SignIn
Kerala Kaumudi Online
Friday, 26 April 2024 4.08 PM IST

ആർത്തിപ്പണ്ടാരങ്ങളെ മേയാൻ വിടരുത്

photo

മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലത്ത് ഒരു പൊതുചടങ്ങിൽ പ്രസംഗിക്കവേ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഒരുകൂട്ടം ആർത്തിപ്പണ്ടാരങ്ങളെക്കുറിച്ച് പറയുകയുണ്ടായി. ജീവിക്കാൻ മതിയായ വേതനവും മറ്റാനുകൂല്യങ്ങളും മുറതെറ്റാതെ ലഭിച്ചിട്ടും സേവനങ്ങൾക്കായി സമീപിക്കുന്നവരുടെ മുന്നിൽ കൈനീട്ടുന്ന ഇത്തരക്കാരെ എത്തേണ്ടിടത്ത് എത്തിക്കാൻ സർക്കാർ മടിക്കുകയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സർക്കാർ സർവീസിലെ ഇത്തരം പുഴുക്കുത്തുകൾ തദ്ദേശസ്ഥാപനങ്ങളിൽ മാത്രമല്ല ഉള്ളത്. സർക്കാർ സർവീസിലെ സമസ്ത മേഖലകളിലുമുണ്ട്. ജനങ്ങൾ ജീവിതത്തിലൊരിക്കലെങ്കിലും അതിന്റെ കയ്‌പ് അനുഭവിച്ചിട്ടുമുണ്ടാകണം. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സംസ്ഥാനതല കൂട്ടായ്മയും പഠനോത്സവവും ഉദ്ഘാടനം ചെയ്ത ചടങ്ങായതുകൊണ്ടാവാം പ്രസ്തുത സ്ഥാപനങ്ങളിൽ നടമാടുന്ന അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രി പരാമർശിച്ചത്.

സിവിൽ സർവീസിലെ പുഴുക്കുത്തുകളെക്കുറിച്ച് മുഖ്യമന്ത്രി പരസ്യവിമർശനം നടത്തിയ ദിവസം തന്നെയാണ് കണ്ണൂരിൽ കഞ്ചാവു കടത്തിയ കാർ കൈക്കൂലിവാങ്ങി വിട്ടുനൽകിയ സംഭവത്തിൽ പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ സി.ഐ ഉൾപ്പെടെ മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്. അഴിമതിയും കൈക്കൂലിയും ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നു തെളിയിക്കുന്ന ഒട്ടേറെ ഉദാഹരണങ്ങൾ നിത്യേനയുണ്ടാകുന്നു. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസുകാർ കൈയോടെ അറസ്റ്റുചെയ്ത രണ്ടുഡസൻ സംഭവങ്ങളെങ്കിലും ഈ വർഷം ഇതിനകം ഉണ്ടായിട്ടുണ്ട്. അനുഭവസ്ഥർ മുൻകൂട്ടി വിജിലൻസിനെ അറിയിച്ച് പിടികൂടുന്ന കേസുകളാണിവ. വഴിവിട്ട കാര്യങ്ങൾ ചെയ്തുകിട്ടാൻ മാത്രമല്ല ഉദ്യോഗസ്ഥർ കൈമടക്ക് ചോദിക്കാറുള്ളത്. കാര്യങ്ങൾ വേഗത്തിൽ നടന്നുകിട്ടാനും കൈക്കൂലിയാണു ശരണം. ഇതിനുവേണ്ടി മാത്രം അപേക്ഷകൾ വച്ചുതാമസിപ്പിക്കും. ചെരിപ്പു തേയും വരെ അപേക്ഷകനെ നടത്തിക്കും.

അഴിമതിക്കാരെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു മുന്നറിയിപ്പു നൽകുമ്പോഴും അത് സർവീസിന്റെ കൂടെത്തന്നെ ഉണ്ടെന്നതാണു വാസ്തവം. നിയമപ്രകാരം ജനങ്ങൾക്കു ലഭിക്കേണ്ട സേവനങ്ങൾ സാങ്കേതികത്വങ്ങളിൽ കുടുക്കി വൈകിക്കുമ്പോഴാണ് പലപ്പോഴും അഴിമതിയുടെ വാതിൽ തുറക്കപ്പെടുന്നത്.

അഴിമതിക്കേസിൽ പിടികൂടിയാലും സസ്‌പെൻഷനപ്പുറം കഠിനമായ ശിക്ഷ കൂടി അനുഭവിക്കേണ്ടിവരുമെന്നു തീർച്ചയായാൽ കൈക്കൂലിക്കായി കൈനീട്ടുന്നവരുടെ സംഖ്യ കുറയാതിരിക്കില്ല. ഹ്രസ്വകാലത്തെ സസ്‌പെൻഷൻ കഴിഞ്ഞ് സർവീസിൽ തിരിച്ചെത്താൻ പലർക്കും കഴിയാറുണ്ട്. രാഷ്ട്രീയസ്വാധീനവും സംഘടനകളുടെ പിന്തുണയുമൊക്കെ ഇതിനു സഹായിക്കുന്നു. അഴിമതിക്കാരെ തള്ളിപ്പറയാൻ സർവീസ് സംഘടനകൾ ചങ്കൂറ്റം കാണിക്കണം. തെറ്റുചെയ്യുന്നത് സ്വന്തം കക്ഷിക്കാരനായതുകൊണ്ട് കൂടെത്തന്നെ നിറുത്താൻ വാശികാണിക്കരുത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സംസ്ഥാന ഭരണസംവിധാനത്തിലെ മുഖ്യഘടകമാണ്. അതുകൊണ്ടുതന്നെ എല്ലാ മേഖലകളിലുള്ളവരും വിവിധ ആവശ്യങ്ങൾക്കായി അവിടയെത്തുന്നു. സർക്കാരിന്റെ വികസന പദ്ധതികളിൽ പലതും നടപ്പാക്കേണ്ടത് തദ്ദേശസ്ഥാപനങ്ങൾ വഴിയായതിനാൽ അവയുടെ പ്രാധാന്യം വർദ്ധിച്ചിട്ടുണ്ട്. നിയമങ്ങളും ചട്ടങ്ങളും വളച്ചൊടിച്ചും ദുർവ്യാഖ്യാനം ചെയ്തും ആളുകളെ കഷ്ടത്തിലാക്കുകയല്ല ഉദ്യോഗസ്ഥർ ചെയ്യേണ്ടത്. നിയമത്തിനകത്തു നിന്ന് എങ്ങനെയൊക്കെ സഹായിക്കാമെന്നാണു നോക്കേണ്ടത്. ഭവന നിർമ്മാണത്തിന്റെ വിവിധഘട്ട അനുമതിക്കായി തദ്ദേശസ്ഥാപനങ്ങളെ സമീപിക്കേണ്ടിവരുന്ന സാധാരണക്കാർ നേരിടാറുള്ള പ്രയാസങ്ങൾ പലപ്പോഴും വാർത്തയാകാറുണ്ട്. ഇവിടെയും കൈക്കൂലി തന്നെയാണ് പ്രധാന വില്ലൻ. ഉദ്‌ബോധനങ്ങളോ താക്കീതുകളോ കൊണ്ടു മാത്രം നിയന്ത്രിക്കാവുന്ന സാമൂഹ്യ അനീതിയല്ല ഇത്. കഠിന നടപടികൾ കൊണ്ടേ മാറ്റമുണ്ടാക്കാനാവൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CORRUPTION IN LOCAL SELF GOVERNMENT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.