SignIn
Kerala Kaumudi Online
Sunday, 28 April 2024 4.58 AM IST

ജനങ്ങളെ വലയ്ക്കുന്ന കെട്ടിട നിർമ്മാണചട്ടങ്ങൾ

photo

തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം കൂട്ടാനുദ്ദേശിച്ചു നടപ്പാക്കാനൊരുങ്ങുന്ന നികുതിവർദ്ധന ഏറ്റവുമധികം ബാധിക്കുന്നത് കെട്ടിട ഉടമകളെയും പുതുതായി കെട്ടിടങ്ങൾ നിർമ്മിക്കാൻ ഒരുങ്ങുന്നവരെയുമാണ്. ഫീസ് വർദ്ധനയ്ക്കു പുറമെ പുതിയ ചില പരിഷ്കാരങ്ങൾ അങ്ങേയറ്റം ദ്രോഹകരവുമാകും. കെട്ടിടനിർമ്മാണത്തിന് പെർമിറ്റ് എടുക്കുന്ന ലൈസൻസി തന്നെയാകണം പണി പൂർത്തിയാകുമ്പോൾ കംപ്ളീഷൻ സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തേണ്ടതെന്ന പുതിയ പരിഷ്കാരം വലിയ കുരുക്കാകും സൃഷ്ടിക്കുക. സാധാരണക്കാരിൽ നല്ലൊരു വിഭാഗം കെട്ടിടം പണി കരാറുകാരെ ഏല്പിക്കുകയാണു പതിവ്. പ്ളാൻ തയ്യാറാക്കി പെർമിറ്റെടുക്കുന്നതും ആവശ്യമായ അനുമതി വാങ്ങുന്നതുമൊക്കെ കരാറുകാരാകും. ഉടമയും കരാറുകാരനും തമ്മിൽ തർക്കമുണ്ടാവുകയും ഇടയ്ക്കുവച്ച് പണി നിറുത്തിപ്പോവുകയും ചെയ്താൽ പുതിയൊരാളെ കണ്ടെത്തി പണി പൂർത്തിയാക്കുകയാണു പതിവ്. എന്നാൽ സർക്കാർ കൊണ്ടുവന്നിട്ടുള്ള പുതിയ പരിഷ്കാരമനുസരിച്ച് പെർമിറ്റെടുക്കുന്ന ലൈസൻസി തന്നെയാവണം പണി പൂർത്തിയാക്കേണ്ടത്. ഓക്കുപ്പെൻസി സർട്ടിഫിക്കറ്റിനായുള്ള നടപടിക്രമങ്ങളുമായി തദ്ദേശസ്ഥാപനങ്ങളെ സമീപിക്കാനുള്ള അവകാശവും ഇയാൾക്കായിരിക്കും. എത്ര അപ്രായോഗികവും ഉടമകളെ വിഷമ വൃത്തത്തിലാക്കുന്നതുമായ പരിഷ്കാരവുമാണിത്.

കരാറുകാരൻ പല കാരണങ്ങളാൽ ഇടയ്ക്കുവച്ചു പണി മതിയാക്കാം. അങ്ങനെ ചെയ്യരുതെന്നു ശഠിക്കാനാവില്ലല്ലോ. അത്തരമൊരു സന്ദർഭത്തിൽ കെട്ടിട ഉടമയുടെ മുമ്പിലുള്ള ഏകമാർഗം ശേഷിക്കുന്ന പണി പുതിയൊരാളെ ഏല്പിക്കുക എന്നതാണ്. സർക്കാരിന്റെ പുതിയ തീരുമാനം പ്രാബല്യത്തിലാകുമ്പോൾ ഇങ്ങനെ തിരഞ്ഞെടുക്കുന്ന ആൾക്ക് ഓക്കുപ്പെൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനാവില്ല. പെർമിറ്റ് വാങ്ങിയ ആദ്യ കരാറുകാരനേ അതിന് അവകാശമുള്ളൂ. പിണങ്ങിപ്പിരിഞ്ഞു പോയ ലൈസൻസി ഉടമയ്ക്കുവേണ്ടി അത്തരമൊരു ദൗത്യം ഏറ്റെടുക്കുമെന്ന് എന്താണുറപ്പ്? കൈയിലുള്ള പണവും പലേടത്തുനിന്നും വായ്‌പയും എടുത്ത് വല്ലവിധേനയും നിർമ്മാണം പൂർത്തിയാക്കുന്ന കെട്ടിട ഉടമയെ വട്ടം ചുറ്റിക്കാൻ മാത്രം ഉതകുന്ന പരിഷ്കാരം വേണ്ടത്ര ആലോചനയ്ക്കുശേഷമാണോ നടപ്പാക്കാൻ ഒരുങ്ങുന്നതെന്ന് പരിശോധിക്കുന്നതു നന്നായിരിക്കും.

നിർമ്മാണത്തിന്റെ ഓരോഘട്ടം കഴിയുമ്പോഴും ഫോട്ടോ സഹിതം തദ്ദേശസ്ഥാപന സെക്രട്ടറിക്ക് റിപ്പോർട്ട് നല്‌കണമെന്നതടക്കം നൂലാമാലകൾ വേറെയുമുണ്ട്. ഒരിക്കൽ പെർമിറ്റ് അനുവദിച്ചുകഴിഞ്ഞാൽ നിയമലംഘനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ കണ്ടുപിടിച്ച് നടപടിയെടുക്കാൻ നിലവിൽ സംവിധാനമുള്ളതാണ്. ബിൽഡിംഗ് ഇൻസ്പെക്ടറുടെ പ്രധാന ജോലിയും ഇതാണ്. പ്ലാനിനു വിരുദ്ധമായ നിർമ്മാണങ്ങൾ ഇടിച്ചുകളയുന്നതുൾപ്പെടെയുള്ള നടപടികൾക്കും വ്യവസ്ഥയുള്ളപ്പോൾ ലൈസൻസി തന്നെ നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതിലെ യുക്തി എന്താണ്? തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിടനിർമ്മാണ വിഭാഗത്തെക്കുറിച്ച് ഇപ്പോൾത്തന്നെ ജനങ്ങൾക്ക് ഒരു മതിപ്പുമില്ലെന്ന് എല്ലാവർക്കും അറിയാം. കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട് പുതുതായി കൊണ്ടുവരുന്ന ഏതു നിയന്ത്രണവും കൈക്കൂലിയുടെ തോത് കൂട്ടാനേ ഉപകരിക്കൂ.

കെട്ടിടനിർമ്മാണ പെർമിറ്റിന് ഈടാക്കുന്ന ഫീസ് നിരക്കിൽ വരുത്തിയ വൻ വർദ്ധനയും ജനങ്ങൾക്ക് അധിക ഭാരമാകാൻ പോവുകയാണ്. നഗരത്തിൽ ആയിരം ചതുരശ്ര അടി കെട്ടിടത്തിന് നിലവിൽ പെർമിറ്റ് ഫീസ് ഒരു ചതുരശ്ര മീറ്ററിന് 750 രൂപയെന്നത് പതിനായിരം രൂപയായി വർദ്ധിക്കാൻ പോവുകയാണ്. പുറമെ നിരക്കുകളിലെ ഇളവ് 150 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്ക് ബാധകമായിരുന്നെങ്കിൽ ഇപ്പോൾ അത് 80 ചതുരശ്ര മീറ്ററായി ചുരുക്കുകയും ചെയ്തു. സാധാരണക്കാർ ഉൾപ്പെടെയുള്ളവരെ അധിക നികുതിവലയ്ക്കുള്ളിൽ കൊണ്ടുവരാൻ വേണ്ടിയാണിത്. പെർമിറ്റ് അപേക്ഷാഫീസിലുമുണ്ട് വൻ വർദ്ധന. ജാതകവശാൽ ശനിദശ തുടങ്ങുമ്പോഴാണ് ആളുകൾ പുരവയ്ക്കാനിറങ്ങുന്നതെന്ന് പണ്ടുള്ളവർ പറഞ്ഞിരുന്നത് എത്ര ശരിയാണെന്ന് ബോദ്ധ്യപ്പെടുത്തുന്നതാണ് തദ്ദേശവകുപ്പിന്റെ പുതിയ കെട്ടിടനിർമ്മാണ നിരക്കുകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.