പുതു തലമുറയിലെ യുവാക്കൾ (യുവതികളും) പലരും നടത്തുന്ന അതിസാഹസികമായ ആഘോഷപ്രകടനങ്ങൾ അതിരുകൾ ലംഘിച്ചു മുന്നേറുന്നത് സാമൂഹ്യ ജീവിതത്തിൽ വലിയ ഭീഷണി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ബഹുനിലക്കെട്ടിടത്തിനു മുകളിൽ നിന്ന് ഒറ്റക്കൈയിൽ താഴേക്ക് തൂങ്ങിയാടുക, ഓടിവരുന്ന ബസിനു മുന്നിലേക്ക് ചാടി വീഴുക തുടങ്ങിയ സാഹസിക പ്രകടനങ്ങൾ നടത്തി, അവ റീൽസായി സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് ശ്രദ്ധേയരാവുക എന്നിവയാണ് വ്യാപിച്ചു വരുന്നത്. രണ്ടു തരത്തിലാണ് ചെറുപ്പക്കാർ ഇത്തരം സാഹസിക പ്രകടനങ്ങളിൽ ഇടപെടുന്നത്. ഈ റീൽസ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇടംപിടിക്കുന്നതോടെ ലക്ഷക്കണക്കിന് ആളുകളിലേക്കാണ് ഇക്കൂട്ടർ എത്തിപ്പെടുന്നത്. രണ്ടാമതായി, ഇത്തരം റീൽസിനു ലഭിക്കുന്ന ലൈക്കുകളും സബ്‌സ്‌ക്രിപ്ഷനും വർദ്ധിക്കുന്നതു വഴി മോശമല്ലാത്ത വരുമാനവും ഇവർക്കു ലഭിക്കും- അങ്കവും കാണാം താളിയും ഒടിക്കാം എന്നു പറയുന്നതുപോലെ!
ഇത്തരം പ്രകടനങ്ങളിൽ ഏർപ്പെടുന്നവർ പലരും മരണത്തിലേക്കു പോകുന്നത് വാർത്തകളായി എത്തുമ്പോൾ മാത്രമാണ് നാം അറിയുക. സിനിമയിലെ തൂങ്ങിമരണ സീൻ അനുകരിച്ച് റീൽസ് എടുത്ത തെലങ്കാനയിലെ ഇരുപത്തിമൂന്നുകാരനും, മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ റീൽസെടുക്കവേ, നിയന്ത്രണം വിട്ട കാർ 300 അടി താഴ്ചയിലേക്കു മറിഞ്ഞ് മരിച്ച യുവതിയും, നാസിക്കിൽ ട്രാക്കിൽ റീൽ ചിത്രീകരണത്തിനിടയിൽ ട്രെയിൻ തട്ടി ദാരുണാന്ത്യം സംഭവിച്ച രണ്ടു കുട്ടികളും ഇത്തരം അപകടകരമായ അഭ്യാസത്തിന്റെ ഇരകളാണ്. കാറിന്റെ പിൻസീറ്റ് എടുത്തുമാറ്റി അവിടെ നീന്തൽക്കുളമുണ്ടാക്കി കാറിൽ യാത്ര ചെയ്ത സഞ്ജു, മൂന്നാറിലെ വളഞ്ഞു പുളഞ്ഞ റോഡിന്റെ കയറ്റിറക്കങ്ങളിലൂടെ കാറിന്റെ ഡോറിനു വെളിയിലേക്ക് തലയും ശരീരവുമിട്ട് സഞ്ചരിച്ച യുവാക്കൾ, യുട്യൂബ് ഇൻഫ്ളുവൻസറുടെ കബളിപ്പിക്കലിൽ ആത്മാഹുതി നടത്തിയ തിരുവനന്തപുരത്തെ പതിനേഴുകാരി.... എന്നിങ്ങനെ ലിസ്റ്റ് നീളുകയാണ്.
ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നവരെ സാമൂഹ്യവിരുദ്ധരായി ചിത്രീകരിക്കുന്നതിനു പകരം, അവർക്ക് താര പരിവേഷം നൽകി സമൂഹമാദ്ധ്യമങ്ങളും സമൂഹം തന്നെയും കൊണ്ടാടുന്നു എന്നതും പരിതാപകരമാണ്. മോട്ടോർ വാഹന നിയമം മാത്രമല്ല, സാമാന്യ സാമൂഹ്യ മര്യാദ പോലും ലംഘിച്ച് കാറിൽ നിറച്ച വെള്ളത്തിൽ തോന്ന്യാസം കാട്ടിയ യുവാവിന് 'സഞ്ജു ടെക്കി" എന്ന അപരാഭിധാനം നൽകി ആഘോഷിച്ചവരുമുണ്ട്.
എന്തുകൊണ്ടാണ് നമ്മുടെ യുവാക്കൾ ഇത്തരം അത്യന്തം അപകടകരവും സാമൂഹ്യ ജീവിതത്തിന്റെ സ്വച്ഛത തകർക്കുന്നതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്? തലമുറമാറ്റത്തിൽ വന്ന ചില പ്രതിഭാസങ്ങൾ ഇതിനു പിന്നിൽ നാം കാണേണ്ടതുണ്ട്. ഇന്റർനെറ്റ് യുഗത്തിന്റെ എല്ലാ വിലോഭനീയക്കാഴ്ചകളുടെയും നടുവിലേക്ക് ജനിച്ചു വീണവരും അതിന്റെ മാസ്മരികതയിൽ നീന്തിത്തുടിക്കുന്നവരുമാണ് ഇവർ.
ഡിജിറ്റൽ ലോകം സൃഷ്ടിക്കുന്ന അഭിരുചികളിലാണ് അവർ ആറാടുന്നത്. ഒരു തരം വെർച്വൽ ലോകത്ത് അഭിരമിക്കാൻ ഇവർ ഇഷ്ടപ്പെടുന്നു. കാര്യകാരണങ്ങൾ എന്തൊക്കെയായാലും ഇതൊരു സാമൂഹ്യ വിപത്തായി മാറിക്കൊണ്ടിരിക്കുന്നു എന്നത് നാം ജാഗ്രതയോടെ കാണണം. നിയമപരമായ നടപടികൾ കർക്കശമാക്കണം. ഇതു തടയാൻ കഴിയുന്ന വിധം കേന്ദ്ര നിയമം തന്നെ കൊണ്ടുവരേണ്ടതുണ്ട്. ജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ പെരുമാറുന്നതിന് ആറു മാസം വരെ തടവും പിഴയും ലഭിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 336-ാം വകുപ്പാണ് ഇപ്പോൾ പ്രയോഗിക്കുന്നത്. ഇത് എത്രത്തോളം കടുപ്പിക്കാമെന്ന് ആലോചിക്കുന്നത് നന്നായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |