SignIn
Kerala Kaumudi Online
Monday, 06 May 2024 6.48 AM IST

സുപ്രധാനമായ രണ്ട് വിധികൾ

photo

കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ സംബന്ധിച്ച് നിർണായകമായ രണ്ട് വിധികളാണ് ഒരേദിവസം സുപ്രീംകോടതിയിൽ നിന്നുണ്ടായത്. രണ്ട് വിധികളും പ്രത്യക്ഷത്തിൽ കേന്ദ്രസർക്കാരിന് എതിരാണെന്ന് തോന്നുമെങ്കിലും ഭാവിയിൽ കേന്ദ്ര - സംസ്ഥാനബന്ധങ്ങളുടെ ഭരണഘടനാപരമായ നടത്തിപ്പിന് വ്യക്തത നല്‌കുന്ന വിധികളാണ്.

ഭരണഘടന അനുസരിച്ച് പ്രവർത്തിക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധികളായ മഹാരാഷ്ട്ര ഗവർണറും ഡൽഹി ലഫ്‌റ്റനന്റ് ഗവർണറും വീഴ്ചവരുത്തിയതായാണ് കോടതി കണ്ടെത്തിയത്. എന്നാൽ കേന്ദ്ര സർക്കാർ ഇവരുടെ നടപടികളെ ഭരണപരമായും രാഷ്ട്രീയമായും നേരത്തെ അംഗീകരിച്ചിരുന്നതാണ്. മഹാരാഷ്ട്രയിൽ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറെയ്‌ക്കു ഭൂരിപക്ഷം നഷ്ടപ്പെട്ടതിന് വസ്തുനിഷ്ഠമായ തെളിവില്ലായിരുന്നു. എന്നിട്ടും ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ഭഗത്‌സിംഗ് കോഷിയാരി ആവശ്യപ്പെട്ട നടപടി നിയമവിരുദ്ധമായിരുന്നു എന്നാണ് കോടതി നിരീക്ഷിച്ചത്.

ഡൽഹി പൂർണ സംസ്ഥാനമല്ലാത്തതിനാൽ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന്റെ ഉപദേശം അനുസരിക്കേണ്ടതില്ലെന്ന ധാരണയിൽ പ്രവർത്തിച്ചതാണ് ലഫ്‌റ്റനന്റ് ഗവർണർ വി.കെ.സക്‌‌‌സേനയ്ക്ക് പറ്റിയ തെറ്റെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്രമസമാധാനം, പൊലീസ്, ഭൂമി എന്നിവയിലൊഴികെ മറ്റു സംസ്ഥാനങ്ങൾക്ക് നിയമനിർമ്മാണം നടത്താനും നിയമം നടപ്പാക്കാനും അധികാരമുള്ള എല്ലാ വിഷയങ്ങളിലും ഡൽഹി നിയമസഭയ്ക്കും ഡൽഹി ഭരണകൂടത്തിനും അധികാരമുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്. ഇക്കാര്യങ്ങളിലെല്ലാം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഉപദേശമനുസരിച്ചാണ് ലഫ്‌റ്റനന്റ് ഗവർണർ പ്രവർത്തിക്കേണ്ടത്. മറ്റു സംസ്ഥാനങ്ങളെ പോലെ ഡൽഹിയിൽ പബ്ളിക് സർവീസ് കമ്മിഷൻ ഇല്ലാത്തതിനാൽ ഉദ്യോഗസ്ഥ നിയമനങ്ങളിൽ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നായിരുന്നു ലഫ്‌റ്റനന്റ് ഗവർണറുടെ നിലപാട്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെക്കാൾ വലിയ അധികാരമാണ് ലഫ്‌റ്റനന്റ് ഗവർണർ കൈയാളിയിരുന്നത്. ഇതാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയോടെ ഇല്ലാതാകുന്നത്. സർവീസ് കാര്യങ്ങൾ ഡൽഹി സംസ്ഥാനത്തിന്റെ അധികാരപരിധിയിലെന്ന് ഭരണഘടനയിൽ എടുത്തു പറഞ്ഞിട്ടില്ലാത്തതിനാൽ ഉദ്യോഗസ്ഥ നിയമനത്തിൽ സംസ്ഥാനത്തിന് അധികാരമില്ലെന്ന കേന്ദ്രത്തിന്റെയും ഗവർണറുടെയും വാദങ്ങളാണ് കോടതി തള്ളിക്കളഞ്ഞത്.
ഭരണകൂടം നിയമനിർമ്മാണസഭയോടും നിയമനിർമ്മാണ സഭ അവരെ തിരഞ്ഞെടുക്കുന്ന ജനങ്ങളോടുമാണ് കടപ്പെട്ടിരിക്കേണ്ടതെന്നും ഇതാണ് ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിന്റെ ആധാരശിലയെന്നുമാണ് കോടതി ഓർമ്മിപ്പിച്ചത്.

സേവനങ്ങളുടെ കാര്യത്തിൽ ഇനിമുതൽ ഡൽഹി സർക്കാരിന്റെ തീരുമാനം ലഫ്‌റ്റന്റ് ഗവർണർക്ക് ബാധകമാകും. ഒരു ഉയർന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാൻ പോലും കഴിയാത്ത രീതിയിൽ കൈകെട്ടിയ നിലയിലാണ് താനെന്ന് ആം ആദ്‌മി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ദീർഘകാലമായി പരാതി പറയുകയായിരുന്നു. ഉദ്യോഗസ്ഥർ മന്ത്രിമാരോട് റിപ്പോർട്ട് ചെയ്യാതിരിക്കുകയോ നിർദ്ദേശം പാലിക്കാതിരിക്കുകയോ ചെയ്താൽ അത് കൂട്ടുത്തരവാദിത്വത്തെ ബാധിക്കുമെന്ന സുപ്രധാന നിരീക്ഷണമാണ് ഭരണഘടനാ ബെഞ്ച് നടത്തിയത്.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനോട് ഉത്തരം പറയേണ്ടതില്ലാത്ത ഉദ്യോഗസ്ഥർക്കു നിയമസഭയോടും പൊതുജനത്തോടുമുള്ള ഉത്തരവാദിത്വം കുറയുമെന്നും ഇത്തരം സാഹചര്യം ജനാധിപത്യ സംവിധാനത്തിൽ ഗുരുതരമായ പ്രശ്നമുണ്ടാക്കുമെന്നുമാണ് കോടതി മുന്നറിയിപ്പ് നല്‌കിയത്. ഇവിടെ യഥാർത്ഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനായിരിക്കണം എന്ന ജനങ്ങളുടെ അഭിലാഷമാണ് കോടതി ഉയർത്തിപ്പിടിച്ചത്.

മഹാരാഷ്ട്രയിൽ ഗവർണർ രാഷ്ട്രീയ പോരിനിടയിലേക്ക് ഇറങ്ങി തെറ്റായ തീരുമാനം എടുത്തതായാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ഉദ്ധവ് താക്കറെ സർക്കാർ വിശ്വാസവോട്ടെടുപ്പ് നേരിടാതെ രാജിവച്ചതിനാലാണ് പുനഃസ്ഥാപിക്കുന്നത് പരിഗണിക്കാൻ കഴിയാത്തതെന്നും കോടതി എടുത്തുപറഞ്ഞു. കേന്ദ്രത്തിന്റെ പ്രതിനിധികളായ ഗവർണർമാരും ലഫ്‌റ്റനന്റ് ഗവർണർമാരും രാഷ്ട്രീയം കളിച്ച് കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ അട്ടിമറിക്കരുതെന്ന പാഠമാണ് ഈ വിധികൾ പഠിപ്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.