കാശുണ്ടെങ്കിൽ എത്ര ലക്ഷങ്ങളോ കോടികളോ മുടക്കി, ഏത് ആഡംബര വാഹനവും വാങ്ങാം. പക്ഷേ, അത് പൊതുനിരത്തിലിറക്കണമെങ്കിൽ അംഗീകൃത ഡ്രൈവിംഗ് ലൈസൻസ് വേണം. ഡ്രൈവിംഗ് പഠനം പാതിവഴിയിലാകുമ്പോഴേ, എങ്ങനെ ചുളുവിൽ ലൈസൻസ് സംഘടിപ്പിക്കാമെന്നാവും പലരുടെയും ചിന്ത. ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരും, ടെസ്റ്റിന് മേൽനോട്ടം വഹിക്കുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റുകളെക്കുറിച്ചുള്ള പരാതികൾ പണ്ടേയുള്ളതാണ്. ടെസ്റ്റ് ഗ്രൗണ്ടിൽ എട്ടും എച്ചുമൊന്നും എടുക്കാതെയും, അതൊക്കെ ഒരുകണക്കിന് ഒപ്പിച്ച് എടുത്തും ലൈസൻസ് തരപ്പെടുത്താനുള്ള കുറുക്കുവഴികളും കുപ്രസിദ്ധമാണ്. ഇങ്ങനെ ഉദാരമനസ്കരായി ഒരുദിവസം നൂറുകണക്കിന് ഡ്രൈവിംഗ് ലൈസൻസുകൾ അനുവദിക്കുന്ന ഉദ്യോഗസ്ഥ വിളയാട്ടം ഈയിടെയാണ് ഗതാഗത മന്ത്രിയുടെ പ്രത്യേക ശ്രദ്ധയിൽപ്പെട്ടത്!
കൂടിയ അളവിൽ കാര്യശേഷിയുള്ള ഇത്തരം ഉദ്യോഗസ്ഥർക്ക് ക്ളിപ്പിടാൻ തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒരു സൂപ്പർ ടെസ്റ്റ് നടന്നു. ദിവസം നൂറിലധികം ലൈസൻസ് അനുവദിച്ച ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി, അവരെ മുട്ടത്തറ ടെസ്റ്റിംഗ് ഗ്രൗണ്ടിലെത്തിച്ചായിരുന്നു വിചാരണ! അവരുടെ ഈ മിടുക്ക് മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ബോദ്ധ്യപ്പെടുത്തണം. നിശ്ചിത സമയത്തിനകം നൂറ് ടെസ്റ്റ് വിജയകരമായി നടത്താത്തവർക്കെതിരെ കർശന നടപടി! പക്ഷേ, ഈ സൂപ്പർ ടെസ്റ്റ് ദിവസം ലൈസൻസ് എടുക്കാനെത്തിയ 98 പേരിൽ ആകെ പാസായത് 15 പേരാണ്. തോറ്റത് ലൈസൻസ് എടുക്കാനെത്തിയവരല്ല, വാരിക്കോരി ലൈൻസ് നല്കിയിരുന്ന ഉദ്യോഗസ്ഥരാണെന്ന് ചുരുക്കം. ഈ ടെസ്റ്റിന്റെ റിപ്പോർട്ട് മുതിർന്ന ഉദ്യോഗസ്ഥർ മന്ത്രിക്ക് നേരിട്ട് സമർപ്പിച്ചിരിക്കുകയാണ്. നടപടി വഴിയേ വരും.
പൊതുനിരത്തിൽ വാഹമോടിക്കാനുള്ള അനുമതിപത്രമാണ് ഡ്രൈവിംഗ് ലൈസൻസ്. തന്റെ മാത്രമല്ല, മറ്റു വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെയും, കാൽനടക്കാരുടെയുമൊക്കെ ജീവന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം കൂടി ലൈസൻസ് ഉടമയ്ക്കുണ്ട്. വാഹനം കൈകാര്യം ചെയ്യാനുള്ള ശേഷി മാത്രമല്ല, റോഡ്- ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള മികച്ച ധാരണയും, റോഡിലെ ഏതു സാഹചര്യവും നേരിടാനുള്ള മനസ്സാന്നിദ്ധ്യവുമൊക്കെ ടെസ്റ്റിൽ പരീക്ഷിക്കപ്പെടണം. അപ്പോൾ, അതിന് അതിന്റേതായ സമയം വേണ്ടിവരും. എന്തായാലും, രാവിലെ മുതൽ ഉച്ചവരെ നടക്കുന്ന ടെസ്റ്റിനിടെ അപേക്ഷകരിൽ നൂറു പേരുടെ ശേഷിയും മികവും പരിശോധിച്ച് ഉറപ്പിക്കാനാവില്ലെന്ന് തീർച്ച. അപ്പോൾ ഇതുവരെ നടന്നതോ? അതാണ് മറിമായം!
പൊതുനിരത്തുകളിൽ വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങൾക്ക് പ്രധാന കാരണങ്ങളിലൊന്ന്, ഡ്രൈവർമാർക്ക് വാഹനം കൈകാര്യം ചെയ്യുന്നതിലുള്ള പ്രാപ്തിക്കുറവു തന്നെയാണ്. ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ളവർക്കു തന്നെ, സ്വന്തം വണ്ടിയെക്കുറിച്ചോ സുരക്ഷിത ഡ്രൈവിംഗിനെക്കുറിച്ചോ വലിയ പിടിപാടൊന്നും ഉണ്ടാകണമെന്നില്ല. ഇപ്പോൾ തലസ്ഥാനത്തു നടന്ന സൂപ്പർ ടെസ്റ്റ് മറ്റു കേന്ദ്രങ്ങളിൽക്കൂടി വൈകാതെ നടപ്പാക്കണം. സംശയകരമായ കാര്യശേഷിക്കൂടുതൽ പ്രകടിപ്പിക്കുന്നവരെ കൈയോടെ പിടികൂടുകയും വേണം. മന്ത്രിക്കു ലഭിച്ച റിപ്പോർട്ടിന്മേൽ ഈ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുക മാത്രമല്ല, അവർ നല്കിയ ലൈസൻസുകൾ അടിയന്തരമായി റദ്ദാക്കുകയും വേണം. കാശുകൊടുത്തോ കുറുക്കുവഴിയിലോ കൈക്കലാക്കാനുള്ളതല്ല ഡ്രൈവിംഗ് ലൈസൻസ് എന്ന തിരിച്ചറിവ് പൊതുജനങ്ങൾക്കും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |