SignIn
Kerala Kaumudi Online
Friday, 25 July 2025 5.50 PM IST

ഏതോ ജന്മകല്പനയിൽ

Increase Font Size Decrease Font Size Print Page

hh

എക്കാലവും ഓർമ്മയിൽ തങ്ങിനില്‌ക്കുന്ന ഭാവാർദ്രമായ ഗാനങ്ങൾ ആലപിച്ചാണ് ശ്രോതാക്കളുടെ പ്രിയങ്കരിയായ ഗായിക വാണി ജയറാം യാത്രയായത്. രാജ്യം പദ്മഭൂഷൺ ബഹുമതി പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് ഏവരിലും വേദനയുളവാക്കുന്ന ആ വിയോഗം. ജന്മംകൊണ്ട് മലയാളിയല്ലെങ്കിലും കേരളം എന്നും അവരെ മലയാളി ഗായികയായിട്ടാണ് സ്വീകരിച്ചത്. ചലച്ചിത്രഗാനശാഖയിലെ ഒരു സുവർണ കാലഘട്ടത്തിന്റെ മായാത്ത സ്വരമാധുര്യമായിരുന്നു പി.സുശീലയും എസ്. ജാനകിയും വാണിജയറാമും. ആ കണ്ണിയിൽ നിന്ന് ആദ്യമായി ഒരു പാട്ടുപക്ഷി യാത്രയായിരിക്കുന്നു.

മലയാളം, തമിഴ്, കന്നട, തെലുങ്ക്, മറാത്തി, ഹിന്ദി തുടങ്ങി

വിവിധഭാഷകളിൽ പതിനായിരത്തിലധികം പാട്ടുകൾ പാടിയ വാണി ജയറാം മൂന്നുതവണ മികച്ച ഗായികയ്ക്കുള്ള

ദേശീയ അംഗീകാരം കരസ്ഥമാക്കിയിരുന്നു. ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ ആദ്യമായി നിർമ്മിച്ച സ്വപ്നം എന്ന ചിത്രത്തിൽ പ്രിയകവി ഒ.എൻ.വി എഴുതി പ്രശസ്ത സംഗീത സംവിധായകൻ സലിൽ ചൗധരി ഈണമിട്ട 'സൗരയൂഥത്തിൽ വിടർന്നോരു 'എന്നു തുടങ്ങുന്ന ഗാനം പാടിയാണ് വാണിജയറാം മലയാളത്തിലേക്ക് വന്നത്. അവർ പാടിയ ഓരോ ഗാനവും ചൈതന്യം തുളുമ്പുന്നതായിരുന്നു. സാധാരണഗതിയിൽ നിന്നും അതീതമായി നിൽക്കുന്ന ഒരു മാന്ത്രികസ്പർശം വാണി ജയറാമിന്റെ പാട്ടുകൾക്കുണ്ടായിരുന്നു, ആസ്വാദകനെ ആ ഗാനങ്ങൾ അനുഭൂതിസാന്ദ്രമായ തലത്തിലേക്ക് കൊണ്ടുപോയി.

1945 ൽ തമിഴ്നാട്ടിലെ വെല്ലൂരിലായിരുന്നു വാണിജയറാമിന്റെ ജനനം. കലൈവാണിയെന്നായിരുന്നു

പേര് .അർത്ഥവത്തായ ആ പേരുപോലെ അവർ കലാരംഗത്ത് ശോഭിച്ചു. അച്ഛൻ ദൊരൈസ്വാമി സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ പത്മാവതിയുടെ സംഗീതവാസനയാണ് മകളിലേക്കും പകർന്നത്. കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ. ബാലസുബ്രഹ്മണ്യൻ, ആർ.എസ്. മണി എന്നിവരായിരുന്നു കർണാടക സംഗീതത്തിലെ വാണിയുടെ ഗുരുക്കന്മാർ. ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനിൽ നിന്നുമാണ് ഹിന്ദുസ്ഥാനി പഠിച്ചത്. ദിവസം പതിനെട്ട് മണിക്കൂർവരെ അർപ്പണമനോഭാവത്തോടെ അവർ സംഗീതം അഭ്യസിച്ചിരുന്നു.

സംഗീതാസ്വാദകനായ മുംബയ് സ്വദേശി ജയറാമിനെ വിവാഹം ചെയ്തതോടെയാണ് വാണിജയറാമിലെ ഗായിക ഉദിച്ചുയർന്നത്. ഉന്നത ഉദ്യോഗസ്ഥനായ ജയറാം സിത്താർ വാദകനുമായിരുന്നു. ഇക്കണോമിക്സ് ബിരുദധാരിയായ വാണി ജയറാം ബാങ്ക് ഉദ്യോഗസ്ഥയായി ജോലിയിൽ പ്രവേശിച്ചെങ്കിലും ഗാനരംഗത്ത് സജീവമായതോടെ ഉദ്യോഗം ഉപേക്ഷിക്കുകയായിരുന്നു. ഉസ്താദ് അബ്ദുൽ റഹ്‌മാൻ ഖാനാണ് ഹിന്ദിയിലെ പ്രശസ്ത സംഗീത സംവിധായകൻ വസന്ത് ദേശായിക്കു വാണി ജയറാമിനെ പരിചയപ്പെടുത്തിയത്. ഹിന്ദി ചലച്ചിത്രലോകത്തെ അതുല്യ പ്രതിഭയായ ഹൃഷികേശ് മുഖർജി തന്റെ ഗുഡ്ഡി എന്ന ചിത്രത്തിൽ പുതിയ ഗായികയെ തേടിയ വേളയായിരുന്നു അത്.. ദേശായി ആ ചിത്രത്തിൽ വാണി ജയറാമിനെ അവതരിപ്പിച്ചു. എക്കാലത്തേയും ഹിറ്റായ 'ബോലേ രെ പപ്പി ഹരാ'ഉൾപ്പെടെ ആ ചിത്രത്തിലെ എല്ലാഗാനങ്ങളും പാടി ഒരു കൊടുങ്കാറ്റു പോലെയായിരുന്നു ഹിന്ദിയിലെ വാണിയുടെ അരങ്ങേറ്റം. മുഹമ്മദ് റഫി മുതൽ പ്രഗത്ഭർക്കൊപ്പം പാടിയെങ്കിലും ഹിന്ദി സംഗീതലോകത്തെ ചില ഗായികമാരുടെ ഏകാധിപത്യ പ്രവണതമൂലം വാണി ജയറാം മറ്റ് ഇന്ത്യൻ ഭാഷകളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. അവിടെയെല്ലാം വാണിജയറാമിലെ ഗായികയ്ക്ക് വൻവരവേൽപ്പാണ് ലഭിച്ചത്. ശങ്കരാഭരണത്തിലെ മാനസഞ്ചരരെ.. പോലെ ഓരോ ഭാഷകളിലും വാണിജയറാം ആലപിച്ച പാട്ടുകാൾ മായാതെ നിൽക്കുന്നു. പാട്ടുപോലെ മനോഹരമായിരുന്നു അവരുടെ പ്രകൃതം. പുതിയ തലമുറയിലെ ഗായകർക്കൊപ്പം വരെ പാടിയ വാണിജയറാം മലയാളത്തിന് സമ്മാനിച്ച ഗാനങ്ങളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു.

വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, തിരുവോണപ്പുലരി തൻ തിരുമുൽക്കാഴ്ച കാണാൻ, ആഷാഢമാസം ആത്മാവിൽ മോഹം, പത്മതീർത്ഥക്കരയിൽ, നാടൻപാട്ടിലെ മൈന, ഒന്നാനാം കുന്നിൻമേൽ, മഞ്ചാടിക്കുന്നിൽ, മഞ്ഞിൽ ചേക്കേറും മകരപ്പെൺപക്ഷി, മഞ്ഞു പൊഴിയുന്നു മാമരം കോച്ചുന്നു, പകൽ സ്വപ്നത്തിൽ പവനുരുക്കും, നിറങ്ങളിൽ നീരാടുന്ന ഭൂമി, ധും ധും തന തന, ഏതോ ജന്മ കൽപ്പനയിൽ,തുടങ്ങി എത്രയെത്ര അനശ്വരഗാനങ്ങൾ.

ഭർത്താവ് ജയറാമിന്റെ വേർപാട് അവരെ വല്ലാതെ തളർത്തിയിരുന്നെങ്കിലും സ്നേഹപൂർണമായ സമ്മർദ്ദങ്ങളാൽ അവർ വീണ്ടും പാടാനെത്തി. മലയാളത്തിൽ അവസാന കാലത്ത് പാടിയ ഓലഞ്ഞാലിക്കുരുവി, പൂക്കൾ പനിനീർപ്പൂക്കൾ, മാനത്തെ മാരിക്കുറുമ്പേ എന്നീ ഗാനങ്ങൾ വാണിജയറാമിന്റെ സ്വരമാധുരിയെ പ്രായം ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നു തെളിയിക്കുന്നതായിരുന്നു. പക്ഷേ ഇത്രയധികം മികച്ച ഗാനങ്ങൾ ആലപിച്ചിട്ടും ഏറ്റവും

നല്ല ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വാണിജയറാമിന് ലഭിക്കാതെ പോയി എന്നത് അവരുടെ നഷ്ടത്തേക്കാൾ കേരളത്തിന്റെ നഷ്ടമായിട്ടേ കാണാൻ കഴിയൂ.

ശ്രുതിശുദ്ധവും ആഴമാർന്നതുമായ സ്വരമായിരുന്നു വാണിജയറാമിന്റേത്. മധുരതരമായ ആ ഗാനങ്ങൾ മലയാളി ഒരിക്കലും മറക്കില്ല. ഇന്ത്യൻ സിനിമാ സംഗീതത്തിനുതന്നെ തീരാനഷ്ടമാണ് ആ വേർപാട്. വാണി ജയറാമിന്റെ സ്മരണകൾക്കു മുന്നിൽ ഞങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.