SignIn
Kerala Kaumudi Online
Friday, 09 May 2025 8.25 PM IST

സ്വാഗതാർഹമായ നടപടി

Increase Font Size Decrease Font Size Print Page
photo

സർക്കാർ ജോലിയുടെ സുരക്ഷിതത്വമുണ്ടെങ്കിൽ ആരെയും പേടിക്കാതെ എന്തും ചെയ്ത് പണം സമ്പാദിക്കാമെന്ന് ചിന്തിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള മുന്നറിയിപ്പാണ് കഴിഞ്ഞദിവസം പൊതുമരാമത്ത് ആർക്കിടെക്ട് വിഭാഗത്തിലെ ഉന്നതർക്കെതിരെ കൈക്കൊണ്ട നടപടി. ചീഫ് ആർക്കിടെക്‌ടിനെയും ഡെപ്യൂട്ടി ചീഫ് ആർക്കിടെക്‌ടിനെയും സസ്പെൻഡ് ചെയ്തു. ചീഫ് ആർക്കിടെക്ട് ഓഫീസിലെ 18 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും ശുപാർശ ചെയ്തിട്ടുണ്ട്. പൊതുവെ പരിശോധനയ്ക്കു വിധേയമാകാത്ത ചീഫ് ആർക്കിടെക്‌ട് ഓഫീസിൽ പല ക്രമക്കേടുകളും നടക്കുന്നെന്ന പരാതികൾ ലഭിച്ചപ്പോൾ പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ.മുഹമ്മദ് റിയാസ് നേരിട്ട് ഓഫീസിലെത്തി വിവരം തിരക്കുകയായിരുന്നു. ഞെട്ടിക്കുന്ന കാഴ്ചകളാണ് അവിടെക്കണ്ടത്. മന്ത്രിയുടെ സന്ദർശന ദിവസം ആകെ 41 ജീവനക്കാരിൽ 14 പേർമാത്രമാണ് കൃത്യസമയത്ത് ജോലിക്കു ഹാജരായത്. ചിലരാകട്ടെ പഞ്ച് ചെയ്തശേഷം സ്ഥലംവിടുകയും സ്വകാര്യമായി മറ്റു പണികൾചെയ്ത് പണമുണ്ടാക്കുകയും ചെയ്യുന്നതായും തെളിവുകൾ ലഭിച്ചു.

പഞ്ചിംഗ് സമ്പ്രദായത്തെ സ്പാർക്കുമായി ഇനിയും ബന്ധപ്പെടുത്തിയിട്ടില്ല. അതിനുള്ള സർക്കാർ നിർദ്ദേശവും അവഗണിച്ചു. ഓഫീസിലെത്തുന്ന ഉദ്യോഗസ്ഥർ നിർബന്ധമായും അന്നന്ന് എഴുതി സൂക്ഷിക്കേണ്ട കാഷ് ഡിക്ളറേഷൻ രജിസ്റ്റർപോലും സൂക്ഷിച്ചിരുന്നില്ല. ഇതെല്ലാം നിയന്ത്രിക്കേണ്ട മേലധികാരികൾ കണ്ണടയ്ക്കുകകൂടി ചെയ്തപ്പോൾ തട്ടിപ്പുകാർക്ക് എല്ലാം എളുപ്പമായി മാറി. വിശദമായി കാര്യങ്ങൾ നോക്കിക്കണ്ട മന്ത്രി പൊതുമരാമത്ത് വിജിലൻസിനോട് അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു. വിജിലൻസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി സ്വീകരിച്ചിട്ടുള്ളത്. സസ്പെൻഷൻ ഒരു താത്‌കാലിക ശിക്ഷയാണെന്നേ ജനം കരുതൂ. എന്നാൽ ഇവിടെ വിശദമായ തുടരന്വേഷണത്തിനും മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. മന്ത്രിമാരുടെ മിന്നൽ സന്ദർശനങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പ്രഹസനങ്ങൾ മാത്രമായിരിക്കുമെന്ന പതിവ് വിമർശകരുടെ വായടപ്പിക്കാൻ കൂടി ഉതകുന്നതാണ് ഇപ്പോൾ സ്വീകരിച്ച ശിക്ഷാനടപടി. കഴിഞ്ഞ മാർച്ച് 23 നായിരുന്നു മന്ത്രി ആർക്കിടെക്ട് ഓഫീസ് സന്ദർശിച്ചത്. കൃത്യം ഒരുമാസം പിന്നിടുമ്പോഴേക്കും നടപടികൾക്കു തുടക്കം കുറിക്കാനായത് അഭിനന്ദനാർഹമാണ്.

സർക്കാരിന്റെ കെടിടങ്ങൾ, പാലങ്ങൾ എന്നിങ്ങനെയുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളുടെയും രൂപകല്‌പനയിൽ സുപ്രധാന പങ്കുവഹിക്കുന്നവരാണ് ആർക്കിടെക്‌ടുമാർ. എന്നാൽ ചെറിയൊരു വിഭാഗം ഉദ്യോഗസ്ഥർ വരുത്തിവയ്ക്കുന്ന വിനകൾ ഡിപ്പാർട്ടുമെന്റിനാകെ പേരുദോഷമായി മാറുമ്പോൾ ഇത്തരം പ്രവണതകളെ മുളയിലേ നുള്ളാൻ നേതൃത്വത്തിലുള്ളവർതന്നെ മുൻകൈയെടുക്കേണ്ടതാണ്. ആർക്കിടെക്ട് ഡ്രോയിംഗ് ലഭിക്കാൻ വൈകിയതുമൂലം നിർമ്മാണപ്രവർത്തനങ്ങൾ മുടങ്ങിയ സംഭവങ്ങളും വിജിലൻസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വൻ അഴിമതികളുടെ കൂത്തരങ്ങായി മുമ്പേ കുപ്രസിദ്ധിയാർജ്ജിച്ച വകുപ്പാണ് പൊതുമരാമത്ത് വിഭാഗം. കർശനമായ നിലപാടുകളിലൂടെ മാത്രമെ അതിനെ മാറ്റിയെടുക്കാൻ കഴിയൂ.

സൈറ്റുകളിൽ നേരിട്ടു പരിശോധന നടത്തി പൊതുമരാമത്ത് വകുപ്പ് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജിയണുകളിലായി ആട്ടോമാറ്റിക് ക്വാളിറ്റി ടെസ്റ്റിംഗ് ലാബ് സ്ഥാപിച്ചതുൾപ്പെടെ മികച്ച പ്രവർത്തനങ്ങളാണ് ഇപ്പോൾ ഈ വകുപ്പിൽ നടന്നുവരുന്നത്. സർക്കാരിന്റെ ഡിസൈൻ പോളിസിയും കരടുരൂപത്തിലായിട്ടുണ്ട്. നാടിന്റെ വികസനത്തിന് തടസമാകുന്ന അഴിമതിയും കെടുകാര്യസ്ഥതയും കാട്ടുന്നവരെ കൈയോടെ പിടികൂടിയാൽ മാത്രമെ വേഗത്തിൽ കാര്യങ്ങൾ നടപ്പിലാവൂ. അങ്ങനെ അഴിമതിക്കാരെ കൂച്ചുവിലങ്ങിടുമ്പോൾ മികവ് പുലർത്തുന്നവരെ പ്രോത്സാഹിപ്പിക്കാനും തയ്യാറാവണം. മുമ്പുണ്ടായിരുന്ന ബെസ്റ്റ് എൻജിനീയർ അവാർഡ് വീണ്ടും നടപ്പിലാക്കാനുള്ള തീരുമാനവും സ്വാഗതമാർഹമാണ്.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.