വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ മുൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്‌ബി സി.ഇ.ഒയുമായ കെ.എം. എബ്രഹാമിനെതിരെ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. വരവിൽ കവിഞ്ഞ സ്വത്ത് സർക്കാർ ഉദ്യോഗസ്ഥന്മാർ സമ്പാദിക്കാൻ പാടില്ലെന്നാണ് നിയമം അനുശാസിക്കുന്നത്. ഇനി അഥവാ, വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചിട്ടുണ്ടെങ്കിൽ അതിന്റെ സ്രോതസ് അവർ വെളിപ്പെടുത്തണം. കുടുംബ സ്വത്തുക്കളുടെ വിൽപ്പനയിലൂടെയും മറ്റും വരവിൽ കവിഞ്ഞ സ്വത്ത് ഒരാൾക്ക് വന്നുചേരാം. എന്നാൽ അത് മറച്ചുവച്ചാൽ വരവിൽ കവിഞ്ഞ സ്വത്ത് അഴിമതിയിലൂടെ സമ്പാദിച്ചതാണെന്ന സംശയം ഉടലെടുക്കും. ഇങ്ങനെയൊരു സാഹചര്യം ഉരുത്തിരിയാൻ സർക്കാർ ഉദ്യോഗസ്ഥർ അവസരം സൃഷ്ടിച്ചുകൂടാ.
സർക്കാർ ഉദ്യോഗസ്ഥരും ജഡ്‌ജിമാരുമൊക്കെ അവരുടെ സ്വത്തുവിവരം എല്ലാ വർഷവും വെളിപ്പെടുത്തേണ്ടതുണ്ട്. ഇതിലൊന്നും അന്വേഷണമൊന്നും സാധാരണഗതിയിൽ നടക്കാറില്ല. എന്നാൽ ഇതുസംബന്ധിച്ച് പരാതി വന്നാൽ വിജിലൻസ് കോടതികൾക്ക് അന്വേഷണത്തിന് ഉത്തരവിടാം. അന്വേഷണത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് കണ്ടെത്തിയാൽ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനും സ്വത്തുക്കൾ കണ്ടുകെട്ടാനും കോടതികൾക്ക് അവകാശമുണ്ട്. ഉന്നത ഉദ്യോഗസ്ഥന്മാർക്ക് വഴിവിട്ട് ധനം സമ്പാദിക്കാനുള്ള നിരവധി മാർഗങ്ങൾ തുറന്നുവരും. ആ വഴിയേ സഞ്ചരിക്കുന്നവർ സംസ്ഥാനത്തിന്റെ താത്‌പര്യമല്ല, സ്വന്തം താത്‌പര്യമാവും സംരക്ഷിക്കുക. ഇതുണ്ടാവാതിരിക്കാൻ അഴിമതി നിരോധന നിയമം തന്നെ ഇവിടെ നിലവിലുണ്ട്.
കെ.എം. എബ്രഹാം അഡി. ചീഫ് സെക്രട്ടറിയായിരുന്ന കാലഘട്ടത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നു ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ. ബാബു സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കോടതികളുടെ മുന്നിൽ വരുന്ന തെളിവുകൾക്കാണ് പ്രാധാന്യം. അല്ലാതെ ഉദ്യോഗസ്ഥന്റെ സ്ഥാനമാനങ്ങൾക്കല്ല. എന്നാൽ പൊലീസ് അന്വേഷണത്തിലും വിജിലൻസ് അന്വേഷണത്തിലുമൊക്കെ ഉദ്യോഗസ്ഥരുടെ സ്ഥാനമഹിമയും രാഷ്ട്രീയ പിൻബലവുമൊക്കെ സ്വാധീനം ചെലുത്താം. പ്രഥമദൃഷ്ട്യാ പരാതിയിൽ കഴമ്പുണ്ടെന്ന് കോടതി വിലയിരുത്തിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കേസിൽ തുടരന്വേഷണ ആവശ്യം തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ 2017-ലെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. സി.ബി.ഐ കൊച്ചി യൂണിറ്റാവും അന്വേഷണം നടത്തുക. ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നതിനാൽ ഈ അന്വേഷണത്തിന്റെ പേരിൽ കേന്ദ്രത്തെ പഴിക്കാൻ ആർക്കും രാഷ്ട്രീയ അവസരവും ലഭിക്കില്ല.
ശമ്പളത്തേക്കാൾ തുക എല്ലാ മാസവും മുംബയിലെയും സംസ്ഥാനത്തെയും രണ്ട് കെട്ടിടങ്ങൾക്കു വേണ്ടി ഇ.എം.ഐ അടയ്ക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കാൻ കെ.എം. എബ്രഹാമിനു കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. കൊല്ലത്ത് കടപ്പാക്കടയിലുള്ള ഷോപ്പിംഗ് കോംപ്ളക്സിന്റെ ഉടമ താനല്ലെന്നും, സഹോദരനാണെന്നും കെ.എം. എബ്രഹാം വിജിലൻസിനു നൽകിയ മൊഴി തെറ്റാണെന്നും, കെട്ടിടം എബ്രഹാമിന്റെ പേരിലാണെന്നും തെളിയിക്കുന്ന കൊല്ലം കോർപ്പറേഷനിൽ നിന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകൾ പരാതിക്കാരൻ കോടതിയിൽ ഹാജരാക്കിയിരുന്നു. സംസ്ഥാനത്തിന് നിരവധി സംഭാവനകൾ ചെയ്ത സമർത്ഥനായ ഉദ്യോഗസ്ഥനാണ് കെ.എം. എബ്രഹാം എന്നതിൽ ആർക്കും തർക്കമൊന്നുമില്ല. സെബിയുടെ മേധാവിയായിരിക്കെ ഓഹരികളുടെ തിരിമറിയുമായി ബന്ധപ്പെട്ട് വമ്പൻ ബിസിനസ് സ്ഥാപനങ്ങൾക്കെതിരെ അദ്ദേഹം കൈക്കൊണ്ട ധീരമായ നടപടികൾ പരക്കെ അംഗീകരിക്കപ്പെടുന്നതാണ്. അങ്ങനെയുള്ള ഒരു ഉദ്യോഗസ്ഥൻ ഇത്തരമൊരു പരാതിക്ക് സാഹചര്യം സൃഷ്ടിക്കരുതായിരുന്നു. സി.ബി.ഐ അന്വേഷണത്തിൽ തന്റെ സത്യസന്ധത ബോധിപ്പിക്കാൻ കഴിയാതെ വന്നാൽ, 'ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ" എന്നാവും സമൂഹം കരുതുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |