സമൂഹത്തിന്റെ എല്ലാ ശ്രേണിയിലുമുള്ള സ്‌ത്രീജനങ്ങൾ ഒരു വർഷം കാത്തിരുന്ന്, വിദൂര സ്ഥലങ്ങളിൽ നിന്നു പോലും സഞ്ചരിച്ചെത്തി, പൊരിവെയിലിനെയും ചൂടിനെയും പുകയെയുമൊക്കെ അമ്മയ്ക്കു വേണ്ടിയുള്ള സഹനമായി കരുതി, ആനന്ദത്തോടെ സമർപ്പിക്കുന്ന അനുഷ്ഠാനമാണ് ആറ്റുകാൽ പൊങ്കാല. മറ്റു പല ക്ഷേത്രങ്ങളിലും പൊങ്കാല നിവേദ്യ സമർപ്പണം ഉണ്ടെങ്കിലും ആറ്റുകാൽ പൊങ്കാലയോളം ഫലസിദ്ധിദായകവും പുകൾപെറ്റതുമായ പൊങ്കാല ഇന്ത്യയിൽത്തന്നെ മറ്റൊന്നില്ല എന്നു പറയാം. പൊങ്കാല നടക്കുന്ന ആഴ്ച തിരുവനന്തപുരം നഗരത്തിലേക്ക് ആയിരക്കണക്കിനും, പൊങ്കാല ദിവസം ലക്ഷക്കണക്കിനും ഭക്തകളാണ് പ്രവഹിക്കുന്നത്. പഴയ കാലങ്ങളിൽ നിന്ന് പൊങ്കാലയ്ക്കും ആത്മസമർപ്പണത്തിനും വ്യത്യാസമൊന്നുമില്ലെങ്കിലും അതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കും ബിസിനസുകൾക്കുമെല്ലാം വലിയ മാറ്റം വന്നിട്ടുണ്ട്.
വിവിധ മേഖലകളിലായി ലക്ഷങ്ങളും കോടികളും മറിയുന്ന ഒരു വലിയ വ്യാപാരത്തിന്റെ പ്രവർത്തനങ്ങളും പൊങ്കാലയുടെ ഭാഗമായി പിന്നണിയിൽ നടക്കുന്നുണ്ട്. പഴയ നാളുകളിൽ പൊങ്കാലയ്ക്ക് ആവശ്യമായ അരി, പഴം, നെയ്യ്, തേങ്ങ, ശർക്കര തുടങ്ങി എല്ലാം അവരവർ തന്നെ വീട്ടിൽ നിന്ന് ഒരുക്കി കൊണ്ടുവരികയായിരുന്നു. ഇപ്പോഴാകട്ടെ പൊങ്കാല കിറ്റ് ഒരു വലിയ ബിസിനസ് ആയി മാറിയിരിക്കുന്നു. അത് ആധുനിക കാലത്ത് വളരെ സൗകര്യപ്രദവുമാണ്. ആറ്റുകാൽ പൊങ്കാലകൊണ്ട് ഇതുപോലെ കലം, ഇഷ്ടിക, തോർത്ത്, പൂവ് തുടങ്ങി പല സാധനങ്ങളും വിൽക്കുന്നവരിലും അതിലൂടെ അതിന്റെ ഉത്പാദകരിലും ചെറുതല്ലാത്ത ഒരു സംഖ്യയാണ് എത്തിച്ചേരുന്നത്. ആത്മീയമായ നിർവൃതിക്കൊപ്പം പ്രത്യക്ഷമായ ഭൗതിക അനുഗ്രഹവും ഇങ്ങനെ നിരവധി കരങ്ങളിൽ എത്തിച്ചേരാൻ കൂടി ഈ അപൂർവ സ്‌ത്രീജന ഭക്ത സഹസ്രസംഗമം ഇടയാക്കുന്നുണ്ട് എന്നത് വിസ്മരിക്കാനാവില്ല.
ശബരിമലയ്ക്കു സമാനമായി, വരുന്നവരെല്ലാം വലിപ്പച്ചെറുപ്പമില്ലാതെ ഒന്നായി മാറുന്ന ഒരു അനുഭവം ആറ്റുകാൽ പൊങ്കാലയും പ്രദാനം ചെയ്യുന്നുണ്ട്. അവിടെ, ഉയർന്ന ഉദ്യോഗസ്ഥകളും വലിയ ചലച്ചിത്ര നടികളും ബിസിനസ് ഉടമകളും കൂലിപ്പണിക്കാരും തൊഴിലുറപ്പുകാരുമൊക്കെ അമ്മയുടെ മുന്നിൽ ഒരമ്മ പെറ്റ മക്കളെപ്പോലെ തുല്യഭാവത്തിൽ പൊങ്കാല സമർപ്പിക്കുന്നു എന്നത് നയനാനന്ദകരമായ അനുഭൂതിയാണ് പകരുന്നത്. ഇത്തവണ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശവും മാദ്ധ്യമങ്ങളിലൂടെയുളള പ്രചാരണവും കാരണം പ്ളാസ്റ്റിക്കിന്റെ ഉപയോഗം നന്നേ കുറവായിരുന്നു എന്ന് പറയേണ്ടതുണ്ട്. പൊങ്കാലയിട്ടതിനുശേഷം, തളിക്കുന്നതിനിടയിലെ ഇടവേളയിൽ തിരുവനന്തപുരത്തിന്റെ പ്രധാന ജംഗ്ഷനുകളിലെല്ലാം നല്ല രീതിയിലുള്ള അന്നദാനം നടന്നു. പതിവുപോലെ നഗരത്തിലെ ക്രൈസ്‌തവ, മുസ്ലിം ആരാധനാലയങ്ങളും പൊള്ളുന്ന വെയിലിൽ ആശ്വാസം ഒരുക്കാനായി അവരുടെ ദേവാലയങ്ങളുടെ കവാടങ്ങൾ തുറന്നുകൊടുത്തിരുന്നു. പാളയം ജുമാ മസ്‌ജിദും പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലും പൊങ്കാലക്കാർക്ക് നൽകുന്ന സൗകര്യങ്ങൾ തികച്ചും മാതൃകാപരമാണ്.
പൊങ്കാല കഴിഞ്ഞ് അതിവേഗം നഗരം ശുദ്ധമാക്കിയ നഗരസഭയിലെ മൂവായിരത്തോളം ശുചീകരണ തൊഴിലാളികൾ അനുഷ്ഠിച്ച കർമ്മം എത്ര പ്രശംസിച്ചാലും മതിയാവാത്തതാണ്. ചില ഇടറോഡുകളിൽ പൊങ്കാലയുടെ അവശിഷ്ടങ്ങൾ ബാക്കിയായിരുന്നു. റസിഡന്റ്സ് അസോസിയേഷനുകൾ മുൻകൈയെടുത്തോ കോർപ്പറേഷനിൽ വിവരം അറിയിച്ചോ ഇതും വൃത്തിയാക്കേണ്ടതാണ്. രാത്രിയോടെ തന്നെ 2.5 ലക്ഷം ഇഷ്ടികകൾ ശേഖരിക്കാനായി. ഈ ചുടുകട്ടകൾ ലൈഫ് ഭവന പദ്ധതിയിലുള്ളവർക്ക് സൗജന്യമായി നൽകുന്നത് പൊങ്കാലയുടെ ഏറ്റവും വലിയ പുണ്യപ്രവൃത്തികളിൽ ഒന്നായി കാണണം. മികച്ച രീതിയിൽ പൊങ്കാല സംഘടിപ്പിച്ച ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളും സർക്കാർ ഏജൻസികളും ക്രമസമാധാനം പാലിച്ച വനിതകൾ ഉൾപ്പെട്ട പൊലീസുകാരും അന്നദാനം നൽകിയവരും നഗരം അലങ്കാരങ്ങളാൽ ഒരുക്കിയവരും ഗതാഗതസൗകര്യം ഒരുക്കിയ സർക്കാർ - സ്വകാര്യ സർവീസുകാരുമെല്ലാം അഭിനന്ദനം അർഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |