അഴിമതിക്ക് പിടിക്കപ്പെടുന്ന ജീവനക്കാരോട് ഒരുവിധ ദാക്ഷിണ്യവും കാണിക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് താലൂക്കുതല അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കവേ മുന്നറിയിപ്പ് നൽകിയത്. ഇതൊക്കെ എത്രയോ തവണ കേട്ടിരിക്കുന്നു എന്നാവും ജനങ്ങൾ ഇതിനെ വിലയിരുത്തുക. സർക്കാരിൽ നിന്നുള്ള ഏതു സേവനവും പൗരന്മാർക്ക് അവകാശപ്പെട്ടതാണെങ്കിലും അതു ചെയ്തുതരേണ്ടവർ മറിച്ചാണ് ധരിച്ചിരിക്കുന്നതെന്നു തോന്നും ഏതു സർക്കാർ ഓഫീസിൽ ചെന്നാലും. രാജ്യം സ്വതന്ത്രമായിട്ട് മുക്കാൽ നൂറ്റാണ്ടായിട്ടും സർക്കാർ ഓഫീസുകളിൽ അവകാശബോധത്തോടെ കയറിച്ചെല്ലാൻ എത്രപേർ തയ്യാറാകും. അപേക്ഷ സമർപ്പിക്കേണ്ട ഉദ്യോഗസ്ഥന്റെ മുമ്പിൽ യാചനാഭാവത്തിൽ ശങ്കയോടെ നിൽക്കേണ്ടിവരുന്ന സാധാരണക്കാരുടെ പങ്കപ്പാടുകൾ അധികം വിവരിക്കേണ്ടതില്ല.
സർക്കാർ ഓഫീസുകളിൽ ആവശ്യങ്ങൾക്കായി എത്തുന്നവർ കാരുണ്യം യാചിച്ചു വരുന്നവരല്ലെന്ന് അവസരം കിട്ടുമ്പോഴെല്ലാം മുഖ്യമന്ത്രി ഓർമ്മിപ്പിക്കാറുണ്ട്. കോഴിക്കോട്ടെ അദാലത്ത് ചടങ്ങിലും അത് ആവർത്തിച്ചെന്നേയുള്ളൂ. തീർപ്പാകാതെയും പരിഹാരം കാണാതെയും ഫയലുകൾ കുടിശ്ശികയാകുമ്പോഴാണ് അദാലത്തുകളും ഫയൽ തീർപ്പാക്കൽ യജ്ഞവുമെല്ലാം വേണ്ടിവരുന്നത്. ഓരോ അപേക്ഷയ്ക്കു പിന്നിലും കരുണാർദ്രമായ ഒരു ജീവിതമുണ്ടാകും. അപേക്ഷയിൽ തീർപ്പു നീളുന്തോറും കഷ്ടത്തിലാവുന്നത് ആ കുടുംബമാണ്. ഇതു മനസ്സിലാക്കാൻ താത്‌പര്യമില്ലാത്തവർ ജീവനക്കാർക്കിടയിൽ ഉണ്ടാകുന്നത് സ്വാഭാവികം. അത്തരക്കാരെ സേവന തത്‌പരരാക്കാൻ സർക്കാർ കിണഞ്ഞു ശ്രമിക്കാറുണ്ട്. എങ്കിലും ഒരു വിഭാഗം അതിനു വഴങ്ങാതെ നിൽക്കുന്നതുകൊണ്ടാണ് കൂടക്കൂടെ അദാലത്തുകൾ പോലുള്ള പരിഹാര മാർഗങ്ങൾ വേണ്ടിവരുന്നത്.
സർക്കാർ സർവീസിനെ അഴിമതിമുക്തമാക്കുക അത്ര എളുപ്പമല്ല. ഭാരിച്ച ശമ്പളം വാങ്ങുന്നവർ പോലും അഴിമതി കാണിക്കുന്നു. ഉന്നതർ പിടിയിലാകുമ്പോഴേ അതൊക്കെ വാർത്തയാകൂ. താലൂക്കുതല അദാലത്തുകളിൽ ഏറ്റവും കൂടുതൽ അപേക്ഷകൾ തിരുവനന്തപുരത്തു നിന്നാണ് ലഭിച്ചത്. തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവയാണ് അവയിലധികം. ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം നൽകാൻ വിഭാവനം ചെയ്ത ത്രിതല പഞ്ചായത്ത് രാജ് സംവിധാനം പലപ്പോഴും അവർക്ക് ഭാരമായിത്തീരുന്നു. സമീപകാലത്ത് സംസ്ഥാനത്ത് അതിന്റെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനാവും. തദ്ദേശസ്ഥാപനങ്ങളിൽ നിന്നു ലഭിക്കേണ്ട സേവനങ്ങളിൽ കാലതാമസം ഉണ്ടാകുന്നെന്നു മാത്രമല്ല, ചെലവും ഭീമമായി ഉയരുകയാണ്.
പാർട്ടി തിരിഞ്ഞ് സർക്കാർ ഉദ്യോഗസ്ഥർക്ക് സർവീസ് സംഘടനകളുണ്ട്. സിവിൽ സർവീസിനെ ജനങ്ങളുമായി കൂടുതൽ അടുപ്പിക്കാൻ വിലയേറിയ നിർദ്ദേശങ്ങൾ ഇവയുടെ വാർഷിക സമ്മേളനങ്ങൾ മുന്നോട്ടുവയ്ക്കാറുണ്ട്. അഴിമതി തടയാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും മറ്റാരേക്കാളും പ്രേരകശക്തിയാകാൻ കഴിയുന്നത് സർവീസ് സംഘടനകൾക്കാണ്. നിർഭാഗ്യവശാൽ അഴിമതിക്കാർ ശിക്ഷിക്കപ്പെടണോ എന്ന വിഷയത്തിൽ അവസാന വാക്ക് പലപ്പോഴും കൊടിയുടെ നിറം നോക്കിയാവും. അഴിമതി കാണിക്കുന്നവർക്കെതിരായ നടപടികൾ രാഷ്ട്രീയ ചായ്‌വ് നോക്കിയാകരുത്. അങ്ങനെ വരുമ്പോഴാണ് സർവീസിൽ മത്സരിച്ചെന്നവണ്ണം അഴിമതിക്കാരുടെ എണ്ണം കൂടുക. അന്തസ്സായി ജീവിക്കാനുള്ള വേതനം ഇക്കാലത്ത് സർക്കാർ സർവീസിൽ ഉറപ്പാക്കുന്നുണ്ട്. അതു പോരാതെ സേവനത്തിന് കണക്കുപറഞ്ഞ് കൈനീട്ടുന്നവരോട് ഒരു ദാക്ഷിണ്യവും കാണിക്കരുത്. ജനങ്ങളുടെ പൂർണ്ണ പിന്തുണ അതുമായി ബന്ധപ്പെട്ട നടപടികൾക്കുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |