കുട്ടികളിലെ കരൾരോഗം സംബന്ധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എസ്.എ.ടി ആശുപത്രി പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം അടുത്തിടെ നടത്തിയ പഠനത്തിന്റെ ഫലം ആശങ്ക സൃഷ്ടിക്കുന്നതാണ്.
'കേരളകൗമുദി" കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഈ പഠന റിപ്പോർട്ടിൽ പൊണ്ണത്തടിയുള്ള, ഒമ്പതു മുതൽ 12 വയസു വരെയുള്ള 65 ശതമാനം കുട്ടികൾക്കും നോൺ ആൽക്കഹോളിക് ഫാറ്റി ലിവറുണ്ടെന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണുള്ളത് . ഇതേപ്രായക്കാരിൽ അമിതവണ്ണമുള്ളവരിൽ 35 ശതമാനം പേർക്കും ഫാറ്റി ലിവറുണ്ട്. സംസ്ഥാനത്ത് സർക്കാർ മേഖലയിലെ കുട്ടികളുടെ ഏക ഗ്യാസ്ട്രോ എന്ററോളജി വിഭാഗമാണ് എസ്.എ.ടിയിൽ ഉള്ളത്. അവർ 2020 മുതൽ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. കഴിഞ്ഞ പത്തു വർഷത്തിനിടെ ഇവിടെ 526 കുട്ടികൾക്കാണ് വിട്ടുമാറാത്ത കരൾ രോഗങ്ങൾ കണ്ടെത്തിയത്. ഇതിൽ 60 പേർക്ക് കരൾ മാറ്റിവയ്ക്കേണ്ടി വന്നു.
കുട്ടികൾ എന്ത് ഭക്ഷണം കഴിച്ചിട്ടായാലും മെലിയാതെ തുടുത്തിരിക്കണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം രക്ഷിതാക്കളുടെ ചിന്താഗതിയാണ് ഈ കണക്കുകൾക്ക് അടിസ്ഥാനമെന്ന് സംശയമില്ലാതെ പറയാം. ഇത്തരം ചെറിയ പ്രായത്തിൽ കുട്ടികൾ എന്തു കഴിക്കുന്നുവെന്നത് മാതാപിതാക്കളുടെ ഇടപെടലിനെ ആശ്രയിച്ചിരിക്കും. പിറന്നു വീഴുമ്പോൾ തുടങ്ങുന്ന പാക്ക്ഡ് ബേബി ഫുഡുകൾ മുതൽ കൗമാരത്തിലെത്തും മുമ്പെ ജങ്ക് ഫുഡുകളും ഫാസ്റ്റ്ഫുഡുകളും വാങ്ങിക്കൊടുക്കുന്ന തെറ്റായ സംസ്കാരത്തിൻെറ ഇരകളാണ് ഫാറ്റി ലിവർ ബാധിതരാകുന്ന ഈ കുട്ടികൾ. തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, ടിവി, മൊബൈൽ തുടങ്ങിയവയുടെ അമിത ഉപയോഗം എന്നിവയാണ് പ്രധാന വില്ലൻമാരെന്ന് വിദഗ്ദ്ധർ പറയുന്നു. അതുപോലെ, അമിതമായി മധുരം കഴിക്കുന്നതും പൊരിച്ച ഭക്ഷണങ്ങൾ അധികം കഴിക്കുന്നതും ആപത്താണ്.
ഫാറ്റി ലിവർ ബാധിച്ചാൽ ലിവർ സിറോസിസിനും ലിവർ ക്യാൻസറിനും വഴിവയ്ക്കും. ഒടുവിലത് കരൾ മാറ്റിവയ്ക്കേണ്ട അവസ്ഥയിലെത്തും. ശരിയായ ഭക്ഷണ രീതിയിലൂടെ ഫാറ്റി ലിവറിനെ പ്രതിരോധിക്കാമെന്നതിനാൽ 'ഭക്ഷണമാണ് മരുന്ന്" എന്നതാണ് ഇത്തവണ ലോക കരൾ ദിന സന്ദേശം. മൊബൈലും ടിവിയും ഒക്കെ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ പ്രശ്നമില്ല. എന്നാൽ നല്ലൊരു പങ്ക് കുട്ടികളും ഇതിനോട് അഡിക്ടാകുന്ന അവസ്ഥയാണുള്ളത്. പാലൂട്ടുന്ന പ്രായത്തിൽ കുഞ്ഞുങ്ങൾ കരയുമ്പോൾ മൊബൈൽ കയ്യിൽ കൊടുത്ത് കരച്ചിൽ നിയന്ത്രിക്കുന്ന മാതാപിതാക്കളുണ്ട്. രാവിലെ മുതൽ രാത്രി വരെ കുട്ടിക്ക് നൽകുന്നതെല്ലാം അമിത അളവിൽ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളാണ്. ഒരാളുടെ കരളിൽ അഞ്ചു ശതമാനം കൊഴുപ്പ് അടിയുമ്പോൾത്തന്നെ ഫാറ്റി ലിവറാകും. എന്നാൽ അൾട്രാസൗണ്ട് സ്കാനിംഗിൽ ഇത് തെളിയണമെങ്കിൽ 30ശതമാനത്തിലെത്തണം.
സ്കാനിംഗിലൂടെ ഫാറ്റി ലിവർ കണ്ടെത്തുമ്പോൾത്തന്നെ കരളിൽ 30 ശതമാനം കൊഴുപ്പ് അടിഞ്ഞുകഴിഞ്ഞിരിക്കും എന്ന ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്. കേരളത്തിൽ സർവസാധാരണമായ പ്രമേഹത്തിന് അടിസ്ഥാന കാരണവും കരളിന്റെ പ്രവർത്തനത്തിലെ പോരായ്മയാണ്. കരളിൻെറ പ്രവർത്തനത്തിലുണ്ടാകുന്ന വ്യത്യാസങ്ങൾ ശരീരത്തിലുടനീളം പലതരത്തിൽ ബാധിക്കും. കരൾ പൂർണമായി പണിമുടക്കിയാൽ മാറ്റിവയ്ക്കലാണ് പ്രതിവിധി. ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളം അത് എളുപ്പമോ സാമ്പത്തികമായി താങ്ങാവുന്നതോ ആവില്ല. അതിനാൽ കരളിൻെറ സംരക്ഷണത്തിന് വലിയൊരു കവചം തീർക്കണം. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ഉൾപ്പെടെ മാറ്റം വരുത്തണം. കുട്ടികൾക്ക് നല്ല കാര്യങ്ങൾ ഉപദേശിക്കുന്നതുപോലെ നല്ല ഭക്ഷണങ്ങളും തിരഞ്ഞെടുത്തു നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |