SignIn
Kerala Kaumudi Online
Sunday, 28 April 2024 8.07 PM IST

അസംബന്ധ വിജ്ഞാപനം

photo

വന്യമൃഗങ്ങളെ വേട്ടയാടുന്നത് പഴയകാലത്ത് രാജാക്കന്മാരുടേയും ബ്രിട്ടീഷുകാരുടെയും മറ്റും പ്രധാന മൃഗയാവിനോദങ്ങളിൽ ഒന്നായിരുന്നു. അന്നൊക്കെ ജനസംഖ്യ കുറവായിരുന്നു. കാടിന്റെ വിസ്‌തൃതിയാകട്ടെ വളരെ കൂടുതലും. കാലം മാറിയപ്പോൾ വന്യമൃഗങ്ങളെ സംരക്ഷിക്കാൻ നിയമം വന്നു. ഇപ്പോൾ സൽമാൻഖാൻ ആയാലും മാനിനെ വേട്ടയാടിയാൽ അകത്താകും. വന്യമൃഗങ്ങളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതേസമയം ഇതേനിയമം നാട്ടിൽ കഴിയുന്ന മറ്റ് ജീവികൾക്കും ബാധകമാക്കിയാൽ ജനങ്ങൾക്ക് ജയിലിൽ കിടക്കാനേ സമയം കാണൂ. ഇത്തരം ആശങ്ക ജനിപ്പിക്കുന്ന ഒരു വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കിയിരിക്കുകയാണ്.

കാക്കകളും വവ്വാലുകളും എലികളും മറ്റും ധാരാളമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇവയെ ഷെഡ്യൂൾ രണ്ടിലാക്കിയാണ് കേന്ദ്രം വിജ്ഞാപനമിറക്കിയത്. അതിന്റെ അർത്ഥം ഇനി അവയെ കൊന്നാൽ മൂന്ന് വർഷം തടവും 25,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമായി കണക്കാക്കുമെന്നാണ്. പാർലമെന്റ് പാസാക്കിയ വന്യമൃഗസംരക്ഷണ നിയമഭേദഗതി പ്രകാരം സംരക്ഷിത പട്ടികയായ ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെടുന്ന ജീവികളെ അനുവാദമില്ലാതെ കൊല്ലാൻ പാടില്ല. കടുവയെയും പുലിയെയുമൊക്കെ ഇതിൽ ഉൾപ്പെടുത്തുന്നത് മനസിലാക്കാം. പക്ഷേ എലിയെക്കൂടി അതിൽ ഉൾപ്പെടുത്തിയാലോ? അത്തരമൊരു അസംബന്ധമാണ് പുതിയ വിജ്ഞാപനത്തിലൂടെ നടന്നിരിക്കുന്നത്. വിളകൾ നശിപ്പിക്കുകയും രോഗങ്ങൾ പരത്തുകയും ചെയ്യുന്ന വെർമിൻ ജീവികൾ അടങ്ങിയ അഞ്ചാം ഷെഡ്യൂളിലായിരുന്നു നേരത്തെ കാക്കയും വവ്വാലും എലിയും മറ്റും. കൊല്ലാൻ മനുഷ്യന് അനുമതിയുണ്ടായിരുന്ന ജീവികളാണവ. അനുമതിയുണ്ടെന്നും പറഞ്ഞ് കേരളത്തിൽ ആരും കാക്കയെ കൊല്ലാറില്ല. നിപ്പ വന്നതിന് ശേഷം ആളുകൾക്ക് വവ്വാലിനെ പേടിയാണ്. പക്ഷേ മിക്കവാറും വീടുകളിലും കൃഷിയിടങ്ങളിലും എലിയെയും പെരുച്ചാഴിയെയും മറ്റും എലിവിഷം നൽകിയും കെണിവച്ചും കൊല്ലാറുണ്ട്. ഇവയുടെ ശല്യം സഹിക്കവയ്യാതെ വരുമ്പോഴാണിത്. ഇതിനെതിരെ കേസെടുക്കുമെന്ന് വന്നാൽ കുടുംബ കലഹത്തിന്റെ മറവിൽ ഭാര്യ ഭർത്താവിനെതിരെയും തിരിച്ചും പുതിയ വിജ്ഞാപനം ദുരുപയോഗം ചെയ്യാം. പോക്‌സോ കേസുകൾ വ്യക്തിവിരോധത്തിന് ഉപയോഗിക്കപ്പെട്ട നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്.

മനുഷ്യന്റെ സ്വൈരജീവിതം തടയുന്ന ഇത്തരം നിയമങ്ങൾ വീണ്ടുവിചാരമില്ലാതെ നടപ്പാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാനുള്ള വിവേകമാണ് ഭരണകൂടങ്ങൾ കാണിക്കേണ്ടത്. അതിനാൽ കാക്കയെയും എലിയെയും മറ്റും ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെടുത്തിയ വിജ്ഞാപനം അടിയന്തരമായി റദ്ദാക്കണം. ഇവയുടെ കാര്യത്തിൽ നേരത്തെയുള്ള സ്ഥിതി പുനഃസ്ഥാപിക്കുകയാണ് വേണ്ടത്. ഇതേ വിജ്ഞാപനത്തിൽത്തന്നെ രണ്ടാം ഷെഡ്യൂളിലെ ജീവികൾ മനുഷ്യനെയോ വിളകളെയോ കന്നുകാലികളെയോ ആക്രമിക്കുകയോ അവ അനിയന്ത്രിതമായി പെരുകുകയോ ചെയ്താൽ അവയെ വെർമിൻ വിഭാഗത്തിൽ ഉൾപ്പെടുത്തി കൊല്ലാൻ സംസ്ഥാന വൈൽഡ് ലൈഫ് ബോർഡുകൾക്ക് കേന്ദ്ര സർക്കാരിന് അപേക്ഷ സമർപ്പിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഇത് കണക്കിലെടുത്ത് സംസ്ഥാന സർക്കാർ അടിയന്തരമായി അപേക്ഷനൽകി ഇവയെ സംസ്ഥാനത്ത് വെർമിൻ വിഭാഗത്തിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണം. വേണ്ട സമയത്ത് കാര്യങ്ങൾ ചെയ്യാതിരുന്ന് കേരളത്തെ കുഴിയിൽ ചാടിക്കുക എന്നത് ഉദ്യോഗസ്ഥരുടെ സ്ഥിരം പരിപാടിയാണ്. ഇക്കാര്യത്തിൽ അതുണ്ടാകാതിരിക്കാൻ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ശ്രദ്ധിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DONT KILL RAT AND CROWS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.