SignIn
Kerala Kaumudi Online
Thursday, 20 November 2025 7.46 PM IST

ബ്രൂവറിക്കെതിരെ കൊലവെറി

Increase Font Size Decrease Font Size Print Page
a

വികസന വിരുദ്ധത കേരളത്തിന്റെ രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള സംഗതിയാണ്. ദേശീയപാതാ വികസനം ഇത്രയും വൈകിയത് അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടാം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പോയി എല്ലാ നല്ല റോഡുകളും അനുബന്ധ സംവിധാനങ്ങളും കണ്ടിട്ടുള്ളവനാണ് മലയാളി. പക്ഷേ സ്വന്തം നാട്ടിൽ അത് വരാൻ പോകുമ്പോൾ തൊടുന്യായങ്ങളും അനാവശ്യ ഭീതിയും പരത്തി അത് വർഷങ്ങളോളം മുടക്കുന്നത് മലയാളിയുടെ ശീലങ്ങളിലൊന്നാണ്. രാഷ്ട്രീയ വ്യത്യാസമൊന്നുമില്ലാതെ,​ ഏതാണ്ട് പൊതു സ്വഭാവമായാണ് കഴിഞ്ഞ ഏതാനും വർഷങ്ങൾക്ക് മുമ്പുവരെ അത് നിലനിന്നിരുന്നത്. ഒരിക്കലും നടക്കില്ലെന്നു കരുതിയ ദേശീയപാതാ വികസനവും കൊച്ചി മെട്രോയും വിഴിഞ്ഞം തുറമുഖവുമൊക്കെ സാധിതപ്രായമാകുന്നത് ഈ മനോഭാവത്തിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്.

വൻകിട വ്യവസായികൾക്ക് കേരളം മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെന്ന പോലെ വ്യവസായം നടത്താൻ അനുയോജ്യമായ സ്ഥലമാണെന്ന വസ്തുത ഇപ്പോൾ എറെക്കുറെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. മാറിയ കാലത്തിന് അനുസരിച്ചുള്ള സംസ്ഥാന വ്യവസായ വകുപ്പിന്റെ സമീപനങ്ങൾ വികസന വിരുദ്ധമല്ല കേരളമെന്ന് തെളിയിച്ചുകൊണ്ടും ഇരിക്കുകയാണ്. വിദേശങ്ങളിലേക്കു ചേക്കേറാനുള്ള അഭ്യസ്തവിദ്യരുടെ പ്രവണത തടയണമെങ്കിൽ പുതിയ സംരംഭങ്ങൾ കേരളത്തിൽ വരുമെന്നും വിജയിക്കുമെന്നും തെളിയിക്കേണ്ടത് ഭരണാധികാരികളുടെ ഉത്തരവാദിത്വവും കടമയുമാണ്. ഈ പശ്ചാത്തലത്തിൽ വേണം കഞ്ചിക്കോട്ട് ബ്രൂവറി തുടങ്ങാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തെയും വീക്ഷിക്കേണ്ടത്. കുടിവെള്ള ലഭ്യതയുടെയും പരിസ്ഥിതി നാശത്തിന്റെയും മറ്റും പേരിൽ ഇത് തടയാൻ ശ്രമിക്കുന്നത് പഴയ വികസന വിരുദ്ധതയുടെ ദുഷ്ടുകൾ ഇന്നും രക്തത്തിൽ നിന്ന് മാറിപ്പോയിട്ടില്ലെന്നതിന്റെ നിദർശനമായേ കാണാനാകൂ.

ഏതൊരു പദ്ധതിയും വരുന്നതിന് മുമ്പ് തന്നെ അതിന്റെ പിന്നിൽ ഗൂഢാലോചനയും അഴിമതിയും നടന്നു എന്ന് പ്രചരിപ്പിച്ചാൽ അതൊന്നും പഴയതുപോലെ വിലപ്പോവില്ല എന്ന് പ്രതിപക്ഷ കക്ഷികളും മനസിലാക്കണം. കഞ്ചിക്കോട്ട് ബ്രൂവറി തുടങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം നിയമസഭയിൽ വ്യക്തമാക്കിയത് തികച്ചും സ്വാഗതാർഹമാണ്. ഇതിലൂടെ 600 കോടിയുടെ നിക്ഷേമപവും,​ 650 പേർക്ക് നേരിട്ടും രണ്ടായിരത്തോളം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. കേരളത്തിൽ പത്തിൽ ഏഴും ആരംഭിച്ചത് യു.ഡി.എഫ് ഭരണകാലത്താണ്. അന്ന് ടെൻഡർ വിളിച്ചല്ല അനുമതി നൽകിയത്. നിലവിലെ നിയമം അനുസരിച്ച് യോഗ്യതയുള്ളവർക്ക് ലൈസൻസ് അനുവദിക്കാം. അതിന് ടെൻഡർ ആവശ്യമില്ലെന്ന് മദ്യനയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വ്യവസായം തുടങ്ങാൻ നിക്ഷേപകർ വരുമ്പോൾ ടെൻഡറെന്ന് പറയുന്നത് അപ്രായോഗികമാണ്. ടാറ്റാ ഗ്രൂപ്പ് കമ്പനി തുടങ്ങാൻ വരുമ്പോൾ, 'നിൽക്ക്, ടെൻഡർ വിളിക്കട്ടെ" എന്ന് പറയാൻ കഴിയുമോ എന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് വളരെ പ്രസക്തമാണ്.

കർണാടകയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമാണ് കേരളത്തിലേക്ക് ഇൻഡസ്ട്രിയൽ സ്പിരിറ്റും എഥനോളും മറ്റും എത്തുന്നത്. 3000 കോടിയിലേറെ രൂപയാണ് ഇങ്ങനെ അന്യസംസ്ഥാനത്തേക്ക് ഒഴുകുന്നത്. ശരാശരി ലിറ്ററിന് പത്തു രൂപയാണ് ട്രാൻസ്‌പോർട്ടേഷൻ ചാർജ്. ഇതു മാത്രം 400 കോടിയോളം രൂപ വരും. കേരളത്തിൽ ബ്രൂവറി തുടങ്ങിയാൽ ട്രാൻസ്‌പോർട്ടേഷൻ ചാർജ് രണ്ടു രൂപയായി കുറയും. ഈ ഇനത്തിൽ മാത്രം 300 കോടി ലാഭിക്കാം. മാത്രമല്ല,​ പാലക്കാട്ടെ കർഷകർക്കും ഇത് നേട്ടമാകും. കാരണം വിവിധ കാർഷികോത്‌പന്നങ്ങൾ ഉപയോഗിച്ചാണ് ബ്രൂവറിയിൽ സ്പിരിറ്റ് നിർമ്മാണം. അഞ്ച് ഏക്കർ സ്ഥലത്ത് സംഭരണികൾ സ്ഥാപിച്ച് മഴവെള്ളം ശേഖരിച്ചാൽ കമ്പനിക്ക് ജലത്തിനായി മറ്റു സ്രോതസുകളെ ആശ്രയിക്കേണ്ടിവരില്ലെന്നാണ് ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് അധികൃതർ വ്യക്തമാക്കുന്നത്. മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ ഒരംശം പോലും വേണ്ട ബ്രൂവറി പ്രവർത്തിപ്പിക്കാൻ. ഇതൊക്കെ മറച്ചുവച്ച് രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ബ്രൂവറിക്കെതിരെ കൊലവെറി നടത്തുന്നത് അർത്ഥശൂന്യമാണ്.

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.