
രാജ്യത്ത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭയത്തിന്റെയും വിത്തു പാകുക എന്ന ലക്ഷ്യത്തോടെയാണ് ന്യൂഡൽഹിയിൽ വിധ്വംസക ശക്തികൾ ഉഗ്ര സ്ഫോടനം നടത്തിയിരിക്കുന്നത്. പഹൽഗാമിലെ ഭീകരാക്രമണത്തിന് ഇന്ത്യ പാകിസ്ഥാന് ചുട്ട മറുപടി നൽകിയതിനു ശേഷം രാജ്യം അതീവ ജാഗ്രതയിലായിരുന്നു. ഇന്ത്യയ്ക്ക് മറുപടി നൽകുമെന്ന് പാകിസ്ഥാൻ സേനാ മേധാവി അസിം മുനീർ ഭീഷണി മുഴക്കുകയും ചെയ്‌തിരുന്നു. അത് ഭീകരരുടെ കരങ്ങളിലൂടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ന്യൂഡൽഹിയിലെ സ്ഫോടനത്തെയും വീക്ഷിക്കാവുന്നതാണ്. ഇന്റലിജൻസ് ഏജൻസികളും മറ്റും അതീവ ജാഗ്രത പുലർത്തുമ്പോഴും അവരുടെയെല്ലാം കണ്ണുവെട്ടിച്ച് ഡൽഹിയിലെ ഏറ്റവും തന്ത്രപ്രധാന സ്ഥലമായ ചെങ്കോട്ടയ്ക്ക് സമീപം തിരക്കേറിയ സമയമായ വൈകിട്ട് സ്ഫോടനം നടത്താനായി എന്നത് ഭീകരപ്രവർത്തകരുടെ ശൃംഖലയും രഹസ്യ നീക്കങ്ങളും എത്രമാത്രം സൂക്ഷ്‌മവും ശക്തവുമാണെന്നതിന് തെളിവാണ്. അതിനാൽത്തന്നെ ഡൽഹി സ്ഫോടനത്തിന്റെ ഗുരുതര സ്വഭാവം പതിന്മടങ്ങ് വർദ്ധിക്കുന്നു.
സ്ഫോടനത്തിന്റെ സമയം, സ്ഥലം, രീതി തുടങ്ങിയവ നിരീക്ഷിച്ചാൽ കൃത്യമായ ആസൂത്രണത്തിന്റെ പിൻബലത്തോടെയാണ് സ്ഫോടനം നടത്തിയതെന്ന് ആർക്കും ബോദ്ധ്യമാവുന്നതാണ്. അതാകട്ടെ മാസങ്ങൾ നീണ്ടുനിന്നതായിരിക്കും എന്നതിലും സംശയിക്കേണ്ടതില്ല. എൻ.ഐ.എയും മറ്റ് കേന്ദ്ര ഏജൻസികളും നടത്തുന്ന അന്വേഷണത്തിലൂടെ ഭയപ്പെടുത്തുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. പ്രാഥമിക അന്വേഷണവും ഫോറൻസിക് തെളിവുകളും ഇന്റലിജൻസ് വിവരങ്ങളും സ്ഫോടനത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന് ഡൽഹി പൊലീസ് യു.എ.പി.എ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ന്യൂഡൽഹിയിലെ സ്ഫോടനത്തിനു പിന്നിലെ ചാവേറെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്റെ ആദ്യ ചിത്രവും പുറത്തുവന്നിരിക്കുകയാണ്. ചെങ്കോട്ടയ്ക്കു സമീപം പൊട്ടിത്തെറിച്ച വെള്ള നിറമുള്ള ഹരിയാന രജിസ്ട്രേഷൻ ഐ 20 കാറിന്റെ ഉടമയാണ് ഉമർ.
ജമ്മുകാശ്‌മീരിലെ പുൽവാമയിൽ 1989- ൽ ജനിച്ച ഉമർ അൽഫലാ മെഡിക്കൽ കോളേജിലെ ഡോക്ടറാണ്. സമൂഹത്തിൽ നല്ല നിലയിലുള്ള ജോലികളിലിരിക്കുന്ന വിദ്യാസമ്പന്നരെ കണ്ടെത്തി ഭീകരസംഘത്തിന്റെ ഭാഗമാക്കുന്ന ഒരു പുതിയ രീതി ഭീകര സംഘടനകൾ കുറെക്കാലമായി നടപ്പാക്കിവരികയാണ്. വൈറ്റ് കോളർ ടെറർ മൊഡ്യൂൾ എന്നാണ് ഇത് വിളിക്കപ്പെടുന്നത്. ഇങ്ങനെയുള്ളവരെ ജനങ്ങളും പൊലീസും മറ്റ് അന്വേഷണ ഏജൻസികളും സംശയത്തോടെ വീക്ഷിക്കാറില്ല എന്നതാണ് ഇവരെ കരുക്കളാക്കാൻ ഭീകര സംഘടനകളെ പ്രേരിപ്പിക്കുന്നത്. ഈ സംഘത്തിൽപ്പെട്ട രണ്ടുപേർ അടുത്തിടെ അറസ്റ്റിലായിരുന്നു. ഇവരുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഉമർ, ഫരീദാബാദിൽ നിന്ന് രക്ഷപ്പെടുകയായിരുന്നെന്നും അതേത്തുടർന്ന് ഡൽഹിയിൽ സ്ഫോടനം നടത്തുകയായിരുന്നു എന്നുമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന സൂചനകൾ. ഉമറാണ് വാഹനം ഓടിച്ചിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. ഈ വാഹനം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിംഗ് സ്ഥലത്ത് മൂന്ന് മണിക്കൂറിലധികം പാർക്ക് ചെയ്തിരുന്നു. വൈകിട്ട് 3.19-ന് എത്തിയ കാർ 6.30-നാണ് ഇവിടെ നിന്ന് പുറപ്പെട്ടതെന്ന് സി.സി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ജയ് ഷേ മുഹമ്മദ് ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുള്ള മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ എട്ടുപേരെ ജമ്മുകാശ്‌മീർ പൊലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തെത്തുടർന്ന് ഫരീദാബാദിൽ നിന്ന് 2900 കിലോ സ്ഫോടകവസ്തുക്കളും കണ്ടെടുക്കുകയുണ്ടായി. അതുപോലെ, കഴിഞ്ഞ ഞായറാഴ്ച ഗുജറാത്തിലെ ഗാന്ധിനഗറിൽ ഹൈദരാബാദ് സ്വദേശിയായ ഡോക്ടറെയും രണ്ട് സഹായികളെയും ഭീകരവിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു. സ്ഫോടക വസ്തുക്കളിൽ ഉപയോഗിക്കാനുള്ള മാരക സാമഗ്രികൾ നിർമ്മിക്കാനുള്ള നീക്കത്തിലായിരുന്നു ഇവർ. ഇത്തരം സംഘങ്ങളുടെ അറസ്റ്റും ഡൽഹി സ്ഫോടനവുമായി ബന്ധമുണ്ടോ എന്നതൊക്കെ വിശദമായ അന്വേഷണത്തിൽ പുറത്തുവരേണ്ട കാര്യങ്ങളാണ്.
സ്ഫോടനത്തിൽ ഇതുവരെ 12 പേർ മരിച്ചതായാണ് ഔദ്യോഗിക വെളിപ്പെടുത്തൽ. 24 പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. ഡൽഹി സ്ഫോടനം ഉള്ളുലച്ചുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഫോടനം നടന്ന സ്ഥലം രാത്രിയിൽ തന്നെ സന്ദർശിച്ചു. ഡൽഹിയിൽ അദ്ദേഹം ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. സ്ഫോടനത്തിനു പിന്നിലുള്ളവരെ തുറന്നുകാട്ടുന്നതിനൊപ്പം ആസൂത്രണത്തിന്റെ വേരുകൾ പാകിസ്ഥാനിലേക്ക് നീളുന്നുണ്ടോ എന്നതും ജനങ്ങൾക്ക് പ്രകടമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അറിയേണ്ട കാര്യമാണ്. അന്തർ സംസ്ഥാന ഭീകര ശൃംഖല രാജ്യത്തിനുള്ളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് സംശയം ഉയർത്തുന്നതാണ് ന്യൂഡൽഹി സ്ഫോടനം. അതിനാൽ തന്ത്രപ്രധാന മേഖലകളിലും തിരക്കേറിയ സ്ഥലങ്ങളിലും അതീവ ജാഗ്രത തുടരേണ്ടത് അനിവാര്യമാണ്.
പല രംഗങ്ങളിലും വലിയ കുതിച്ചുചാട്ടം നേടുന്ന ഒരു വേളയിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. സാമ്പത്തിക രംഗത്ത്, ഗൂഗിൾ ഉൾപ്പെടെ ലോകത്തെ മുൻനിര ബഹുരാഷ്ട്ര കമ്പനികൾ നിക്ഷേപകരാകാൻ തയ്യാറെടുക്കുന്നു. ഈ സന്ദർഭത്തിൽ ഇന്ത്യ ഒട്ടും സുരക്ഷിതമല്ലെന്ന് തെളിയിക്കേണ്ടത് നിക്ഷേപം നഷ്ടപ്പെടുന്ന രാജ്യങ്ങളുടെ കൂടി ആവശ്യമാണ്. ഭീകരരിലേക്ക് പണം ഒഴുകിവരുന്ന വഴികൾ പലപ്പോഴും പൂർണമായും കണ്ടെത്തപ്പെടാറില്ല. പഹൽഗാം ഭീകരാക്രമണത്തിന്റെ നീറ്റൽ മാറുന്നതിനു മുമ്പ് ഡൽഹിയിലും നിരപരാധികളുടെ ശവശരീരങ്ങൾ റോഡിൽ ഛിന്നഭിന്നമായി കിടക്കേണ്ടിവന്നത് രാജ്യത്തിന് പകരുന്ന വേദന ചെറുതല്ല. ഇതിന്റെ പേരിൽ രാജ്യത്ത് വിദ്വേഷവും വെറുപ്പും കൂടുതൽ വളർത്താനുള്ള മുതലെടുപ്പ് ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. സോഷ്യൽ മീഡിയയിലൂടെ തികച്ചും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെടാൻ ഇടയാകരുത്.
ആളിക്കത്തിക്കുന്ന ചേരിതിരിവുകൾ യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധയകറ്റാനും വെറുപ്പിന്റെ യഥാർത്ഥ മുഖങ്ങൾ രക്ഷപ്പെടാനുമേ ഇടയാക്കൂ ഇതിനേക്കാൾ വലിയ ആക്രമണങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച ചരിത്രമാണ് നമ്മുടെ നാടിനുള്ളത്. ഒളിപ്പോര് നടത്തിയാൽ തകരുന്നതല്ല സുശക്തമായ ഇന്ത്യയുടെ അഖണ്ഡത. ലോകത്തിലെ തന്നെ ഏറ്റവും വലിയ ശക്തികളിലൊന്നായി അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഭാരതത്തിന്റെ വിജയപാതയിലെ കല്ലുകളും മുള്ളുകളും മാത്രമാണ് ഇത്തരം ഭീകരാക്രമണങ്ങൾ. അതിനാൽ കൂടുതൽ ജാഗ്രതയോടെയും ശ്രദ്ധയോടെയും ഭാരതം മുന്നോട്ടുതന്നെ പോകണമെന്ന മുന്നറിയിപ്പ് കൂടിയാണ് ഡൽഹി സ്ഫോടനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |