SignIn
Kerala Kaumudi Online
Friday, 26 April 2024 11.28 PM IST

ക്വട്ടേഷൻ സംഘങ്ങളെ അമർച്ച ചെയ്യണം

pothencod

ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടുന്നത് പുതിയ സംഭവമല്ല. എന്നാൽ വെട്ടിയെടുത്ത അവയവവുമായി നാട്ടുകാരെയും പൊലീസിനെയും വെല്ലുവിളിക്കുന്ന തരത്തിൽ ഉൗരുചുറ്റി പ്രകടനം നടത്തുന്നത് അസാധാരണമായ കൃത്യം തന്നെയാണ്. ഞങ്ങൾ ഇഷ്ടമുള്ളത് പോലെ എന്ത് അക്രമവും നടത്തും, ആരുണ്ടിവിടെ ചോദിക്കാൻ എന്ന് അവർ മുദ്രാവാക്യം വിളിച്ചില്ലെന്നേയുള്ളൂ. എന്നാൽ ആ സന്ദേശമാണ് സമാധാനമായി ജീവിക്കാൻ ആഗ്രഹിക്കുന്നവരുടെ നേർക്ക് അവർ എടുത്തെറിഞ്ഞത്. ഇത് അനുവദിച്ച് കൊടുക്കാവുന്നതല്ല. ക്രമസമാധാനപാലനത്തിനു നേരെയുള്ള വലിയ വെല്ലുവിളിയാണ് അക്രമികൾ നടത്തിയത്. പൊലീസിന്റെ ഭാഗത്തുനിന്നുപോലും ഒത്താശ ലഭിക്കുമ്പോഴാണ് ഇത്രയും അഴിഞ്ഞാടാൻ അവർ മുതിരുന്നത്.

കഴക്കൂട്ടം, മേനംകുളം, പോത്തൻകോട് എന്നീ പൊലീസ് സ്റ്റേഷനുകളുടെ അതിർത്തികളിൽ അക്രമസംഭവങ്ങൾ നിരന്തരം സംഭവിച്ചുകൊണ്ടിരുന്നിട്ടും അത് തടയാൻ പൊലീസിന്റെ ആസൂത്രിതമായ സംയുക്ത നീക്കങ്ങൾ ഉണ്ടായിട്ടില്ല. അതാണ് എന്ത് ഗുണ്ടാപ്പണിയും ചെയ്യാനുള്ള രീതിയിൽ ക്വട്ടേഷൻ സംഘങ്ങൾ വളരാനിടയാക്കുന്നത്. പൊലീസിൽ നിന്നുതന്നെ ഇവർക്ക് പല വിവരങ്ങളും ചോർന്നുകിട്ടുന്നതായും വാർത്തയുണ്ട്. പോത്തൻകോട് കല്ലൂരിൽ കൊല്ലപ്പെട്ട സുധീഷ് മറ്റൊരു കേസിൽ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന പ്രതിയാണ്. ഇയാൾ ഒളിച്ചിരിക്കുന്ന സ്ഥലം പൊലീസ് കണ്ടെത്തുന്നതിനു മുമ്പ് തന്നെ മണത്തറിഞ്ഞാണ് ക്വട്ടേഷൻ സംഘം എത്തി കൈയും കാലും വെട്ടിമാറ്റി ഇയാളെ കൊലപ്പെടുത്തിയത്. രഹസ്യവിവരങ്ങൾ അറിയാൻ പൊലീസിനേക്കാൾ മികച്ച സംവിധാനം ക്വട്ടേഷൻ സംഘങ്ങൾക്ക് കൈവന്നിട്ടുണ്ടോ എന്നുപോലും സംശയിക്കാൻ ഈ അക്രമകൃത്യം ഇടയാക്കുന്നു. ലോക്കൽ പൊലീസ് ക്രമസമാധാനം സംരക്ഷിക്കുന്നതിൽ ഈ മേഖലകളിൽ പരാജയമാണെന്നാണ് അടിയ്ക്കടിയുണ്ടാകുന്ന സംഭവങ്ങൾ തെളിയിക്കുന്നത്.

പോത്തൻകോട് കൊലപാതകം നടന്ന വീട് സന്ദർശിച്ച മന്ത്രി ജി.ആർ. അനിൽ പൊലീസിനെതിരെ രൂക്ഷവിമർശനമാണ് നടത്തിയത്. ഗുണ്ടാസംഘങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ പൊലീസ് നിരന്തരം വീഴ്ചവരുത്തുകയാണെന്നും പരാതികളിൽ യഥാസമയം നടപടി സ്വീകരിക്കാൻ തയ്യാറാകാത്തത് ക്രിമിനൽ സംഘങ്ങൾക്ക് വളരാൻ സഹായകമായിട്ടുണ്ടെന്നും മന്ത്രിക്ക് തന്നെ ചൂണ്ടിക്കാണിക്കേണ്ടിവന്നു.

കഴക്കൂട്ടവുമായി ബന്ധപ്പെട്ടാണ് നവീന തിരുവനന്തപുരം വളർന്നു വികസിക്കുന്നത്. സ്വാഭാവികമായും ഇവിടങ്ങളിൽ പണത്തിന്റെ ഒഴുക്കും കൂടുതലായിരിക്കും. ഗുണ്ടാപ്പിരിവിലൂടെയും മറ്റും ഇത് മുതലെടുക്കാനാണ് ക്വട്ടേഷൻ സംഘങ്ങൾ തമ്മിൽത്തല്ലി പേരെടുക്കാൻ ശ്രമിക്കുന്നത്. ഇത് മനസിലാക്കി ഇവരെ ഒതുക്കാൻ സമർത്ഥനും സ്വാധീനത്തിന് വഴങ്ങാത്ത ഉദ്യോഗസ്ഥനുമായ ഐ.പി.എസ് ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വർഷങ്ങൾക്കുമുമ്പ് ഇത്തരം സ്‌ക്വാഡുകൾ നഗരത്തിൽ പ്രവർത്തിച്ചിരുന്നു. അന്ന് ഒരു ഐ.പി.എസ് ഓഫീസറെ പേടിച്ച് സകല ഗുണ്ടകളും നഗരം വിട്ടിരുന്നു. ശക്തമായ നിയമനടപടി പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഉറപ്പായാൽ സകല ക്വട്ടേഷൻ സംഘങ്ങളും തല ഉള്ളിലേക്ക് വലിച്ച് പിൻവലിയും. അത്തരം നടപടികളാണ് പൊലീസിന്റെ തലപ്പത്തിരിക്കുന്നവരിൽ നിന്ന് ഇനി ഉണ്ടാകേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRIMINAL GANG
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.