SignIn
Kerala Kaumudi Online
Friday, 26 April 2024 6.34 AM IST

ഡിജിറ്റൽ വാർത്തയും സ്വാതന്ത്ര്യവും

photo

സ്വാതന്ത്ര്യമെന്നാൽ പരിമിതികളും അതിരുകളും ഇല്ലാത്തത് എന്നല്ല അർത്ഥം. സ്വാതന്ത്ര്യ‌ത്തിന്റെ അർത്ഥം കൂടുതൽ ശോഭമാനമാക്കാൻ സഹായിക്കുന്നത് അതിന്റെ അതിരുകളാണ്. അപരിമേയമായ സ്വാതന്ത്ര്യം എന്നൊന്ന് ഇല്ല. ഓരോ രാജ്യത്തിനും അതിന്റേതായ ഭരണഘടനയും നിയമവ്യവസ്ഥകളുമുണ്ടാകും. ഇതൊക്കെ മനുഷ്യന്റെ സ്വാതന്ത്ര്യ‌ത്തിന് തടസമാണെന്ന് വാദിക്കുന്നതിൽ കഴമ്പില്ല. വിലക്കുകളില്ലാത്ത സ്വാതന്ത്ര്യം എവിടെയായാലും അരാജകത്വത്തിനേ ഇടയാക്കൂ. രാജ്യത്തെ പ്രിന്റ് മീഡിയയും ദൃശ്യമാദ്ധ്യമങ്ങളും പ്രവർത്തിക്കുന്നതിന് ലൈസൻസും നിയമങ്ങളും ബാധകമാണ്. മാദ്ധ്യമ സ്വാതന്ത്ര്യമെന്നത് എന്തും എഴുതാനുള്ള സ്വാതന്ത്ര്യമല്ല. മറ്റ് മതവിഭാഗങ്ങളുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന അഭിപ്രായം നടത്താൻ പൗരനെ ഭരണഘടന അനുവദിച്ചിട്ടില്ല. ഡിജിറ്റൽ വാർത്താമാദ്ധ്യമങ്ങൾക്ക് നിലവിൽ കൃത്യമായ നിയന്ത്രണങ്ങൾ ഇല്ല. അതുകൊണ്ടുതന്നെ ഏത് വ്യാജ വാർത്തയും പടച്ചുവിടുന്നത് തങ്ങളുടെ അവകാശമാണെന്ന മട്ടിലുള്ള ഉത്തരവാദിത്വബോധമില്ലാത്ത പ്രവർത്തനങ്ങൾ പലരും തുടരുന്നു. വ്യക്തിഹത്യ മുതൽ രാജ്യത്തെ അടിസ്ഥാനമില്ലാതെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ വരെ ഡിജിറ്റൽ മാദ്ധ്യമങ്ങളിലൂടെ നടത്തുന്നവർ കുറവല്ല. ഇതിനൊരു നിയന്ത്രണമുണ്ടാകേണ്ടത് രാജ്യത്തിന്റെ സുസ്ഥിരമായ നിലനില്പിന് അനിവാര്യമാണ്.

കേന്ദ്ര വാർത്താവിതരണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂ‌ർ അടുത്തിടെ കോഴിക്കോട്ട് നടത്തിയ യോഗത്തിൽ എഡിറ്റർമാർ പ്രധാനമായും ഉന്നയിച്ച ആവശ്യങ്ങളിലൊന്ന് ഡിജിറ്റൽ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം വേണമെന്നതായിരുന്നു. ഇക്കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്ന സൂചന മന്ത്രി നൽകുകയും ചെയ്തിരുന്നു. നിലവിൽ ആർക്കു വേണമെങ്കിലും ഓൺലൈൻ മാദ്ധ്യമങ്ങൾ തുടങ്ങാം. അതിൽ പ്രചരിപ്പിക്കുന്ന ഉള്ളടക്കത്തിൽ ആർക്കും ഒരു നിയന്ത്രണവുമില്ല. അഭ്യൂഹങ്ങളും കിംവദന്തികളും യാതൊരു തെളിവിന്റെയും അടിസ്ഥാനമില്ലാതെ പ്രചരിപ്പിക്കുന്ന രീതിയാണ് ഇതിൽ ഭൂരിപക്ഷം പേരും പിന്തുടരുന്നത്. ഇല്ലാക്കഥകൾക്ക് ലൈക്കും കമന്റുമൊക്കെ കൂടുമെന്നതിനാൽ വ്യാജവാർത്താ നിർമ്മാണ ഫാക്ടറികളായി ചില ഓൺലൈൻ മാദ്ധ്യമങ്ങൾ മാറിയിരിക്കുന്നു. ഇങ്ങനെ വ്യാജവാർത്തകൾ പ്രചരിക്കുന്നത് കണക്കിലെടുത്ത് അവയ്ക്ക് കടിഞ്ഞാണിടാൻ കേന്ദ്ര സർക്കാർ പുതിയ നിയമഭേദഗതിക്ക് ഒരുങ്ങുകയാണെന്ന് വാർത്തകൾ വന്നിരിക്കുന്നു. ഡിജിറ്റൽ വാർത്താ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാനും നിയമലംഘനത്തിന് ശിക്ഷിക്കാനും വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി ബിൽ കൊണ്ടുവരാനാണ് നീക്കം. 2019ൽ ഡിജിറ്റൽ വാർത്താ മാദ്ധ്യമങ്ങളെ ഐ.ടി നിയമത്തിന്റെ പരിധിയിലാക്കാൻ കൊണ്ടുവന്ന ബിൽ മാറ്റങ്ങളോടെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് നീക്കം. അച്ചടി ദൃശ്യമാദ്ധ്യമങ്ങൾക്കുള്ള രജിസ്ട്രേഷനും നിയന്ത്രണങ്ങളും ഡിജിറ്റൽ വാർത്താ പോർട്ടലുകൾക്കും ബാധകമാക്കുന്നതാവും ബിൽ. ഇതനുസരിച്ച് അച്ചടക്കലംഘനം നടത്തുന്ന ഡിജിറ്റൽ മാദ്ധ്യമങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്യാം. പിന്നീട് അവർക്ക് ഇന്ത്യയിൽ പ്രവർത്തിക്കാനാവില്ല. ഡിജിറ്റൽ മാദ്ധ്യമങ്ങളുടെ പിന്നിൽ ദേശവിരുദ്ധ ശക്തികൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് തിരിച്ചറിഞ്ഞ് തടയാനും ഈ ബില്ലിന്റെ പിൻബലത്തിൽ സർക്കാരിന് കഴിയും. സത്യസന്ധമായ വാർത്തകളുടെ അടിസ്ഥാനത്തിൽ സർക്കാരിനെ വിമർശിക്കുന്നതിൽ ഒരു തെറ്റുമില്ല. പക്ഷേ സർക്കാരിനെ വിമർശിക്കാൻ വേണ്ടിമാത്രം വ്യാജവാർത്തകൾ ചമയ്ക്കുക എന്നത് തടയപ്പെടേണ്ടതു തന്നെയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DIGITAL NEWS AND FREEDOM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.