ഇന്ത്യയിൽ നിന്നുള്ള അഭ്യസ്തവിദ്യരായ വിദഗ്ദ്ധ തൊഴിലാളികൾക്ക് ജർമ്മനിയിൽ വൻതോതിൽ തൊഴിലവസരങ്ങൾ ലഭിക്കുമെന്ന പ്രഖ്യാപനം പരക്കെ സ്വാഗതം ചെയ്യപ്പെടും. ഡൽഹിയിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും ജർമ്മൻ ചാൻസലർ ഒലഫ് ഷോൾസും ഉഭയകക്ഷി ചർച്ചകൾക്കുശേഷം ഒപ്പുവച്ച കരാറുകളിലൊന്ന് ഇതുമായി ബന്ധപ്പെട്ടതാണ്. നിലവിൽ ഇരുപതിനായിരം വിദഗ്ദ്ധ തൊഴിലാളികൾക്കാണ് ഒരുവർഷം ജർമ്മനി തൊഴിൽ വിസ നൽകുന്നത്. അത് തൊണ്ണൂറായിരമായി വർദ്ധിപ്പിക്കാനാണ് തീരുമാനം. ഇന്ത്യയിലെ പ്രൊഫഷണൽസിനും സാങ്കേതിക വൈദഗ്ദ്ധ്യം നേടിയവർക്കും ജർമ്മനിയിൽ മെച്ചപ്പെട്ട തൊഴിലുകൾ ലഭിക്കാൻ അവസരം നൽകുന്നതാണ് ഈ തീരുമാനം. യുവതീ യുവാക്കൾ തൊഴിലിനായി കടന്നുചെല്ലാൻ ഏറെ ആഗ്രഹിക്കുന്ന വിദേശ രാജ്യങ്ങളിലൊന്നാണ് ജർമ്മനി. നിരവധി ഇന്ത്യൻ വിദ്യാർത്ഥികളും അവിടെ പഠനത്തിനായി ആണ്ടുതോറും പോകുന്നുണ്ട്. ആരോഗ്യമേഖലയിൽ ഇപ്പോൾത്തന്നെ ഇന്ത്യയിൽ നിന്നുള്ള, പ്രത്യേകിച്ചും കേരളത്തിൽ നിന്നുള്ള നഴ്‌സുമാർക്കും പാരാ മെഡിക്കൽ സ്റ്റാഫുകൾക്കും ജർമ്മനിയിൽ നല്ല ഡിമാൻഡാണ്. നോർക്ക വഴി ഇതിനകം നിരവധി നഴ്‌സുമാർ അങ്ങോട്ട് പോയിട്ടുമുണ്ട്. വിവരസാങ്കേതികവിദ്യ, എൻജിനീയറിംഗ് തുടങ്ങിയ മേഖലകളിലും ധാരാളം തൊഴിലവസരങ്ങളുള്ള രാജ്യമാണ് ജർമ്മനി. എഴുപതിനായിരം പേർക്കു കൂടി തൊഴിൽ വിസ അനുവദിക്കാനുള്ള ഉഭയകക്ഷി തീരുമാനം ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വലിയ അനുഗ്രഹമാകും. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, വൈദഗ്ദ്ധ്യ വികസനം എന്നീ മേഖലകളിലും സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള കരാർ ഒപ്പുവച്ചിട്ടുണ്ട്. ജർമ്മനിയിലേക്കുള്ള അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായിട്ടു കൂടിയാണ് വിസാനയം ജർമ്മനി കൂടുതൽ അയവുള്ളതാക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികൾ ജർമ്മനിയുടെ വളർച്ചയിലും പുരോഗതിയിലും പങ്കുവഹിക്കുന്നിനെ പ്രധാനമന്ത്രി മോദി പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. ഇരു രാജ്യങ്ങൾക്കും ഗുണകരമാകുന്ന തീരുമാനം തന്നെയാണിത്. സാങ്കേതിക വൈദഗ്ദ്ധ്യം നേടിയ പ്രൊഫഷണലുകളുടെയും തൊഴിലാളികളുടെയും കാര്യത്തിൽ ജർമ്മനി നേരിടുന്ന കടുത്ത ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് വിസ വിഷയത്തിൽ ഉദാര നയം സ്വീകരിക്കാൻ ജർമ്മനിയുടെ നയം മാറ്റം.
ഈ സാഹചര്യം മുതലെടുക്കാനുള്ള പ്രായോഗിക നടപടി വൈകാതിരിക്കാനുള്ള ശ്രമമാണ് ഇനി ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. കേരളത്തിലെ വിദഗ്ദ്ധ പ്രൊഫഷണലുകൾക്കും മറ്റു മേഖലകളിലെ വിദഗ്ദ്ധർക്കും ജർമ്മനിയിൽ തൊഴിലെടുക്കാനും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ കൈയെത്തിപ്പിടിക്കാനും അവസരമൊരുങ്ങുന്നത് നല്ലകാര്യം തന്നെ. ഇതിനകം മലയാളികൾ വളരെയധികം കുടിയേറിക്കഴിഞ്ഞ പല വിദേശരാജ്യങ്ങളിലും ഇപ്പോൾ കടുത്ത നിയന്ത്രണങ്ങൾ കാരണം അവസരങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഉദാരമായ കുടിയേറ്റ നിയമം നിലവിലിരുന്ന കാനഡയിൽ പോലും രാഷ്ട്രീയ കാരണങ്ങളാൽ ഇന്ത്യക്കാരെ പുറന്തള്ളുന്ന അനുഭവമാണ്. വളരെയധികം ഇന്ത്യക്കാർ കുടിയേറിയിട്ടുള്ള അമേരിക്കയും വിസ നിയമങ്ങൾ കൂടുതൽ കർക്കശമാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജർമ്മനി പോലുള്ള ചില യൂറോപ്യൻ രാജ്യങ്ങളുടെ ഉദാരസമീപനം ഇന്ത്യൻ പ്രൊഫഷണലുകൾക്ക് അനുഗ്രഹമായി മാറുമെന്നതിൽ സംശയമില്ല.
വിസ നിയമം ഉദാരമാക്കുമെങ്കിലും ജർമ്മനിയിലേക്കു പോകാനൊരുങ്ങുന്നവർക്ക് ജർമ്മൻ ഭാഷാ നൈപുണ്യം അത്യാവശ്യമാണ്. പ്രാഥമിക പാഠങ്ങളെങ്കിലും അറിയാതെ അങ്ങോട്ടു പോകുന്നതിന് തടസ്സങ്ങൾ ഏറെയാണ്. ജർമ്മൻ ഭാഷ പരിശീലിപ്പിക്കാനുള്ള സ്ഥാപനങ്ങൾ ഇവിടെ കൂടുതലായി തുടങ്ങുക മാത്രമാണ് പോംവഴി. നഗരങ്ങളിൽ കുറച്ചു സെന്ററുകൾ ഇപ്പോൾത്തന്നെ ഉണ്ടെങ്കിലും പുതിയ സാഹചര്യത്തിൽ അവ പോരെന്നു വരാം. ജർമ്മൻ വിസ നേടി അങ്ങോട്ടു പോകാനാഗ്രഹിക്കുന്ന യുവതീ യുവാക്കൾ ജർമ്മൻ ഭാഷാ പഠനം അടിയന്തരമായി കരുതി അതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയാൽ കാര്യങ്ങൾ എളുപ്പമാകും. നോർക്കയ്ക്കും ഇതിൽ പങ്കുവഹിക്കാൻ കഴിയണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |