SignIn
Kerala Kaumudi Online
Thursday, 18 July 2024 9.33 AM IST

ക്രൂസ് മിസൈൽ പരീക്ഷണ വിജയം

s

ഇന്ത്യ സ്വന്തമായി വികസിപ്പിച്ച എൻജിനുള്ള ദീർഘദൂര ക്രൂസ് മിസൈൽ പരീക്ഷണത്തിന്റെ വിജയം ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് ഒരു പൊൻതൂവൽ കൂടി സമ്മാനിച്ചിരിക്കുകയാണ്. ഇതിന് മുമ്പ് റഷ്യയുടെ സഹകരണത്തോടെ വികസിപ്പിച്ച എൻജിനുകളാണ് ക്രൂസ് മിസൈലുകളിൽ ഉപയോഗിച്ചിരുന്നത്. ഇതാദ്യമായാണ് പൂർണമായും ഇന്ത്യ വികസിപ്പിച്ച എൻജിൻ ഉപയോഗിച്ചത്. മിസൈൽ മേഖലയിൽ പരാശ്രയം കൂടാതെ ഇന്ത്യയ്ക്ക് തനിയെ മുന്നേറാനാകുമെന്ന് തെളിയിക്കുന്നത് കൂടിയാണ് ഒഡീഷയിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് തൊടുത്തുവിട്ട മിസൈലിന്റെ പരീക്ഷണ വിജയം.

പ്രൊപ്പൽഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ബംഗളൂരുവിലെ ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ളിഷ്‌മെന്റ് വികസിപ്പിച്ചതാണ് എൻജിൻ. പരീക്ഷണ വിജയം നേടിയ മിസൈലിന് 1000 കിലോമീറ്റർ റേഞ്ചുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ പ്രതിരോധ വകുപ്പ് പല കാരണങ്ങളാൽ വെളിപ്പെടുത്താറില്ല. റഷ്യയുടെ സാറ്റേൺ എൻജിനുള്ള സബ്‌സോണിക് ക്രൂസ് മിസൈൽ ഗണത്തിലുള്ളതാണ് പുതിയ മിസൈൽ. റഷ്യൻ എൻജിന് പകരം തദ്ദേശീയമായി നിർമ്മിച്ച മണിക്‌ടർ ബോഫാൻ എന്ന എൻജിനാണ് പുതിയ പരീക്ഷണത്തിന് ഉപയോഗിച്ചത്. ഈ മിസൈൽ കരാർ പ്രകാരം മറ്റ് രാജ്യങ്ങൾക്ക് വിൽക്കാൻ ഇന്ത്യയ്ക്ക് ഇനി ആരുടെയും അനുമതി ആവശ്യമില്ല. മിസൈൽ രംഗത്തെ കോടികൾ വരുമാനമുണ്ടാക്കാനുള്ള കച്ചവടസാദ്ധ്യത കൂടിയാണ് ഈ പരീക്ഷണ വിജയം തുറന്നിടുന്നത്.

കടലിന് മീതെ താഴ്‌ന്നു പറന്ന് കൃത്യമായ പാതയിലൂടെ മിസൈൽ ലക്ഷ്യസ്ഥാനത്ത് എത്തിയതോടെയാണ് പരീക്ഷണം വിജയകരമായത്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കരയിലും കടലിലും നിന്ന് പ്രയോഗിക്കാവുന്ന 1000 - 1500 കിലോമീറ്റർ റേഞ്ചുള്ള ദീർഘദൂര മിസൈലിന്റെ മുന്നോടിയാണ് പുതിയ മിസൈൽ. ഇത് മൂന്ന് സേനകളുടെയും ഇന്റഗ്രേറ്റഡ് റോക്കറ്റ് ഫോഴ്‌സിന്റെ ഭാഗമായി മാറും. പരമ്പരാഗത ക്രൂസ്, ബാലിസ്റ്റിക് മിസൈലുകൾ എന്നിവ ഉൾപ്പെടുന്നതാണ് റോക്കറ്റ് ഫോഴ്‌സ്. പ്രധാനമായും ചൈനയുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ റോക്കറ്റ് ഫോഴ്‌സിന് രൂപം നൽകുന്നത്. ഇതോടൊപ്പം ഇന്ത്യൻ പ്രതിരോധ സേന മറ്റൊരു ചരിത്രം കൂടി കുറിച്ചിരിക്കുന്ന സന്ദർഭമാണിത്. ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂസ് മിസൈലിന്റെ ആദ്യ ബാച്ച് ഫിലിപ്പീൻസിന് കൈമാറിക്കൊണ്ടാണ് പുതിയ ചരിത്രം കുറിച്ചിരിക്കുന്നത്.

2022-ൽ ഇരു രാജ്യങ്ങളും ഒപ്പുവച്ച 37.5 കോടി ഡോളർ കരാറിന്റെ ഭാഗമായിട്ടാണ് ഈ കൈമാറ്റം. ഇതാദ്യമായാണ് ഇന്ത്യ മറ്റൊരു രാജ്യത്തിന് ബ്രഹ‌്‌മോസ് മിസൈൽ കൈമാറുന്നത്. ചൈനയുടെ ആക്രമണ ഭീഷണി നേരിടുന്ന ഫിലിപ്പീൻസിനാണ് മിസൈൽ ഇന്ത്യ നൽകി എന്നത് പ്രത്യേക പ്രതിരോധ, രാഷ്ട്രീയ പ്രാധാന്യം അർഹിക്കുന്ന നടപടിയായാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. ചൈനയിൽ നിന്നുള്ള ഭീഷണി തടയുന്നതിനാവും ഫിലിപ്പീൻസ് സമുദ്രതീരങ്ങളിൽ ഈ മിസൈലുകൾ വിന്യസിക്കുക. ചൈനീസ് ഭീഷണിയുടെ നിഴലിലുള്ള ഇൻഡോനേഷ്യ, തായ്‌ലൻഡ്, മലേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളും ബ്രഹ്‌മോസ് സ്വന്തമാക്കാൻ ഇന്ത്യയുമായി ചർച്ചകൾ നടത്തുന്നുണ്ട്. പ്രതിരോധ മേഖലയിൽ ഉപയോഗിക്കുന്ന സുപ്രധാന ആയുധങ്ങളെല്ലാം മുൻകാലങ്ങളിൽ ഇന്ത്യ വിദേശ രാജ്യങ്ങളിൽ നിന്നാണ് വാങ്ങിച്ചുകൊണ്ടിരുന്നത്. ഇന്ത്യൻ പ്രതിരോധ ബഡ്‌ജറ്റിന്റെ ഭീമമായ ഒരു ഭാഗം ഇതിനായി ചെലവഴിച്ച് വന്നിരുന്നതിൽ അടുത്ത കാലത്തായി മാറ്റം വന്നിട്ടുണ്ട്. യുദ്ധോപകരണങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുകയും ആവശ്യക്കാരായ രാജ്യങ്ങൾക്ക് വേണ്ടി കയറ്റുമതി ചെയ്യുകയും ചെയ്യുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. ഇപ്പോൾ നടന്ന ബ്രഹ്‌മോസ് മിസൈലിന്റെ കൈമാറ്റം ആഗോള കയറ്റുമതി മേഖലയിൽ വർദ്ധിച്ചുവരുന്ന ഇന്ത്യയുടെ പ്രാധാന്യത്തിന് അടിവരയിടുന്ന നടപടിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRUISE MISSILE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.