ഭീകരപ്രവർത്തനത്തെ പിന്തുണയ്ക്കുന്ന കാര്യത്തിൽ 'തീക്കൊള്ളികൊണ്ട് തല ചൊറിയുക"യെന്ന അബദ്ധത്തിന്റെ അന്താരാഷ്ട്ര തലസ്ഥാനമാണ് പാകിസ്ഥാനെന്ന് ജമ്മു കാശ്മീരിലെ പഹൽഗാമിൽ മൂന്നുദിവസം മുമ്പ് അവർ നടപ്പാക്കിയ ഭീകരാക്രമണം ആവർത്തിച്ച് തെളിയിച്ചിരിക്കുന്നു. എന്നാൽ, മലയാളി ഉൾപ്പെടെ ഇരുപത്തിയാറ് വിനോദസഞ്ചാരികളുടെ നേർക്ക് ദയയേതുമില്ലാതെ നിറയൊഴിച്ച് അവർ നടത്തിയ കൂട്ടക്കുരുതിയിൽ ഇന്ത്യയുടെ നേർക്ക് ഇതുവരെയില്ലാതിരുന്നതും, നികൃഷ്ടവുമായൊരു വർഗീയ യുദ്ധതന്ത്രം അമ്പേ പാളിപ്പോകുന്നതാണ് ലോകം കണ്ടത്. വിനോദസഞ്ചാരികളെ അവരുടെ സമുദായം ചോദിച്ച്, മുസ്ളിം പേരുകാരല്ലാത്തവരെ മാത്രം കൊന്നൊടുക്കുകയെന്ന മതഭീകരതയുടെ നീചകൃത്യത്തിലൂടെ പാകിസ്ഥാൻ ലക്ഷ്യമിട്ടത് മതസാഹോദര്യത്തിന്റെ വസന്തഭംഗി കാക്കുന്ന ഇന്ത്യയിൽ വർഗീയമായ ചേരിതിരിവിന്റെയും പരസ്പരദ്വേഷത്തിന്റെയും വിത്തു പാകുകയായിരുന്നു. പക്ഷേ, അതിന് കാശ്മീർ ജനതയെയും അവിടത്തെ രാജ്യസ്നേഹികളായ മുസ്ളിം ജനതയേയും കിട്ടില്ലെന്ന് പാകിസ്ഥാന് ആദ്യദിവസം തന്നെ മനസിലായി. അതുതന്നെയാണ് അവർക്കുള്ള ആദ്യ തിരിച്ചടി.
ഭീകരരുടെ കൈയിലെ തോക്ക് പിടിച്ചുവാങ്ങി തടയാൻ ശ്രമിക്കുന്നതിനിടെ അവരുടെ കുരുതിക്ക് ഇരയായ സയ്യിദ് ആദിൽ ഹുസൈൻ ഷാ എന്ന പഹൽഗാം സ്വദേശിയായ കുതിരക്കാരന്റെ വീരമൃത്യു, ഭീകരാക്രമണത്തിന്റെ ചോര പടർന്ന അദ്ധ്യായത്തിലെ ത്യാഗോജ്ജ്വലമായ ഏടാണ്. ആക്രമണ വിവരമറിഞ്ഞ് ഓടിയെത്തിയ മറ്രൊരു കുതിരക്കാരൻ സജ്ജാദ് അഹമ്മദ്, വെടിയേറ്റു വീണുകിടന്നവരിൽ ഒരാളെയും ചുമലിലേറ്റി അഞ്ചു കിലോമീറ്റർ ദൂരം കുന്നിൻചെരിവിലൂടെ ഓടി ശുശ്രൂഷാകേന്ദ്രത്തിലെത്തിച്ചതും സാഹോദര്യത്തിന്റെ തിളക്കമുള്ള മാതൃകയായുണ്ട്. കൊല്ലപ്പെട്ട കൊച്ചി സ്വദേശി എൻ. രാമചന്ദ്രനൊപ്പമുണ്ടായിരുന്ന മകൾ ആരതി, കാട്ടിലൂടെ ഓടി രക്ഷപ്പെട്ട് ഹോട്ടലിലെത്തിയപ്പോൾ എല്ലാ സഹായവുമായി ഒപ്പം നിന്ന മുസാഫിറിനെയും സമീറിനെയും കുറിച്ച് കണ്ണീരിൽ നനഞ്ഞ നന്ദിയോടെ പറയുന്നതും നെഞ്ചിൽ നിന്ന് മായുന്നില്ല. ഈ പറഞ്ഞവരെല്ലാം കാശ്മീരിനെ ഇന്ത്യയുടെ സ്വന്തം മണ്ണായി കാണുന്നവരും ഭീകരപ്രവർത്തനത്തെ വെറുക്കുന്നവരുമാണ്. കാശ്മീരിലെ മുസ്ളിം ജനതയുടെ ഈ മനസാണ് എല്ലാ മതഭീകരതയ്ക്കും മീതെ അതിർത്തിക്കപ്പുറമുള്ളവർ തിരിച്ചറിയേണ്ടത്.
ഭീകരരുടെ തോക്കിൻ നിഴലിൽ ഭയന്നുകഴിഞ്ഞിരുന്ന കാശ്മീരി ജനതയുടെ ജീവിതം രണ്ടുവർഷത്തിനിടെ പുഷ്പിച്ചത് അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് കനത്ത തിരിച്ചടി നല്കുന്നതിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ കേന്ദ്ര സർക്കാരും ഇന്ത്യൻ സൈന്യവും പുലർത്തിയ നിശ്ചയദാഢ്യത്തിന്റെ കരുത്തിലും തണലിലുമാണ്. സൗന്ദര്യത്തിന്റെ മലമടക്കുകളിലേക്കും സമാധാനത്തിന്റെ താഴ്‌വരകളിലേക്കും സഞ്ചാരികൾ വീണ്ടും ഒഴുകിത്തുടങ്ങിയതോടെ കാശ്മീരികളുടെ ജീവിതം ഉണർന്നു. ടൂർ ഓപ്പറേറ്റിംഗ് ഗ്രൂപ്പുകൾക്കു മുതൽ ഹോട്ടലുകൾക്കും ടാക്സികൾക്കും ഗൈഡുകൾക്കും കുതിരസവാരിക്കാർക്കും വരെ നല്ല വരുമാനം കിട്ടിത്തുടങ്ങി. വിശ്വാസം വിശുദ്ധിയോടെ ആചരിക്കേണ്ടതാണെന്നും, ജീവിതം സമൃദ്ധിയോടെ ആഘോഷിക്കേണ്ടതാണെന്നും കാശ്മീരികൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. 2020-ൽ വെറും 34 ലക്ഷം പേർ മാത്രം ടൂറിസ്റ്റുകളായി എത്തിയ കാശ്മീരിൽ കഴിഞ്ഞ വർഷമെത്തിയത് 2.36 കോടി വിനോദസഞ്ചാരികളാണ്! ആതിഥേയത്വത്തിന്റെ 'കാശ്മീരിയത്" മാതൃകയിൽ സുരക്ഷിതവും സമാധാനപൂർണവുമായ ജീവിതത്തിന്റെ ആശ്വാസം അനുഭവിച്ച അവർ ഇനിയൊരിക്കലും മതഭീകരതയുടെ വെറിയും ചോരച്ചാലും ആഗ്രഹിക്കില്ല. അതിനെല്ലാം മീതേയ്ക്കാണ് പാകിസ്ഥാൻ വർഗീയമായ ഭിന്നിപ്പ് ലക്ഷ്യമിട്ടു നടത്തിയ ഭീകരാക്രമണം രക്തപ്പുഴയൊഴുക്കിയത്.
പലവട്ടം പരീക്ഷിച്ച മട്ടിലുള്ളൊരു ഭീകരാക്രമണത്തിനു പകരം പ്രത്യക്ഷമായിത്തന്നെ മതഭീകരതയുടെ ക്രൂരമുഖമുള്ള ആക്രമണതന്ത്രം പാകിസ്ഥാൻ പരീക്ഷിച്ചത് സൈനികമായ ആക്രമണത്തിന് ഉറപ്പുള്ള ഇന്ത്യൻ തിരിച്ചടി നേരിടാൻ കെല്പില്ലെന്ന് സ്വയം തിരിച്ചറിയുന്നതുകൊണ്ടാകാം. ഭീകരാക്രമണമുണ്ടായ ദിവസം തന്നെ കാശ്മീരിൽ പലേടത്തും പ്രദേശവാസികൾ പാക് പതാക കത്തിച്ച് രോഷവും പ്രതിഷേധവും പ്രകടിപ്പിച്ചത് ശക്തമായ സന്ദേശംതന്നെയാണ്. എന്തായാലും, ഒരു സർജിക്കൽ സ്ട്രൈക്കിലൂടെ കാശ്മീർ വിഷയം ഒരിക്കൽക്കൂടി ലോകചർച്ചയാക്കാൻ ഇന്ത്യ ആഗ്രഹിക്കില്ല. മാത്രമല്ല, യുക്രെയിനിലും ഗാസയിലും പരിഹാരം യുദ്ധമല്ല, സമാധാനശ്രമമാണെന്ന് പ്രധാനമന്ത്രി ആവർത്തിക്കുന്നതുമാണ്. അതേസമയം, ശത്രുവിന് നൽകാവുന്ന ഏറ്റവും വലിയ പ്രഹരം, അവരെ ഭീതിയുടെയും ആശങ്കയുടെയും മുൾമുനയിൽ നിറുത്തുകയാണ്. അതുകൊണ്ടുതന്നെയാണ് സിന്ധു നദീജല കരാർ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നയതന്ത്രയുദ്ധങ്ങൾക്ക് ഇക്കുറി ഇന്ത്യ മുൻഗണന നല്കിയതും. ഭീകരതയ്ക്കും ഭരണകൂടത്തിനുമെതിരെ പാകിസ്ഥാനിൽ ആഭ്യന്തരമായി ജനകീയരോഷം ജ്വലിപ്പിച്ച് സമ്മർദ്ദമേറ്റുക, നിയന്ത്രണരേഖയ്ക്കു സമീപം ഉയരംകൂടിയ തന്ത്രപ്രധാന കേന്ദ്രങ്ങൾ പിടിച്ചെടുത്ത് നുഴഞ്ഞുകയറ്റങ്ങൾ പൂർണമായും തടയുക തുടങ്ങിയ നടപടികളാകട്ടെ ആദ്യം. പ്രത്യാക്രമണത്തിലെന്നതു പോലെ തന്ത്രപ്രധാന നീക്കങ്ങളിലൂടെയുള്ള പ്രഹരത്തിലും ദേശസ്നേഹത്തിന്റെ ജ്വാലയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |