എല്ലാ ഗ്രാമീണ വീടുകളിലും പ്രതിദിനം 50 ലിറ്റർ ശുദ്ധജലമെങ്കിലും എത്തിക്കുന്നതിന് കേന്ദ്രാഭിമുഖ്യത്തിലുള്ള ജലജീവൻ മിഷൻ ഇപ്പോൾ അവസാനിക്കേണ്ടതായിരുന്നു. കേരളം ഉൾപ്പെടെ കുറച്ചു സംസ്ഥാനങ്ങളിലാണ് പദ്ധതി ഇഴഞ്ഞുനീങ്ങുന്നത്. കരാറുകാർക്ക് കുടിശ്ശിക പെരുകിയതോടെ അവർ പണികൾ നിറുത്തിവച്ച് സ്ഥലംവിട്ടതാണ് ഈ ദുസ്ഥിതിക്ക് പ്രധാന കാരണം. ജലജീവൻ മിഷനു കീഴിലെ പണികൾ ഏറ്റെടുത്തതിലൂടെ എഴുനൂറോളം കരാറുകാർക്ക് സംസ്ഥാന സർക്കാർ നൽകാനുള്ളത് 4500 കോടി രൂപയാണ്. ഇത്രയും ഭീമമായ തുക എന്നു നൽകാൻ കഴിയുമെന്നുപോലും പറയാനാകില്ല. സർക്കാരിന്റെ സാമ്പത്തിക നില ഏവർക്കും അറിയാവുന്നതുകൊണ്ട് കരാറുകാരുടെ കുടിശ്ശിക തീർത്ത് ഗ്രാമീണ കുടിവെള്ള വിതരണ ജോലികൾ ഉടനെയൊന്നും പുനരാരംഭിക്കാൻ മാർഗമൊന്നുമില്ല! ജലജീവന്റെ കാര്യത്തിൽ മാത്രമല്ല, പൊതുമരാമത്തു കരാറുകാരും ഇതേ ദുർഗതിയിലാണ്.
അത്ര വലിയ സമ്പന്നരോ കരാർ പണികൾ ഏറ്റെടുക്കാൻ മിച്ച സമ്പാദ്യമുള്ളവരോ ഒന്നുമല്ല സംസ്ഥാനത്തെ കരാറുകാരിൽ ബഹുഭൂരിപക്ഷവും. ബാങ്ക് വായ്പയെടുത്തും, അതും മതിയാകാതെ വട്ടിപ്പലിശയ്ക്ക് കടമെടുത്തും, എല്ലാം തീരുമ്പോൾ താമസിക്കുന്ന വീടുവരെ പണയപ്പെടുത്തിയുമാണ് പലരും ഈ തൊഴിലിൽ പിടിച്ചുനിൽക്കുന്നത്. ചെയ്ത പണിയുടെ ബിൽ പാസാക്കിക്കിട്ടാൻ ബന്ധപ്പെട്ട സർക്കാർ ഓഫീസുകളിലെ അവസാന ജീവനക്കാരൻ വരെ കനിയണം. അപ്പോഴും സർക്കാരിന്റെ പൊതുവായ സാമ്പത്തിക നില അനുകൂലമല്ലെങ്കിൽ ബില്ലുകൾ വഴിയിൽ കിടക്കും. കുടിശ്ശിക നൽകാൻ സമയപ്പട്ടികയൊക്കെ തയ്യാറാക്കാറുണ്ട്. പണമുണ്ടെങ്കിലല്ലേ കാര്യങ്ങൾ നടക്കൂ. ജലജീവൻ മിഷൻ കരാറുകൾ ഏറ്റെടുത്ത വകയിൽ കരാറുകാരിൽ പലരും ഇപ്പോൾ ബാങ്കുകളുടെയും മറ്റും ജപ്‌തിഭീഷണിയിലാണ്. മാർച്ച് മാസം കുടിശ്ശിക തീർക്കൽ മാസം കൂടിയായതിനാൽ പരമാവധി ഞെരുക്കം എല്ലാ ഭാഗത്തുനിന്നുമുണ്ടാകും. ചെയ്ത പണിയുടെ ബില്ലിനായി കരാറുകാർ ഇതിനു മുമ്പും സമര പരമ്പര തന്നെ നടത്തിയിട്ടുള്ളതാണ്. 4500 കോടി രൂപയുടെ ഭീമമായ കുടിശ്ശിക ലഭിക്കാൻ സമരത്തിനിറങ്ങിയതുകൊണ്ട് ഫലമില്ലെന്നറിഞ്ഞിട്ടാകാം അതേക്കുറിച്ച് ആരും ഒന്നും മിണ്ടാത്തത്.
കരാറുകാരുടെ കുടിശ്ശികയിൽ തട്ടി ജലജീവൻ പ്രവർത്തനങ്ങൾ സ്തംഭിച്ചുനിൽക്കുകയാണ്. ഒട്ടുമിക്ക വീടുകളിലും, പൈപ്പിടലും അനുബന്ധ ജോലികളും പൂർത്തിയാക്കി വെള്ളത്തിനായി കാത്തിരിക്കുന്ന പതിനായിരക്കണക്കിന് ഗ്രാമീണ കുടുംബങ്ങളുണ്ട്. ശേഷിക്കുന്ന പണികൾ കൂടി പൂർത്തിയാക്കിയാലേ പൈപ്പിലൂടെ ജലം ഒഴുകുകയുള്ളൂ. അതിനാകട്ടെ കരാറുകാർ പണി പുനരാരംഭിക്കണം. സംസ്ഥാനത്ത് 19 ലക്ഷത്തിൽപ്പരം ഗ്രാമീണ ഭവനങ്ങളിലാണ് ജലജീവൻ മിഷൻ പ്രകാരമുള്ള പൈപ്പിടൽ പൂർത്തിയാക്കിയിട്ടുള്ളത്. ഇവയിൽ ഭൂരിപക്ഷം വീടുകളിലും ഇതിനകം വെള്ളം കിട്ടുന്നുമുണ്ട്. അതേസമയം, 5.65 ലക്ഷം വീടുകളിൽ ഒരു തുള്ളി വെള്ളം പോലും ഇതുവരെ എത്തിയിട്ടില്ല. ഈ വർഷം പദ്ധതിയുടെ കാലാവധി എത്തുന്നതോടെ 54.5 ലക്ഷം വീടുകളിൽ ശുദ്ധജലമെത്തിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ 35 ശതമാനത്തിലൊതുങ്ങി, ലക്ഷ്യപ്രാപ്തി.
പദ്ധതി നടത്തിപ്പിന്റെ 45 ശതമാനവും വഹിക്കുന്നത് കേന്ദ്ര സർക്കാരാണ്. 30 ശതമാനം സംസ്ഥാനവും 15 ശതമാനം തദ്ദേശ സ്ഥാപനങ്ങളും വഹിക്കണമെന്നാണ് വ്യവസ്ഥ. തുടക്കമെന്ന നിലയ്ക്ക് സംസ്ഥാനം 1500 കോടി രൂപ മുടക്കി. കേന്ദ്രവും തുല്യമായ തുക നൽകി. അതിനുശേഷം സംസ്ഥാനം തുക നൽകാതായതോടെ കേന്ദ്രവിഹിതം നിലച്ചു. ഫലത്തിൽ ഗ്രാമീണ ജലവിതരണ പദ്ധതി പാടേ സ്തംഭിച്ചനിലയിലുമായി. കരാറുകാർക്കുള്ള കുടിശ്ശികയാകട്ടെ പെരുകിപ്പെരുകി 4500 കോടിയിലുമെത്തി. സംസ്ഥാനത്ത് ശുദ്ധമായ കുടിവെള്ളം കിട്ടാത്ത കുടുംബങ്ങൾ പതിനായിരക്കണക്കിനുണ്ട്. മാലിന്യം കലർന്ന വെള്ളം ഉപയോഗിക്കാൻ നിർബന്ധിതരാവുന്ന ഈ ജനവിഭാഗങ്ങളെ ഓർത്തെങ്കിലും ജലജീവൻ മിഷന്റെ പ്രവർത്തനം തടസമില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ വഴി കണ്ടെത്തേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |