സംസ്ഥാനത്ത് 25 കുട്ടികൾ പോലുമില്ലാത്ത 1197 സ്‌കൂളുകളുണ്ടെന്ന വെളിപ്പെടുത്തൽ പൊതുവിദ്യാഭ്യാസ മേഖല ഭാവിയിൽ അഭിമുഖീകരിക്കാൻ പോകുന്ന വലിയ വിപത്തിലേക്കാണ് വിരൽചൂണ്ടുന്നത്. കഴിഞ്ഞ അദ്ധ്യയന വർഷം ഈ ഗണത്തിൽപെട്ട 961 സ്‌കൂളുകളാണ് ഉണ്ടായിരുന്നത്. ഒരു വർഷം കഴിഞ്ഞപ്പോൾ 236 സ്‌കൂളുകൾ കൂടി പട്ടികയിൽ ഇടംപിടിച്ചു. കുട്ടികൾ ഗണ്യമായി കുറഞ്ഞെങ്കിലും പൊതുവിദ്യാലയങ്ങൾ പൂട്ടുക എന്നത് സർക്കാരിന്റെ നയമല്ലാത്തതിനാൽ അവ തുടർന്നും മുന്നോട്ടു കൊണ്ടുപോകേണ്ടിവരും. ഇതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം സർക്കാർ വഹിക്കേണ്ടതായും വരും.
സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ കഴിഞ്ഞ കുറെ വർഷങ്ങളായി കുട്ടികൾ കൂടിക്കൊണ്ടിരിക്കുകയാണെന്ന വിദ്യാഭ്യാസ വകുപ്പിന്റെ അവകാശവാദത്തെ ചോദ്യം ചെയ്യുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കണക്കുകൾ. കഴിഞ്ഞ രണ്ടുവർഷവും സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ളാസിൽ ചേരുന്ന കുട്ടികളുടെ സംഖ്യയിൽ കുറവാണ് രേഖപ്പെടുത്തിയത്. എന്നാൽ സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ കുട്ടികൾ കൂടുകയായിരുന്നു. ഒരിടയ്ക്ക് ഈ പ്രവണത നേരെ വിപരീതമായിരുന്നു എന്നും ഓർക്കേണ്ടതുണ്ട്. പൊതു വിദ്യാലയങ്ങളിൽ പഠിച്ചാൽ വേണ്ടത്ര മേൽഗതി ഉണ്ടാവുകയില്ലെന്ന തെറ്റിദ്ധാരണ പൊതുവേ സമൂഹത്തിൽ കാണുന്നുണ്ട്. അതുകൊണ്ടാണ് ദരിദ്ര വിഭാഗത്തിൽപ്പെട്ടവർ പോലും സർവ ത്യാഗങ്ങളും സഹിച്ച് തങ്ങളുടെ മക്കളെ സ്വാശ്രയ സ്‌കൂളുകളിലേക്ക് പറഞ്ഞയയ്ക്കുന്നത്. എല്ലാവർക്കും അതിനു സാധിക്കുന്നില്ലെന്നതും പറയേണ്ടതുണ്ട്. ഒരുമാതിരി പണം മുടക്കാൻ കെല്പുള്ളവരെല്ലാം തന്നെ ആ വഴിക്കാണ് നീങ്ങുന്നത്.
പതിനഞ്ചു കുട്ടികൾ പോലും ഇല്ലാത്ത പൊതു വിദ്യാലയങ്ങളെ 'അൺ ഇക്കണോമിക്" വിഭാഗത്തിൽപ്പെടുത്തി പട്ടിക തയ്യാറാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. 2017 വരെ ഈ സമ്പ്രദായമാണ് നിലനിന്നത്. പിന്നീടാണ് 'അനാദായ വിദ്യാലയങ്ങൾ" എന്ന വിലാസത്തിൽ നിന്ന് മിനിമം 25 കുട്ടികളെങ്കിലുമില്ലാത്ത സ്‌കൂളുകൾ എന്ന നിലയിലേക്കുള്ള മാറ്റമുണ്ടായത്. സ‌്‌കൂളുകളുടെ എണ്ണത്തിലെന്നതു പോലെ എയ്‌ഡഡ് മേഖലയിലാണ് കുട്ടികൾ കുറവുള്ള സ്‌കൂളുകളിൽ അധികവും. 745 എയ്‌ഡഡ് സ്‌കൂളുകൾ 25-ൽ താഴെ കുട്ടികളുമായി പ്രവർത്തിക്കുന്നവയാണ്. സർക്കാർ മേഖലയിലാകട്ടെ ഈ ഗണത്തിൽ 452 സ്‌കൂളുകളാണ് ഉള്ളത്. ഇവയിൽ 34 സർക്കാർ സ്‌കൂളുകളിൽ പത്തിൽ താഴെയാണ് കുട്ടികളുടെ എണ്ണം. സ്വകാര്യ മേഖലയിലാകട്ടെ 160 സ്‌കൂളുകളുണ്ട്.
ഏറ്റവും കുറവ് കുട്ടികളുമായി പ്രവർത്തിക്കേണ്ടിവരുന്ന സ്‌കൂളുകൾ സൃഷ്ടിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ തരണം ചെയ്യാൻ സർക്കാർ എന്തെങ്കിലും മാർഗം കണ്ടെത്തിയേ മതിയാവൂ. കുട്ടികൾ കുറയുന്നതുമൂലം അദ്ധ്യാപക സമൂഹത്തിന് ഭാവിയിൽ ഉണ്ടാകാനിടയുള്ള നിയമന നഷ്ടം ഗൗരവമുള്ളതു തന്നെയാണ്. ഇപ്പോൾ സർവീസിലുള്ള അദ്ധ്യാപകരുടെ ഭാവിക്കും ഈ പ്രതിഭാസം ദോഷം ചെയ്യും. കുറവ് കുട്ടികളുള്ള സ്‌കൂളുകൾ അടുത്തടുത്താണ് ഉള്ളതെങ്കിൽ അവ സംയോജിപ്പിച്ച് ഒറ്റ സ്‌കൂളായി പ്രവർത്തിപ്പിക്കാനുള്ള സാദ്ധ്യത പരിശോധിക്കാവുന്നതാണ്. പത്തും പതിനഞ്ചും കുട്ടികളുമായി സ്‌കൂളുകൾ നടത്തിക്കൊണ്ടു പോകുന്ന ഏർപ്പാട് അത്ര സുഖമുള്ള കാര്യമല്ല. ഈ വിഷയത്തിൽ പുതിയ നയസമീപനത്തിന് സർക്കാർ ഇനിയും വൈകിക്കൂടാ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |