
റാഗിംഗ് ക്രൂരതകളുടെ ഭീകരത പുറത്തുവന്നത് സെൽഫോണിൽ പകർത്തിയ ചിത്രങ്ങളിലൂടെയാണ്. പ്രാകൃതമായ ശിക്ഷാനടപടികളെപ്പോലും നാണിപ്പിക്കുന്ന വിധത്തിലുള്ള രംഗങ്ങളാണ് ജനങ്ങൾ സോഷ്യൽ മീഡിയയിലൂടെ കണ്ടത്. റാഗിംഗ് എന്ന പേരിൽ നടക്കുന്നത് ആഭാസവും സാഡിസവുമാണെന്നത് വെളിപ്പെടുത്തുന്നതായിരുന്നു കോട്ടയത്തെ നഴ്‌സിംഗ് കോളേജിൽ നടന്ന റാഗിംഗ്. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് റാഗിംഗ് പീഡനത്തിനിരയായി കൊല്ലപ്പെട്ടത് കേരളത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ച സംഭവമായി മാറിയിരുന്നു. റാഗിംഗ് തടയാൻ ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും അദ്ധ്യാപകരും യൂണിവേഴ്‌സിറ്റി പ്രതിനിധികളും മറ്റും അടങ്ങുന്ന സമിതികളുണ്ടെങ്കിലും അവയൊന്നും ഫലപ്രദമായി പ്രവർത്തിക്കുന്നില്ല.
റാഗിംഗ് എന്ന പേരിൽ നടക്കുന്ന അക്രമങ്ങൾ അതിരുവിടുമ്പോൾ മാത്രമാണ് പുറത്തുവരുന്നത്. അല്ലാതുള്ള പരാതികൾ അതത് സ്ഥാപനങ്ങളിൽത്തന്നെ ആരുമറിയാതെ ഒതുക്കുകയാണ് ചെയ്യുന്നത്. വിദ്യാർത്ഥി സംഘടനകളുടെ നേതാക്കന്മാർ ഉൾപ്പെട്ട സംഭവമാണെങ്കിൽ പരാതി നൽകാൻപോലും ഇരകൾ തയ്യാറാകില്ല. വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനത്തിൽ വന്ന ഭയാനകമായ മൂല്യച്യുതിയാണ് പലപ്പോഴും ഇത്തരം കിരാത പ്രവൃത്തികൾ ക്യാമ്പസുകളിൽ ആവർത്തിക്കാൻ ഇടയാക്കുന്നത്. അതുമാത്രമല്ല, വിദ്യാർത്ഥികൾ ഉൾപ്പെട്ട കേസായതിനാൽ കോടതികളിൽ വന്നാലും വലിയ ശിക്ഷയൊന്നും കിട്ടാൻ പോകുന്നില്ല എന്നൊരു ധാരണയും വിദ്യാർത്ഥികൾക്കിടയിൽ പടർന്നിട്ടുണ്ട്. റാഗിംഗിന്റെ പേരിൽ ജൂനിയർ വിദ്യാർത്ഥികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതും പതിവാണ്.
അതിശക്തമായ ശിക്ഷാനടപടികളിലൂടെ ഈ ദുഷ്‌പ്രവൃത്തി അവസാനിപ്പിച്ചേ മതിയാകൂ എന്ന സന്ദേശമാണ് റാഗിംഗ് കേസുകൾ കേൾക്കാൻ പ്രത്യേക ഡിവിഷൻ ബെഞ്ച് രൂപീകരിക്കാനുള്ള തീരുമാനത്തിലൂടെ ഹൈക്കോടതി നൽകിയിരിക്കുന്നത്. സിദ്ധാർത്ഥിന്റെ മരണത്തിൽ സർവകലാശാലാ റാഗിംഗ് വിരുദ്ധ സ്ക്വാഡിന്റെ അന്വേഷണം മാർച്ച് 31-നകം തീർക്കാൻ കർശന നിർദ്ദേശവും കോടതി നൽകി. ചീഫ് ജസ്‌റ്റിസ് നിതിൻ ജാംദാറും ജസ്റ്റിസ് സി. ജയചന്ദ്രനും ഉൾപ്പെട്ട ബെഞ്ചാണ് ഇനി റാഗിംഗ് കേസുകൾ കേൾക്കുക. റാഗിംഗ് വിരുദ്ധ നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് ജില്ലാ, സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിക്കണമെന്ന് കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിട്ടി പൊതുതാത്‌പര്യ ഹർജിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയം ഗവ. നഴ്സിംഗ് കോളേജ് വിദ്യാർത്ഥിയെ സീനിയേഴ്സ് കോമ്പസുകൊണ്ട് ശരീരമാകെ വരഞ്ഞ് ലോഷനൊഴിച്ച സംഭവം ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.
റാഗിംഗ് കേസിൽ ഉൾപ്പെടുന്നവരെ തുടർ പഠനത്തിന് അനുവദിക്കുന്ന തരത്തിൽ കോളേജിൽ വീണ്ടും പ്രവേശനം നൽകുന്നത് സംബന്ധിച്ചും തർക്കങ്ങൾ നിലനിലൽക്കുന്നുണ്ട്. ശിക്ഷാ കാലാവധി കഴിഞ്ഞാൽ പഠിക്കാൻ അനുവദിക്കണമെന്ന വാദഗതികളും ഉയർന്നുവരുന്നുണ്ട്. എന്നാൽ, അതേ കോളേജിൽത്തന്നെ അവർക്ക് പ്രവേശനം നൽകാതെ സമാനമായ മറ്റ് കോളേജുകളിലേക്ക് മാറിപ്പോകാൻ അനുവദിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. ഇക്കാര്യങ്ങളിലൊക്കെ പ്രത്യേക ബെഞ്ച് വ്യക്തത വരുത്തുമെന്ന് പ്രതീക്ഷിക്കാം. റാഗിംഗ് കേസിൽപ്പെട്ടാലും പഠനം തുടരാനും അതേ കോളേജിലേക്കുതന്നെ തിരിച്ചുവരാനും കഴിയുമെന്ന ധാരണ പൊളിക്കേണ്ടത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അനിവാര്യമാണ്. അതുപോലെ തന്നെ, സിദ്ധാർത്ഥ് കേസ് പുനരന്വേഷണത്തിന്റെ ഭാഗമായ ആന്റി റാഗിംഗ് സ്ക്വാഡ് യോഗത്തിൽ സിദ്ധാർത്ഥിന്റെ മാതാപിതാക്കളെ പങ്കെടുപ്പിക്കാൻ ആദ്യമൊക്കെ തയ്യാറാകാതിരുന്ന പൂക്കോട് വെറ്ററിനറി കോളേജ് ഒടുവിൽ അതിനു സമ്മതിച്ചത് നല്ല കാര്യമാണ്. തെറ്റു ചെയ്താൽ കഠിന ശിക്ഷ കിട്ടുമെന്ന് ഉറപ്പാകുന്നതോടെയല്ലാതെ ഈ പ്രാകൃത സമ്പ്രദായം അവസാനിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |