കേരളത്തിൽ വന്യമൃഗശല്യം ഏറ്റവും രൂക്ഷമായ രണ്ട് ജില്ലകളാണ് വയനാടും ഇടുക്കിയും. വയനാട്ടിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ കടുവയുടെ ആക്രമണത്തിൽ മാത്രം എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഏറ്റവും ഒടുവിൽ കടുവയുടെ ആക്രമണത്തിൽ വയനാട്ടിൽ വനം വകുപ്പ് താത്‌കാലിക വാച്ചറുടെ ഭാര്യയായ ആദിവാസി സ്‌ത്രീയാണ് മരണമടഞ്ഞത്. പഞ്ചാരക്കൊല്ലിയിലെ പ്രിയദർശിനി എസ്‌റ്റേറ്റിനു സമീപം കാപ്പിക്കുരു പറിക്കുകയായിരുന്ന ഇവരെ പതിയിരുന്ന കടുവ ആക്രമിക്കുകയായിരുന്നു. ഓരോ തവണ വന്യജീവി ആക്രമണമുണ്ടാകുമ്പോഴും മൃതദേഹവുമായി ജനങ്ങൾ വലിയ പ്രതിഷേധമുയർത്തും. എന്നാൽ കാടിറങ്ങുന്ന മൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ എന്താണ് വഴിയെന്ന് നാട്ടുകാർ ഉയർത്തുന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ വനം വകുപ്പിനും സർക്കാരിനും ഇതുവരെ കഴിഞ്ഞിട്ടില്ല.
നാട്ടിലിറങ്ങുന്ന വന്യജീവികളെ കൊല്ലാൻ നാട്ടിൽ നിയമമില്ല. കെണിവച്ചോ കൂട് വച്ചോ പിടിക്കാം. ഇങ്ങനെ വന്യമൃഗങ്ങളെ- പ്രത്യേകിച്ച്, കടുവയെ പിടിക്കാൻ കൂട് വച്ചിരിക്കുന്ന ഒരു നാട്ടിൽ പ്രദേശവാസികൾക്ക് എങ്ങനെ സമാധാനത്തോടെ കിടന്നുറങ്ങാനാവും? കുഞ്ഞുങ്ങളും കുട്ടികളുമൊക്കെയായി കേരളത്തിന്റെ മലയോര പ്രദേശങ്ങളിൽ വസിക്കുന്ന കുടുംബങ്ങൾ അനുഭവിക്കുന്ന വന്യമൃഗശല്യത്തിന്റെ രൂക്ഷത അത് അനുഭവിക്കുന്നവർക്കു മാത്രമേ പൂർണമായി അറിയാനാകൂ. വന്യജീവി ആക്രമണങ്ങളിൽ വയനാട്ടിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ പൊലിഞ്ഞത് അറുപത് ജീവനുകളാണ്. ഇവരിൽ 51 പേരെ കൊന്നത് കാട്ടാനകളാണ്. മനുഷ്യജീവനു പുറമെ, കാട്ടാനകളുടെ ആക്രമണത്തിൽ നിരവധി വീടുകളും വാഹനങ്ങളും തകർന്നിട്ടുണ്ട്. ഹെക്ടർ കണക്കിന് ഭൂമിയിൽ കൃഷിനാശവും സംഭവിക്കുന്നു.
വന്യജീവികളുടെ എണ്ണം കാടിന് താങ്ങാവുന്നതിലും അധികമായതാണ് ഇത്തരം ആക്രമണങ്ങൾ നിരന്തരം ആവർത്തിക്കാനിടയാക്കുന്നതെന്ന് ചില വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത് സ്ഥിരീകരിക്കാൻ വസ്തുനിഷ്ഠമായ പഠനം ഇനിയും നടന്നിട്ടില്ല. പഴയ കാലത്തെ അപേക്ഷിച്ച് കൂടുതൽ വന്യമൃഗങ്ങൾ കാടിറങ്ങുന്നു എന്നത് മലയോര ജനങ്ങൾ നേരിൽ അഭിമുഖീകരിക്കുന്ന യാഥാർത്ഥ്യമാണ്. ഓരോ ദുരന്തത്തിനും ശേഷമുള്ള താത്‌കാലിക നടപടികൾ മാത്രമാണ് നിലവിൽ നടക്കുന്നത്. ഇത് പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കില്ല എന്ന ചിന്തയിൽ നിന്നാണ് മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ വ്യവസ്ഥകൾക്കു വിധേയമായി കൊല്ലാൻ കേന്ദ്രാനുമതി തേടാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. നിലവിൽ നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ കൊല്ലാൻ മാത്രമേ അനുമതിയുള്ളൂ. അതത് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരാണ് കാട്ടുപന്നികളെ ഉപാധിയോടെ കൊല്ലാൻ അനുവദിക്കുന്നത്. എന്നാൽ ഇങ്ങനെ കൊന്ന പന്നിയെ കറിവച്ച് തിന്നാൽ അകത്താകും. മണ്ണെണ്ണയൊഴിച്ച് കത്തിച്ച് കുഴിച്ചിടണമെന്നാണ് നിയമം.
കാട്ടുപന്നിയെ കൊല്ലുന്ന മാതൃകയിൽ കുരങ്ങുകൾ, മുള്ളൻപന്നി തുടങ്ങിയവയെ കൊല്ലാനാണ് കേന്ദ്രത്തിന്റെ അനുമതി തേടുന്നത്. ഏതൊരു ജീവിയെയും ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ, നിയമത്തിലെ ഉപാധികൾ പാലിക്കാതെ കൊല്ലാൻ കഴിയും. ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരം വന്യജീവി സംരക്ഷണ നിയമത്തിലെ 62-ാം വകുപ്പ് പ്രകാരം കേന്ദ്ര സർക്കാരിനു മാത്രമാണ്. വന്യജീവി ആക്രമണത്തിൽ കേരളത്തിലെ വനാതിർത്തിയിൽ കഴിയുന്ന ജനങ്ങൾ അനുഭവിക്കുന്ന ദുരിതം കേരളത്തിൽ നിന്നുള്ള പ്രത്യേക സംഘം കേന്ദ്ര സർക്കാരിനെ വസ്തുവിവര കണക്കുകളുടെ പിൻബലത്തോടെ ബോദ്ധ്യപ്പെടുത്തണം. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന വന്യജീവികളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവിടാൻ നിയമമുണ്ട്. പക്ഷേ വന്യജീവി ജനവാസകേന്ദ്രത്തിലാണെന്നും അപകടകാരിയാണെന്നും ജില്ലാ മജിസ്ട്രേട്ടിന്റെ റിപ്പോർട്ട് ലഭിക്കണം. ഇതൊക്കെ വരുന്നതുവരെ ഒരു വന്യജീവിയും നിന്നിടത്ത് നിൽക്കില്ലെന്നത് നാട്ടുകാർക്ക് അറിയാവുന്ന കാര്യമാണ്. ഇത്തരം അപ്രായോഗികതകൾ ഒഴിവാക്കിയുള്ള നിയമമാണ് ഇനി വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |