സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു കീഴിൽ വരുന്ന വാർഡുകളുടെ പുനർ വിഭജനം പൂർത്തിയാക്കി കരടു വിജ്ഞാപനം പുറത്തുവന്നതിനു തൊട്ടുപിന്നാലെ മലബാറിലെ എട്ടു നഗരസഭകളിലും ഒരു പഞ്ചായത്തിലും ഇടക്കാലത്ത് സർക്കാർ നടപ്പാക്കിയ വാർഡ് വിഭജനം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയത് വലിയ തിരിച്ചടിയാണ്. രാഷ്ട്രീയ ലക്ഷ്യം വച്ചു മാത്രം നടപ്പാക്കിയ ഈ വാർഡ് വിഭജനം തീർത്തും നിയമവിരുദ്ധമെന്നു കണ്ടാണ് കോടതി അതു റദ്ദാക്കിയിരിക്കുന്നത്. ഭരണ മുന്നണിയുടെ രാഷ്ട്രീയ താത്‌പര്യങ്ങൾക്കുവേണ്ടി നിയമവും ചട്ടങ്ങളും മറികടക്കുന്നത് അനുവദിക്കാനാവില്ലെന്ന സന്ദേശമാണ് കോടതി വിധി നൽകുന്നത്. യു.ഡി.എഫ് പ്രവർത്തകർ സമർപ്പിച്ച ഹർജികൾ അനുവദിച്ചുകൊണ്ട് കോടതി പുറപ്പെടുവിച്ച ഉത്തരവ് പരിശോധിച്ചാൽ കരട് വിജ്ഞാപനം വരെ എത്തിനിൽക്കുന്ന പുതിയ വാർഡ് വിഭജനവും കോടതി കയറാൻ പാകത്തിലുള്ളതാണെന്ന് ബോദ്ധ്യമാകും.
മലബാർ മേഖലയിലെ പാനൂർ, മട്ടന്നൂർ, മുക്കം, പയ്യോളി, ഫറോഖ്, കൊടുവള്ളി, ശ്രീകണ്ഠാപുരം, പട്ടാമ്പി നഗരസഭകളിലെയും പടന്ന പഞ്ചായത്തിലെയും വാർഡ് വിഭജനമാണ് കോടതി റദ്ദാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ ജയസാദ്ധ്യത കണക്കിലെടുത്താണ് വാർഡുകൾ പുനഃസംഘടിപ്പിച്ചതെന്ന ഹർജിക്കാരുടെ വാദം തള്ളിക്കളയാനാവില്ല. പുതിയ സെൻസസ് ഉടനെ നടക്കാനിരിക്കെ, 2011- ലെ സെൻസസ് അനുസരിച്ച് ഇപ്പോൾ വാർഡ് വിഭജനം നടത്തേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. എന്നിട്ടും ഹർജികളിൽ പറയുന്ന മുനിസിപ്പാലിറ്റികളിലും പഞ്ചായത്തിലും വാർഡ് വിഭജനം പൂർത്തിയാക്കി. 2011-ലെ സെൻസസ് അനുസരിച്ച് വാർഡുകൾ രൂപീകരിച്ച ഈ തദ്ദേശസ്ഥാപനങ്ങൾ 2015-ൽ മാത്രം നിലവിൽ വന്നവയാണ്. അതേ സെൻസസ് റിപ്പോർട്ട് വച്ചുകൊണ്ട് വീണ്ടും ഇവിടങ്ങളിലെ വാർഡുകൾ പുനർ വിഭജിച്ചത് ബന്ധപ്പെട്ട നിയമത്തിനും ചട്ടങ്ങൾക്കും എതിരാണെന്നു ചൂണ്ടിക്കാട്ടിയാണ് അവ അപ്പാടെ കോടതി റദ്ദാക്കിയത്.
ഏതൊരു നിയമ ഭേദഗതിക്ക് മുതിരുമ്പോഴും അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാദ്ധ്യത കണ്ടു വേണം മുന്നോട്ടുപോകാൻ. സ്വാർത്ഥ താത്‌പര്യങ്ങളല്ല പരിഗണിക്കപ്പെടേണ്ടത്. വാർഡ് വിഭജന കാര്യത്തിൽ സർക്കാർ നിഷ്‌പക്ഷമായാണ് തീരുമാനമെടുത്തതെന്ന് പറയാനാവില്ല. വാർഡ് പുനർ വിഭജനത്തിനെതിരെ വ്യാപകമായി ഇപ്പോഴും ഉയർന്നുകൊണ്ടിരിക്കുന്ന പ്രതിഷേധവും പരാതികളും അതാണ് തെളിയിക്കുന്നത്. തങ്ങൾക്ക് രാഷ്ട്രീയ സ്വാധീനമുള്ള പ്രദേശങ്ങൾ ചേർത്ത് വിജയസാദ്ധ്യത ഉറപ്പിക്കുന്ന വിധത്തിലാണ് പുതിയ വാർഡുകളിൽ ഏറെയും രൂപീകരിച്ചിട്ടുള്ളതെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആക്ഷേപം. കൂലങ്കഷമായി പരിശോധിച്ചാൽ ഇതിൽ വാസ്തവമുണ്ടെന്ന് ബോദ്ധ്യമാവുകയും ചെയ്യും. ഈ പ്രക്രിയ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയ സാദ്ധ്യത അട്ടിമറിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ ആശങ്ക.
രാഷ്ട്രീയ ജയാപജയങ്ങൾ മാറ്റിവച്ചാൽ പൊതുജനങ്ങൾക്കും ഇപ്പോഴത്തെ ഈ വാർഡ് വിഭജനം ആവശ്യമില്ലാത്ത പൊല്ലാപ്പുകൾക്ക് കാരണമാകും. വാർഡ് മാറ്റത്തിനൊപ്പം വീട്ടുനമ്പരുകളും മാറ്റിക്കുറിക്കേണ്ടിവരും. ഇതിനകം പലതവണ വാർഡുകൾ മാറ്റിയതിനാൽ സ്ഥിരം മേൽവിലാസവും മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ മാറ്റത്തിനൊപ്പം സ്ഥിരം നമ്പർ നൽകി വീട്ടുടമകളെ തൃപ്തിപ്പെടുത്താനാണ് ആലോചന. പുതിയ സെൻസസ് ഉടനെ നടക്കാനിരിക്കെ വാർഡ് വിഭജനം അതു കഴിഞ്ഞു പോരായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്. തിരഞ്ഞെടുപ്പിനു മുൻപ് വാർഡ് വിഭജനം കൂടിയേ തീരൂവെങ്കിൽ ഏറ്റവും കുറച്ച് മാറ്റങ്ങൾ വരുന്ന വിധത്തിൽ ഈ പ്രക്രിയ പൂർത്തിയാക്കാൻ കഴിയുമായിരുന്നില്ലേ? രാഷ്ട്രീയലാഭത്തിൽ മാത്രം കണ്ണുവച്ച് ഏതു കാര്യത്തിലും തീരുമാനങ്ങളെടുക്കുന്നത് ജനങ്ങൾക്ക് ആവശ്യമില്ലാത്ത പ്രയാസങ്ങൾ സൃഷ്ടിക്കുകയേയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |