വരും ദിവസങ്ങളിൽ കേരളത്തിൽ ചൂട് കൂടാനും പല ജില്ലകളിലും ഉയർന്ന താപനില രേഖപ്പെടുത്താനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാകേന്ദ്രം നൽകുന്ന സൂചനകൾ. സാധാരണയേക്കാൾ രണ്ടു മുതൽ നാല് ഡിഗ്രി വരെ താപനില ഉയരാനുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ഉഷ്ണതരംഗത്തിനും ഇടയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. വേനൽ തുടങ്ങുന്നതിന് മുമ്പുതന്നെ മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 55 ദിവസത്തിനിടെ ഹെപ്പറ്റൈറ്റിസ്- എ എന്ന മഞ്ഞപ്പിത്തരോഗം ബാധിച്ചവരുടെ എണ്ണം 4500 കവിഞ്ഞിരിക്കുകയാണ്. എട്ടുപേർ മരണമടയുകയും ചെയ്തു. മലിനജലത്തിലൂടെയാണ് ഈ രോഗം പ്രധാനമായും പടരുന്നത്.
രോഗത്തിന്റെ തുടക്കത്തിൽത്തന്നെ ആശുപത്രികളെ സമീപിക്കണമെന്നും ചികിത്സ വൈകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നുമാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. പനി, ക്ഷീണം, ഛർദ്ദി തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ഇവ കണ്ടാലുടനെ ചികിത്സ തേടുകയും രണ്ടാഴ്ച വരെ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുകയും വേണം. വേനൽക്കാലത്ത് തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കൂ എന്ന ശീലം പിന്തുടരാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. സ്വയം ഇത്തരം പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെ തന്നെ പല രോഗങ്ങളിൽ നിന്നും അകന്നു നിൽക്കാൻ സാധിക്കും. ഓഫീസുകളിലെ ജീവനക്കാർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണം. ആരോഗ്യവകുപ്പിന്റെ പ്രതിനിധികൾ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളും നഗരങ്ങളിലെ കോളനികളും മറ്റും സന്ദർശിച്ച് മുന്നറിയിപ്പുകളും പ്രതിരോധ നടപടികളും സ്വീകരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
വേനലിന് മുമ്പുതന്നെ സംസ്ഥാനത്ത് എലിപ്പനിയും ഡെങ്കിപ്പനിയും ഉയരുന്നതായാണ് ആരോഗ്യവകുപ്പിന്റെ തന്നെ കണക്കുകൾ സൂചിപ്പിക്കുന്നത്. രണ്ടു മാസത്തിനിടെ എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് 37 പേരാണ് മരണമടഞ്ഞത്. എലിനശീകരണം അടക്കമുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ വന്ന മന്ദതയാണ് ഇത്തരം രോഗങ്ങൾ പടരാനുള്ള കാരണമായി കണക്കാക്കുന്നത്. തദ്ദേശസ്ഥാപനങ്ങൾ ഇക്കാര്യത്തിൽ അടിയന്തര നടപടികൾ ത്വരിതപ്പെടുത്തേണ്ടതാണ്. വീട്ടുമൃഗങ്ങളുടെ വിസർജ്ജ്യങ്ങൾ കലർന്ന ജലവുമായി സമ്പർക്കമുണ്ടാകുന്നതും ഇത്തരം രോഗങ്ങൾ പടരാൻ കാരണമാകുന്നു. രണ്ടുമാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ച് നാലുപേരും, പനി ബാധിച്ച് അഞ്ചുപേരും മരിച്ചിട്ടുണ്ട്. വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലി ചെയ്യുന്ന മുനിസിപ്പൽ ജീവനക്കാർ എല്ലാ മുൻകരുതലുകളും എടുക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തുകയും വേണം.
വേനൽക്കാലത്ത് പഴവർഗങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കേണ്ടതുണ്ട്. വേനൽ കടുക്കുമ്പോൾ ഇത്തരം സാധനങ്ങളുടെ വില വിപണിയിൽ കുതിച്ചുയരാൻ സാദ്ധ്യതയുള്ളത് മുൻകൂട്ടി കണ്ട് സംസ്ഥാന സിവിൽ സപ്ളൈസ് വകുപ്പ് ആവശ്യമായ ഇടപെടലുകൾ നടത്തി വില കുതിച്ചുയരാതെ പിടിച്ചുനിറുത്താനുള്ള ശ്രമങ്ങളും നടത്തേണ്ടതുണ്ട്. ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ അവിടവിടങ്ങളിൽ അഗ്നിബാധയുടെ സാദ്ധ്യതയും വ്യാപിക്കാനിടയുണ്ട്. അതിനാൽ ഫയർ ഓഡിറ്റ് നടത്തുകയും ശക്തമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. നഗരമദ്ധ്യങ്ങളിൽ കാടുപിടിച്ചു കിടക്കുന്ന പുരയിടങ്ങൾ വൃത്തിയാക്കാൻ ഉടമകൾക്ക് തദ്ദേശസ്ഥാപനങ്ങൾ നിർദ്ദേശം നൽകണം. അതുപോലെ തന്നെ, വ്യാപകമായ കൃഷിനാശം തടയാനുള്ള മുൻകരുതൽ കൃഷിവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതും ആവശ്യമാണ്. എല്ലാ വകുപ്പുകളും ഒപ്പം ജനങ്ങളും ഒത്തൊരുമയോടെ നേരിട്ടാൽ വേനലിന്റെ കടുത്ത ഫലങ്ങളിൽ നിന്ന് ഒഴിവാകാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |