
പഴയ കാലത്ത് വീട്ടുജോലികൾ എളുപ്പമാക്കാൻ സഹായിക്കുന്ന വൈദ്യുതോപകരണങ്ങളൊന്നും ഇല്ലായിരുന്നു. പക്ഷേ അന്ന് കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നിരുന്നതിനാൽ വീട്ടുജോലിയുടെ ഭാരം കഠിനമായി ആർക്കും തോന്നിയിരുന്നില്ല. വീട്ടിൽ അംഗങ്ങളുടെ എണ്ണം കൂടുതലായിരുന്നതിനാൽ ജോലികൾ പലരായി ഏറ്റെടുക്കുമ്പോൾ അത് വലിയ പ്രയാസമായി തോന്നില്ലായിരുന്നു. ഇന്ന് അതല്ല സ്ഥിതി. ന്യൂക്ളിയർ കുടുംബങ്ങളാണ് കൂടുതലും. പാചകം മുതൽ ക്ളീനിംഗ് വരെ വീട്ടിലെ ഒന്നോ രണ്ടോ അംഗം മാത്രമായി ചെയ്യേണ്ടിവരും. ദമ്പതികൾ രണ്ടുപേർക്കും ജോലിയുള്ളവരാണെങ്കിൽ ഇത് ഇരട്ടി ഭാരമായി അനുഭവപ്പെടുകയും ചെയ്യും. ജോലിയില്ലാത്ത വീട്ടമ്മയുടെ അദ്ധ്വാനവും ചെറുതല്ല. വീട്ടുജോലിയെയും ഒരു തൊഴിലായിത്തന്നെ കാണേണ്ടതാണ്. സർക്കാർ, സ്വകാര്യ മേഖലയിൽ വരുമാനമുള്ള ജോലി ചെയ്യുന്നത് തൊഴിലായി കണക്കാക്കുകയും വീട്ടമ്മയുടെ അദ്ധ്വാനത്തെ അങ്ങനെ കാണാതിരിക്കുകയും ചെയ്യുന്നത് യാഥാസ്ഥിതിക ചിന്താഗതിയാണ്. ഇതിനെതിരെ വിരൽചൂണ്ടുന്ന വിധിയാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായത്.
വീട്ടമ്മയുടെ ജീവൻ, വീടിനായി സമ്പാദിക്കുന്ന മറ്റുള്ളവരുടെ ജീവൻ പോലെതന്നെ വിലപ്പെട്ടതാണെന്നാണ് ഉന്നത കോടതി ചൂണ്ടിക്കാട്ടിയത്. വാഹനാപകടത്തിൽ വീട്ടമ്മ മരിച്ച കേസിലെ നഷ്ടപരിഹാരം വർദ്ധിപ്പിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. വാഹനാപകടത്തിലെ ഇര വീട്ടമ്മയാണ് എന്നതുകൊണ്ട് നഷ്ടപരിഹാരം കുറയ്ക്കാനാകില്ല. അവരുടെ സംഭാവനകൾ അമൂല്യമാണെന്നും സാമ്പത്തികാടിസ്ഥാനത്തിൽ കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. വാഹനാപകട മരണ കേസുകളിൽ നഷ്ടപരിഹാരം വിധിക്കുമ്പോൾ വീട്ടമ്മമാരുടെ അദ്ധ്വാനവും ത്യാഗവും കണക്കിലെടുത്താവണം കോടതികളും ട്രൈബ്യൂണലുകളും അവരുടെ വരുമാനം നിശ്ചയിക്കേണ്ടതെന്നും സുപ്രീംകോടതി നിർദ്ദേശം നൽകി.
2006-ൽ ഉത്തരാഖണ്ഡിലെ വാഹനാപകടത്തിൽ മരിച്ച വീട്ടമ്മയുടെ കുടുംബത്തിന് രണ്ടര ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ട്രൈബ്യൂണൽ വിധിച്ചത്. ദിവസ വേതന തൊഴിലാളിയേക്കാൾ കുറഞ്ഞ വരുമാനമാണ് വീട്ടമ്മയ്ക്ക് എന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു വിധി. ഉത്തരാഖണ്ഡ് ഹൈക്കോടതി അത് ശരിവയ്ക്കുകയും ചെയ്തു. മരിച്ചത് വീട്ടമ്മയാണെന്നും അവരുടെ ആയുസും, ജീവിച്ചിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന സാങ്കൽപ്പിക വരുമാനവും നഷ്ടപരിഹാരത്തിന് കണക്കാക്കിയാൽ മതിയെന്നായിരുന്നു ഹൈക്കോടതിയുടെ തീരുമാനം. ഇതിനെതിരെ കുടുംബം നൽകിയ അപ്പീലിൽ നഷ്ടപരിഹാരം 6 ലക്ഷം രൂപയായി ഉയർത്തിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവിട്ടത്. സുപ്രീംകോടതിയുടെ ഈ ഉത്തരവ് വീട്ടുജോലി മാത്രം ചെയ്തു കഴിയുന്ന കോടിക്കണക്കിന് സ്‌ത്രീകളുടെ അവകാശങ്ങൾ അംഗീകരിക്കുന്നതാണ്.
2011ലെ സെൻസസിൽ 15 കോടി സ്‌ത്രീകളാണ് വീട്ടുജോലി തൊഴിലായി രേഖപ്പെടുത്തിയിട്ടുള്ളത്. 58 ലക്ഷം പുരുഷന്മാരും വീട്ടുജോലി തൊഴിലായി കാണിച്ചിട്ടുണ്ട്. പ്രതിഫലമില്ലാതെ വീട്ടമ്മമാർ ചെയ്യുന്ന വീട്ടുജോലിയുടെ വില കുറച്ചുകാണുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല. കുടുംബത്തിന്റെ താളം തെറ്റാതിരിക്കാനും കുട്ടികളെ വളർത്താനും വേണ്ടി മതിയായ യോഗ്യതകൾ ഉണ്ടായിട്ടും ജോലിക്കു ശ്രമിക്കാത്ത വീട്ടമ്മമാരും നമ്മുടെ സമൂഹത്തിൽ കുറവല്ല. വീട്ടമ്മമാരുടെ ത്യാഗവും അദ്ധ്വാനവുമാണ് യഥാർത്ഥത്തിൽ പല കുടുംബങ്ങളുടെയും നിലനിൽപ്പിനും വളർച്ചയ്ക്കും ഇടയാക്കുന്നത്. ശമ്പളമുള്ള ജോലികൾ മാത്രമാണ് ജോലി എന്ന കാഴ്ചപ്പാട് ശരിയല്ല. അതില്ലാത്ത ഇത്തരം ജോലികളും ജോലി തന്നെയാണെന്നാണ് സുപ്രീംകോടതി ഈ വിധിയിലൂടെ പറയാതെ പറഞ്ഞിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |