SignIn
Kerala Kaumudi Online
Saturday, 19 October 2024 10.49 PM IST

ഇത് കമ്മ്യൂണിസ്റ്റ് രീതിയല്ല

Increase Font Size Decrease Font Size Print Page
naveen

അഴിമതിക്കഥകളും അസംബന്ധ കൂടിക്കാഴ്ചകളുമൊക്കെ വാർത്താമാദ്ധ്യമങ്ങളെ വിളിച്ചുവരുത്തി പരസ്യമാക്കുന്നത് ഇടതുപക്ഷ ലൈൻ അല്ല എന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. അൻവർ എം.എൽ.എയുടെ ചില വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പാർട്ടിയുടെ ഈ പ്രഖ്യാപിത നയം ഒരിക്കൽക്കൂടി അദ്ദേഹം എടുത്തുപറഞ്ഞത്. ഇങ്ങനെയുള്ള കാര്യങ്ങൾ ആദ്യം പാർട്ടിയെ അറിയിക്കണം. പിന്നെ വേണമെങ്കിൽ മുഖ്യമന്ത്രി എന്ന നിലയിൽ തന്നെയും അറിയിക്കാം. അൻവർ എം.എൽ.എ ഇടതുപക്ഷ സ്വതന്ത്ര‌നാണ്. സി.പി.എം അംഗമല്ല. അതിനാൽ ഈ അച്ചടക്കം സാങ്കേതികമായി അൻവറിന് ബാധകമാകില്ല. എന്നാൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ കാര്യം അങ്ങനെയല്ല. അവർ അടിയുറച്ച സി.പി.എമ്മുകാരിയാണ്. പാർട്ടിയുടെ അച്ചടക്കവും നയവും പാലിക്കേണ്ടത് അവരുടെ ചുമതലയും കടമയുമാണ്. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ പാർട്ടി ലൈൻ പരസ്യമായി അവർ ലംഘിക്കുകയാണ് ചെയ്തത്.

ജനപ്രതിനിധികളെ ആരെയും ക്ഷണിക്കാത്ത യോഗത്തിലായിരുന്നു എ.ഡി.എമ്മിന് യാത്രഅയപ്പ് നൽകിയത്. അതിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി അവർ കയറിച്ചെന്നു. അതൊരു വലിയ തെറ്റായി കാണേണ്ടതില്ല. യാത്രഅയപ്പ് നൽകുന്ന വ്യക്തിയെക്കുറിച്ച് രണ്ട് നല്ല വാക്കുകൾ പറയുന്നതിനാണെങ്കിൽ രാഷ്ട്രീയ നേതാക്കൾക്ക് ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ പേരിൽ ക്ഷണിക്കാതെയും ചെല്ലാം. പക്ഷേ ഇവിടെ അതല്ല സംഭവിച്ചത്. പെട്രോൾ പമ്പ് അനുവദിച്ചതിനു പിന്നിൽ അഴിമതിയുണ്ടെന്നും അത് രണ്ടു ദിവസത്തിനുള്ളിൽ വിശദീകരിക്കുമെന്നും പറഞ്ഞ് യാത്രഅയപ്പ് വേദിയിൽ എ.ഡി.എം നവീൻ ബാബുവിനെ അപഹസിക്കുകയും അവഹേളിക്കുകയുമാണ് പി.പി. ദിവ്യ ചെയ്തത്. ഇതൊരു കമ്മ്യൂണിസ്റ്റ് രീതിയല്ല. അങ്ങനെയുള്ള അഴിമതിയെക്കുറിച്ച് അവർക്ക് ബോദ്ധ്യമുണ്ടായിരുന്നെങ്കിൽ ആദ്യം ജില്ലാ കമ്മിറ്റിയെ അറിയിക്കണമായിരുന്നു. അല്ലെങ്കിൽ പാർട്ടി സെക്രട്ടറിയെയോ മുഖ്യമന്ത്രിയെയോ അറിയിക്കണമായിരുന്നു.

ഇതിലൊന്നും നടപടി ഉണ്ടായില്ലെങ്കിൽപ്പോലും പൊതുവേദിയിൽ വന്ന് അച്ചടക്കമുള്ള ഒരു നേതാവ് അത് വിളിച്ചുപറയാൻ പാടില്ല. അച്ചടക്കം ലംഘിക്കുക മാത്രമല്ല അവർ ചെയ്തത്. സാമൂഹ്യ ജീവിതത്തിൽ പാലിക്കേണ്ട മിനിമം ഔചിത്യം പോലും കാണിച്ചില്ല. ഒരു യാത്രഅയപ്പ് യോഗത്തിൽ ഇങ്ങനെയൊക്കെ വിളിച്ചുപറയുന്നത് രാഷ്ട്രീയ നേതാവെന്ന നിലയിൽ അവർ പുലർത്തുന്ന അങ്ങേയറ്റത്തെ ധാർഷ്ട്യമാണ് വ്യക്തമാക്കുന്നത്. നവീൻ ബാബു അഴിമതിക്കാരനല്ലെന്നാണ് സഹപ്രവർത്തകരും ബന്ധുക്കളും പറയുന്നത്. ഇനി അഴിമതിക്കാരനാണെന്ന് ആരെയെങ്കിലും കൊണ്ട് പറയിപ്പിച്ചേക്കാം. പാർട്ടി സത്യസന്ധമായി അന്വേഷിച്ചാൽ അയാൾ അഴിമതിക്കാരനാണോ അല്ലയോ എന്ന് കൃത്യമായി മനസ്സിലാക്കാനാവും. തീർച്ചയായും ദുർബ്ബലനായ ഒരു മനുഷ്യനാണ് അദ്ദേഹം. അതുകൊണ്ടാണല്ലോ വാക്കുകൾ കൊണ്ട് മുറിവേറ്റ ഉടൻ മറ്റൊന്നും ആലോചിക്കാതെ ക്വാർട്ടേഴ്സിൽ പോയി തുങ്ങിമരിച്ചത്. രണ്ട് പെൺകുട്ടികളുടെ പിതാവാണ് അദ്ദേഹമെന്നും നമ്മൾ ഓർക്കണം. അവരുടെ അനാഥത്വത്തിന് ആർക്കിനി എന്തു പരിഹാരം ചെയ്യാനാവും?​

ഇതിനേക്കാൾ വലിയ ആരോപണങ്ങളൊക്കെ പല പാർട്ടികളുടെയും നേതാക്കൾക്കും ബന്ധുക്കൾക്കും നേരെ ഉയർന്നിട്ടുണ്ട്. ആരും തൂങ്ങിമരിച്ചതായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. പക്ഷേ എല്ലാവരും രാഷ്ട്രീയക്കാരല്ലല്ലോ? പാർട്ടിയുടെ നയവും അച്ചടക്കവും പാലിക്കാതെ ഇതുപോലെ വാവിട്ട് സംസാരിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ സകല ഞാഞ്ഞൂലുകളും തലപൊക്കുമെന്ന് പാർട്ടി മനസ്സിലാക്കണം. പലപ്പോഴും പാർട്ടിയുടെ കെട്ടുറപ്പിനെ തകർക്കുന്നത് പുറത്തുള്ളവരല്ല. അകത്തുള്ളവരുടെ ഗ്രൂപ്പ് വഴക്കും പടലപ്പിണക്കങ്ങളും അധികാരമോഹവുമാണെന്നത് ആർക്കാണ് അറിഞ്ഞുകൂടാത്തത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഹതഭാഗ്യനായ നവീൻ ബാബു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NAVEEN BABU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.