തിരഞ്ഞടുപ്പ് കമ്മിഷണർമാരുടെ നിയമനം ഭരണത്തിലിരിക്കുന്ന ഭൂരിപക്ഷമുള്ള രാഷ്ട്രീയകക്ഷി തീരുമാനിക്കുക! ഈ രീതി മാറ്റണമെന്നത് നിഷ്‌പക്ഷമായി കാര്യങ്ങൾ നടക്കണമെന്ന് ആഗ്രഹിച്ചിരുന്ന ജനാധിപത്യവാദികളുടെ നിരന്തര ആവശ്യമായിരുന്നു. എന്നാൽ കേന്ദ്രത്തിലെ ഒരു സർക്കാരും അതിന് തയാറായില്ല. തങ്ങളുടെ പാർട്ടിയോടും മുന്നണിയോടും കൂറുള്ളവർ വേണം ആ സ്ഥാനങ്ങളിൽ വരാനെന്ന് എല്ലാകക്ഷികളും ആഗ്രഹിച്ചിരുന്നു. അതിനാലാണ് ഇവരുടെ നിയമനം സംബന്ധിച്ച മാറ്റത്തിന് അവർ തയാറാകാതിരുന്നത്.
തിരഞ്ഞെടുപ്പ് നിഷ്പക്ഷമായി നടത്തുക മാത്രമല്ല കമ്മിഷന്റെ ജോലി. പാർട്ടികളുടെ ഒൗദ്യോഗിക പദവിയിലും ചിഹ്നങ്ങളിലും മറ്റുമുണ്ടാകുന്ന തർക്കങ്ങളിൽ നിർണായകമായ തീരുമാനമെടുക്കുന്നതും കമ്മിഷനാണ്. അതോടൊപ്പം തിരഞ്ഞെടുപ്പ് സമയത്ത് കള്ളപ്പണം പിടിച്ചെടുക്കാനുള്ള അധികാരവും കമ്മിഷനുണ്ട്. ഇതൊക്കെ തികച്ചും നിഷ്പക്ഷമായി നടക്കുന്നെന്ന് ജനങ്ങൾക്ക് ബോദ്ധ്യമാവുന്ന രീതിയിൽ കമ്മിഷൻ പ്രവർത്തിക്കണമെങ്കിൽ അവരുടെ നിയമനരീതി സുതാര്യവും മെരിറ്റ് അടിസ്ഥാനത്തിലുമായിരിക്കണം. ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയം പാടില്ലെന്നാണ് ചട്ടമെങ്കിലും ഉന്നത ഉദ്യോഗസ്ഥരിൽ വലിയൊരു പങ്ക് നിലനില്‌പിനുവേണ്ടി രാഷ്ട്രീയകൂറ് പ്രകടിപ്പിക്കുന്നവരായി മാറിക്കഴിഞ്ഞു. വിരമിച്ചതിന് ശേഷം പല സുപ്രധാന പദവികളും ഇവർക്ക് വന്നുചേരുന്നത് ഇത്തരം കൂറിന്റെ ഭാഗമായാണ്. അനുചിതമായ ഇൗ രീതിയാണ് സുപ്രീംകോടതി ചരിത്രപരമായ ഒരു വിധിയിലൂടെ തിരുത്തിയത്.
ഇനി മുതൽ തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിന് പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുൾപ്പെടുന്ന മൂന്നംഗ സമിതി വേണമെന്നാണ് കെ.എം ജോസഫ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ്. തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ ഇതേ ആവശ്യം കഴിഞ്ഞ 20 വർഷമായി ഉന്നയിച്ചിരുന്നെങ്കിലും ഒന്നും നടന്നിട്ടില്ലെന്നാണ് മുൻ ചീഫ് ഇലക്‌ഷൻ കമ്മിഷണർ എസ്.വെെ ഖുറേഷി വിധിയെ സ്വാഗതം ചെയ്തുകൊണ്ട് പ്രതികരിച്ചത്. ചീഫ് ഇലക്‌ഷൻ കമ്മിഷണറായി നിയമിക്കപ്പെടുന്ന വ്യക്തിയെ മാറ്റാൻ പാർലമെന്റിനേ അധികാരമുള്ളൂ. ജഡ്ജിമാരെ മാറ്റുന്നതിനുള്ള ഇംപീച്ച്മെന്റ് നടപടി അതിനാവശ്യമാണ്. ഭരണകക്ഷിയുടെ ഇഷ്ടക്കാരനായ ഒരാൾ ആ സ്ഥാനത്ത് വന്ന് മറ്റ് കക്ഷികളോട് പക്ഷപാതപരമായി പെരുമാറുകയും തീരുമാനങ്ങളെടുക്കുകയും ചെയ്‌താൽ പോലും ഭരണകക്ഷിയുടെ ആനുകൂല്യമുള്ളിടത്തോളം ഒന്നും ചെയ്യാനാകില്ല. അതേസമയം ഇലക്‌ഷൻ കമ്മിഷൻ അംഗങ്ങളെ ചീഫ് ഇലക്‌ഷൻ കമ്മിഷണറുടെ ശുപാർശയിൽ സർക്കാരിന് മാറ്റാനും അവകാശമുണ്ട്. അങ്ങനെ വരുമ്പോൾ ചീഫ് ഇലക്‌ഷൻ കമ്മിഷനോട് വിയോജിക്കാനുള്ള അംഗങ്ങളുടെ അധികാരം പോലും പരിമിതമാകുന്നു.
ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികൾ രംഗത്ത് വരുന്നത് പരമാവധി ഒഴിവാക്കാൻ ആരെയും ഭയക്കാതെ സത്യസന്ധമായ നിലപാട് സ്വീകരിക്കുന്ന ഇലക്‌ഷൻ കമ്മിഷന് കഴിയും. ടി.എൻ. ശേഷൻ ഇലക്‌ഷൻ കമ്മിഷനായി ഇരുന്നകാലത്താണ് കമ്മിഷന് ഇത്രയും അധികാരങ്ങളുണ്ടോ എന്നുപോലും ജനങ്ങൾ തിരിച്ചറിഞ്ഞത്. സുപ്രീംകോടതിക്ക് അധികാരമില്ലാത്ത ഒരു മേഖലയിൽ കയറിയാണ് ഇൗ വിധി പറഞ്ഞിരിക്കുന്നതെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം പാർലമെന്റിന് മാത്രമാണെന്നുമാണ് വിധിയെ വിമർശിക്കുന്ന വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഏഴു ദശകമായി ഭരണഘടനാശില്‌പികളെ വഞ്ചിക്കുന്ന ഏർപ്പാട് സുപ്രീംകോടതി ഇടപെട്ട് നിറുത്തിയത് തെറ്റല്ലെന്ന് മാത്രമല്ല, ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കപ്പെടാനേ ഇടയാക്കൂ. പാർലമെന്റ് പുതിയ നിയമം കൊണ്ടുവരുന്നതു വരെയാണ് കൊളീജിയം രീതി തുടരേണ്ടതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ ഇൗ വിധി പാർലമെന്റിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കുന്നതിൽ അർത്ഥമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |