SignIn
Kerala Kaumudi Online
Friday, 09 May 2025 8.19 PM IST

പ്രതിരോധത്തിന്റെ പ്രചോദനം

Increase Font Size Decrease Font Size Print Page

d

ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും സാമൂഹ്യവും സാമ്പത്തികവുമായ നീതി ഉറപ്പാക്കുന്ന രാജ്യത്തെ പരമോന്നത നിയമമായി ഭരണഘടനയെ വാർത്തെടുത്ത ശില്പിയാണ് ഡോ. ബി.ആർ. അംബേദ്കർ. ഒരു സ്വതന്ത്ര നീതിന്യായ വ്യവസ്ഥിതിയിൽ മതേതര രാഷ്ട്രമായി, എല്ലാ പൗരന്മാർക്കും മൗലിക അവകാശങ്ങളും കടമകളും നിശ്ചയിച്ചിട്ടുള്ളതാണ് നമ്മുടെ ഭരണഘടന. പാർശ്വവത്കരിക്കപ്പെട്ട പട്ടികവിഭാഗ ജനതയ്ക്ക് തന്റെ ജീവിതാനുഭവങ്ങൾ കൂടി പരിഗണിച്ച് ഡോ. അംബേദ്കർ പ്രത്യേക സംവരണവും ഭരണഘടനയിൽ ഉറപ്പാക്കി.

ഭരണഘടനയിലൂടെ സ്ഥാപിതമായ ന്യൂനപക്ഷ അവകാശങ്ങളും ദളിത് സംരക്ഷണ നിയമങ്ങളുമൊക്കെ ഇല്ലാതാക്കാനാണ് ഇപ്പോഴത്തെ കേന്ദ്ര ഭരണകൂടത്തിന്റെ ശ്രമങ്ങൾ. കഴിഞ്ഞ ആഴ്ച പാർലമെന്റിൽ അവതരിപ്പിച്ച് നിയമമാക്കിയ വഖഫ് ഭേദഗതിയും,​ അവതരിപ്പിക്കും മുമ്പ് ഓർഗനൈസറിലൂടെ പുറത്തുവിട്ട ക്രൈസ്തവ സഭകൾക്കെതിരായ നീക്കവുമെല്ലാം ന്യൂനപക്ഷങ്ങളെ അപരവത്കരിച്ച് പുറന്തള്ളുന്നതിനുള്ള വഴികളാണ്. ഇങ്ങനെയൊരു സമൂഹത്തിൽ ഭരണഘടനയുടെ അടിസ്ഥാന ശിലകളായ മതേതരത്വവും സാമൂ ഹൃനീതിയുമൊക്കെ എങ്ങനെ സംരക്ഷിക്കപ്പെടും എന്നത് ചോദ്യ ചിഹ്നമായി മാറുന്നു.

ഇന്ത്യയിൽ മാത്രം രൂഢമൂലമായ ജാതിവ്യവസ്ഥയെ ആദർശവത്കരിക്കാനും നിലനിറുത്താനുമുള്ള മനുവാദികളുടെ എല്ലാ ശ്രമങ്ങളെയും നിഷ്കരുണം തള്ളിയാണ് ഭരണഘടനാ മൂല്യങ്ങൾ അംബേദ്കറും സംഘവും തയ്യാറാക്കിയത്.

എന്നാൽ ഭരണഘടനയെയാകെ മാറ്റിമറിക്കാനുള്ള പദ്ധതികളാണ് പുറത്തുവരുന്നത്. ബ്രിട്ടീഷുകാർ ഇന്ത്യയെ വിഭജിച്ച് ഭരിച്ചതിനേക്കാളുപരി രാജ്യത്തെ ജനങ്ങളെ, മതങ്ങളായും സമുദായങ്ങളായും വേർതിരിച്ച്, പ്രാദേശികമായി തമ്മിലടിപ്പിക്കുന്നു. ബി.ജെ.പി ഭരണമുള്ളിടത്തെല്ലാം ഈ വിഭജന നയങ്ങളാണ് നടപ്പാക്കുന്നത്.

ജനാധിപത്യത്തിന്റെ പേരിൽ ഭൂരിപക്ഷം ന്യൂനപക്ഷത്തെ അടിമയാക്കരുതെന്നും,​ ഭൂരിപക്ഷമാണ് ഭരണം നടത്തുന്നതെങ്കിലും ന്യൂനപക്ഷത്തിന് എപ്പോഴും സുരക്ഷിതത്വം അനുഭവപ്പെടണമെന്നും ഡോ. അംബേദ്കർ 1950-ൽ തന്നെ വ്യക്തമാക്കിയിരുന്നു. 1950 ജൂൺ 10- ന് നിയമമന്ത്രിയായ അവസരത്തിൽ ഡോ. ബി.ആർ. അംബേദ്‌കർ തിരുവനന്തപുരത്ത് ലെജിസ്ലേറ്റീവ് ചേംബറിൽ നടത്തിയ പ്രഭാഷണത്തിലാണ് ഇന്നത്തെ സമകാലിക രാഷ്ട്രീയ പകപോക്കലുകളെ ദീർഘദർശനം ചെയ്ത് പ്രസംഗിച്ചത്.

ജാതി- മതരഹിതമായ ഇന്ത്യയ്ക്കുവേണ്ടിയായിരുന്നു അംബേദ്കറിന്റെ പോരാട്ടം. സമത്വത്തിലേക്കുള്ള ആദ്യപടിയായി പട്ടികവിഭാഗക്കാരെ രാഷ്ട്രീയ പ്രാതിനിദ്ധ്യത്തിലൂടെയും മറ്റും ചേർത്തുപിടിച്ചത്‍ ജാതി,​ ജന്മിത്വ ചിന്തകൾ പേറുന്നവർക്ക് വേണ്ടത്ര പിടിച്ചിട്ടില്ല. പട്ടിക വിഭാഗങ്ങളുടെ ക്ഷേമകാര്യങ്ങൾ നോക്കുന്ന മന്ത്രി 'ഉന്നതകുല ജാതനാകണമെന്നു" പോലും കേരളത്തിൽ നിന്നുള്ള ഒരു കേന്ദ്രമന്ത്രി അടുത്തിടെ പരസ്യമായി പറഞ്ഞു. ജന്മത്തെ അടിസ്ഥാനമാക്കി മനുഷ്യനെ ചാതുർവർണ്യത്തിലേക്ക് ചവിട്ടിത്താഴ്ത്താനാണ് ഇവർ ശ്രമിക്കുന്നതെന്ന് പിന്നാക്ക ജനവിഭാഗങ്ങൾ തിരിച്ചറിയണം.

കേരളം തീർത്ത

മാതൃകകൾ

രാജ്യത്തിന്റെ പൊതുസ്ഥിതിയിൽ നിന്ന് വ്യത്യസ്തമായി,​ കേരളം സാമൂഹ്യനീതിയിലും വികസന മാതൃകകളിലും ശ്രദ്ധേയമാകുകയാണ്. കേരളത്തിൽ ഇ.എം.എസിന്റെ നേതൃത്വത്തിൽ വന്ന ആദ്യ സർക്കാരിന്റെ വിദ്യാഭ്യാസ പരിഷ്കാങ്ങളും തുടർന്നു വന്ന ഇടതു സർക്കാരുകൾ നടപ്പാക്കിയ ഭൂപരിഷ്കരണം, കാർഷിക നിയമങ്ങൾ, സാക്ഷരതാ പ്രസ്ഥാനം, ജനകീയാസൂത്രണം തുടങ്ങിയവയൊക്കെ കേരളത്തിന്റെ സാമൂഹ്യ വളർച്ചയിൽ വൻ മാറ്റങ്ങളുണ്ടാക്കി. എന്നാൽ ഈ നേട്ടങ്ങളുടെ തുടർച്ചയ്ക്ക് മാറിമാറി വരുന്ന സർക്കാരുകൾ തയ്യാറായില്ല എന്നതാണ് വസ്തുത. 2016- ൽ അധികാരത്തിലേറിയ എൽ.ഡി.എഫ് സർക്കാരിന് കേരള ചരിത്രത്തിലാദ്യമായി ഭരണത്തുടർച്ച കിട്ടി. ആ സർക്കാർ മുന്നോട്ടു വെച്ച നവകേരള മിഷനുകൾ വളരെ മികച്ച നിലയിൽ പ്രവർത്തിച്ചു.

രാജ്യത്തിന്റെ വികസന മാതൃകകളിൽ ജനകീയ ബദലായി എല്ലാ രംഗത്തും കേരളം മാറുകയാണ്. ഈ മാറ്റത്തിന്റെ അലയൊലികൾ പട്ടികവിഭാഗ,​ പിന്നാക്ക ജനവിഭാഗങ്ങൾക്കിയിലും ദൃശ്യമാണ്. 25 ശതമാനം വരുന്ന പട്ടിക വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി ബഡ്ജറ്റിൽ വകയിരുത്തിയിരുന്ന പ്രത്യേകഘടക പദ്ധതി തുക 10 ശതമാനമാനത്തിൽ നിന്ന് നാലു ശതമാനമായി കേന്ദ്ര സർക്കാർ വെട്ടിച്ചുരുക്കിയപ്പോൾ സംസ്ഥാന സർക്കാർ ബഡ്ജറ്റിന്റെ 12.5 ശതമാനം തുകയാണ് നീക്കിവയ്ക്കുന്നത്. ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കി,​ മുഴുവൻ പട്ടികവിഭാഗ കുടുംബങ്ങളെയും സാമൂഹ്യപുരോഗതിയിലേക്കു നയിക്കുന്നു.

പ്രീ പ്രൈമറി മുതൽ പിഎച്ച്.ഡി വരെയും വിദേശ വിദ്യാഭ്യാസത്തിനും സിവിൽ സർവീസ് തുടങ്ങി പൈലറ്റ് പരിശീലനത്തിനു വരെ സർക്കാർ തുണയാകുന്നു. പട്ടികജാതി- വർഗ, പിന്നാക്ക വിഭാഗ വകുപ്പുകൾ 14 ലക്ഷം വിദ്യാർത്ഥികൾക്ക് വിവിധ സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. എല്ലാവർക്കും ഭൂമിയും സുരക്ഷിതമായ വീടുമെന്ന ലക്ഷ്യത്തിലേക്കും നമ്മൾ അടുക്കുകയാണ്. ഒമ്പതു വർഷം കൊണ്ട് 40,000 ത്തിലേറെ പട്ടിക വിഭാഗം കുടുംബങ്ങൾക്ക് ഭൂമി നൽകിക്കഴിഞ്ഞു. ലൈഫ് പദ്ധതിയിൽ 1,60,000-ത്തോളം വീടുകളും അനുവദിച്ചു. കേരളത്തിലെ പട്ടിക ജനവിഭാഗങ്ങളുടെ ജീവിതത്തിലുണ്ടായ പുരോഗതികൾ തുടരാനും ഈ സൗകര്യങ്ങളും അവസരങ്ങളും നിലനിറുത്താനും കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കുവാൻ ഡോ. ബി ആർ അംബേദ്കറുടെ പോരാട്ടങ്ങളും സ്മരണകളും നമുക്ക് കരുത്തേകട്ടെ.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.