വഞ്ചിതരായത്. എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ പ്രതിയുടെ വാടക ഫ്ളാറ്റിൽ നിന്ന് രേഖകൾ കടത്തിയതിന്റെ സി.സി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചിട്ടുള്ളത്- 2000 പരാതികൾ. എറണാകുളം ജില്ലയിൽ നിന്നു മാത്രം അറുന്നൂറ് കോടിയിലേറെ പിരിച്ചെന്നാണ് കരുതപ്പെടുന്നത്. ഒരു ചെറിയ ഇടവേളയ്ക്കുശേഷം ഇത്തരം പലവിധ തട്ടിപ്പുകൾ ആവർത്തിക്കുന്ന ഒരിടമായി കേരളം മാറുന്നത് ആശാസ്യമല്ല. പണത്തിനും ലാഭത്തിനും പിന്നാലെയുള്ള മനുഷ്യന്റെ അതിരുവിട്ട ഓട്ടമാണ് ഇത്തരം തട്ടിപ്പുകാർ പ്രധാനമായും മുതലെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |