അദ്ധ്യാപിക, ശാസനഭാഷാ വിദഗ്ദ്ധ, ഭാഷാചരിത്രകാരി, പ്രാചീന സാഹിത്യകൃതികളുടെ വ്യാഖ്യാതാവ്, ഗ്രന്ഥകർത്രി എന്നീ നിലകളിലെല്ലാം പ്രശസ്തയായിരുന്ന കെ. രത്‌നമ്മ തൊണ്ണൂറ്റിയെട്ടാം വയസിൽ ഓർമ്മയായത് (2025 മാർച്ച് 20) മലയാള ഭാഷാചരിത്രത്തിനും സാഹിത്യത്തിനും ഈടുറ്റ സംഭാവനകൾ നല്കിയാണ്. രത്നമ്മയുടെ മക്കളായ പ്രൊഫ. വി.ആർ. രാജലക്ഷ്മിക്കും ഡോ. നന്ദിനിക്കും മാർച്ച് 20 എന്ന തീയതി തീരാദുഃഖത്തിന്റേതു തന്നെ. കാരണം, 2010-ലെ മാർച്ച് 20-നാണ് അവരുടെ പിതാവ്, ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ടായിരുന്ന കെ. വാമദേവൻ ചരമമടഞ്ഞത്. സ്വന്തം കൃതികളിലൂടെയും മരിക്കാത്ത ഓർമ്മകളിലൂടെയും രത്‌നമ്മടീച്ചർ എന്നെന്നും ജീവിക്കും.
സാഹിത്യകാരന്മാർ സാധാരണഗതിയിൽ തട്ടകമാക്കാത്ത തികച്ചും സങ്കീർണമായ ശാസനഭാഷാ പഠനത്തിലും പ്രാചീന സാഹിത്യകൃതികളുടെ വ്യാഖ്യാനത്തിലുമാണ് രത്‌നമ്മ ടീച്ചർ വ്യാപൃതയായത്. ഔദ്യോഗിക ഭാഷാസ്വാധീനം ശാസനങ്ങളിൽ ഉണ്ടാകാമെങ്കിലും മലയാള ഭാഷയുടെ ആദിരൂപങ്ങൾ ശാസനങ്ങളിലുണ്ടെന്ന് സൂക്ഷ്മപഠനത്തിലൂടെ ടീച്ചർ സ്ഥാപിക്കുന്നു. ശാസനഭാഷ കൃത്രിമ ഭാഷയായതിനാൽ ഭാഷാചരിത്ര രചനയ്ക്ക് സ്വീകാര്യമല്ലെന്ന വാദം തെറ്റാണെന്ന് 'മലയാളഭാഷാചരിത്രം: എഴുത്തച്ഛൻ വരെ" എന്ന കൃതിയിൽ യുക്തിസഹമായി ടീച്ചർ സമർത്ഥിക്കുന്നുണ്ട്. ഭാഷാകൗടില്യവും അതേ കാലത്തെ ശാസനങ്ങളും താരതമ്യം ചെയ്താൽ വ്യാകരണ സാമ്യം രണ്ടിലുമുണ്ടെന്ന് തെളിയും. പഠനവിധേയമായ ഓരോ നൂറ്റാണ്ടിലെയും വർണമാല, വർണ പരിണാമം, വിഭക്തികൾ, പ്രത്യയങ്ങൾ തുടങ്ങിയവയും, വാകൃഘടനയിലും പദാവലിയിലുമുണ്ടായ മാറ്റങ്ങളും ഈ കൃതിയിൽ വിശദമായി ചർച്ച ചെയ്യുന്നു.
ഭാഷാശാസ്‌ത്രത്തിൽ രണ്ട് ഇംഗ്ളീഷ് കൃതികളും രത്‌നമ്മ ടീച്ചർ രചിച്ചിട്ടുണ്ട്. പ്രാചീനകാല ശാസനങ്ങളുടെ ഭാഷാപരമായ പ്രത്യേകതകളുടെ അവലോകനവും വിശകലനവുമാണ് Early Inscriptional Langauge എന്ന കൃതിയിലെ പ്രതിപാദ്യം. എൽ.വി. രാമസ്വാമി അയ്യർ, എസ്. ശേഖർ തുടങ്ങിയ പണ്ഡിതന്മാരുടെ ഈ രംഗത്തെ സംഭാവനകൾ ഗന്ഥകർത്രി വിമർശനാത്മകമായി വിലയിരുത്തുന്നു. ശാസനങ്ങളിലെ ആധാര ഭാഷയിലൂടെ പ്രാചീന മലയാളത്തെ മനസിലാക്കുവാൻ ഇന്നത്തെ ഗവേഷകർക്കും വരും തലമുറയ്‌ക്കും ഉപകാരപ്രദമായൊരു ഗ്രന്ഥമാണിത്. ഭാഷാചരിത്ര പഠനത്തിന് ശാസനങ്ങളെ അവലംബിക്കുന്നതിനെ വിമർശിക്കുന്നവരുണ്ട്. എന്നാൽ പ്രാചീന മലയാള പഠനത്തിന് ലഭ്യമായ ഏക 'മെറ്റീരിയൽ" ഈ ശാസനങ്ങൾ മാത്രമാണെന്ന വസ്‌തുത ഓർക്കണം. എ.ഡി ഒമ്പതാം നൂറ്റാണ്ടുമുതൽ പതിമൂന്നാം നൂറ്റാണ്ടുവരെ അഞ്ചു നൂറ്റാണ്ടുകളിലെ 45 ശാസനങ്ങളാണ് ഈ കൃതിയിൽ ചർച്ചചെയ്യുന്നത്.
മണിപ്രവാള കൃതികളെ ഭാഷാശാസ്ത്ര മാനദണ്ഡങ്ങളനുസരിച്ച് വിലയിരുത്തുന്ന തീസിസാണ് A Linguistic Study of Early Manipravalam എന്ന പേരിൽ പുസ്‌തകമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. പാട്ടും മണിപ്രവാളവുമാണ് മലയാളത്തിലെ ആദ്യകാല സാഹിത്യശാഖകൾ. ആര്യാവർത്തത്തോടുകൂടി മലയാള ഭാഷയിൽ സംസ്‌കൃതപദങ്ങളുടെ ആധിക്യമുണ്ടായി. തമിഴ് ചുവ ഉണ്ടായിരുന്ന മലയാണ്മ ഭാഷ മണിപ്രവാളഭാഷയായി. മണിയും പ്രവാളവും കോർത്തിണക്കിയ (മാണിക്യവും പവിഴവും കോർത്ത്) ഹാരം പോലെയാണ് മണിപ്രവാള ഭാഷ. പിഎച്ച്.ഡി ലഭിച്ച ഗവേഷണ വിഷയമായ അനന്തപുരവർണനത്തിന്റെയും വാസുദേവസ്തവത്തിന്റെയും ഭാഷാശൈലിയാണ് ഇതിലെ മുഖ്യപ്രതിപാദ്യം. മണിപ്രവാള കൃതികളായ അനന്തപുരവർണനവും വാസുദേവസ്‌തവവും പാട്ടുകൃതികളായ ഉണ്ണിചിരുതേവി ചരിതവുമായുള്ള താരതമ്യപഠനമാണ് ഈ കൃതിയുടെ സവിശേഷത.
'പ്രാചീന ശാസനങ്ങളും മലയാള പരിഭാഷയു"മാണ് രത്‌നമ്മ ടീച്ചറിന്റെ മറ്റൊരു കൃതി. ഗതകാല ഭാഷയിലേക്കും സംസ്‌കൃതിയിലേക്കും വെളിച്ചം പരത്തുന്ന സ്തംഭങ്ങളാണ് ശാസനങ്ങൾ. കെ.പി. പത്മനാഭമേനോൻ തുടക്കമിട്ട് ഇളംകുളം കുഞ്ഞൻപിള്ള സമ്പന്നമാക്കിയ ചരിത്രപഠനത്തിന് അനുബന്ധമാണ് ടീച്ചറുടെ കൃതി. എ.ഡി ഒമ്പതു മുതൽ 12 വരെയുള്ള കാലഘട്ടത്തിലെ 42 ശാസനങ്ങൾ പുരാവസ്തുവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അവയുടെ ചരിത്രപരമായും ഭാഷാപരവുമായുള്ള പഠനമാണ് 'പ്രാചീന ശാസനകളും മലയാള പരിഭാഷയും" എന്ന കൃതിയുടെ പ്രമേയം. മൂലശാസനങ്ങളുടെ അർത്ഥവും ആത്മാവും നഷ്ടപ്പെടുത്താതെ മൊഴിമാറ്റം നടത്താൻ ടീച്ചറിനു കഴിഞ്ഞിട്ടുണ്ട്. പ്രാചീന ശാസനങ്ങളുടെ പഠനത്തിലൂടെ കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ചരിത്രവും മലയാളഭാഷയുടെ വികാസ പരിണാമങ്ങളും അനാവരണം ചെയ്യുന്നു. സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പാണ് ഈ കൃതി പ്രകാശനം ചെയ്തത്.
ഭാഷാശാസ്ത്രമേഖല പോലെ രത്നമ്മ ടീച്ചറിന് ഇഷ്ടപ്പെട്ട മേഖലയാണ് ആത്മീയത. രണ്ട് ആത്മീയ ഗ്രന്ഥങ്ങളും ടീച്ചർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടീച്ചർ രചിച്ച 'ഭഗവത്‌ഗീത രത്‌നാകരം: വ്യാഖ്യാനം" പ്രസിദ്ധീകരിച്ചത് പ്രിയദർശിനി പബ്ളിക്കേഷൻസാണ്. സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ മൂലശ്ളോകവും അർത്ഥവും നൽകി യുക്തിസഹമായി ടീച്ചർ വ്യാഖ്യാനിച്ചിരിക്കുന്നു എന്നതാണ് ഗ്രന്ഥത്തിന്റെ സവിശേഷത. ഗീതയിലെ ധർമങ്ങളാണ് 'ആത്മോപദേശശതക" ത്തിൽ ഗുരുദേവൻ ആവിഷ്കരിച്ചിരിക്കുന്നതെന്ന് താരതമ്യപഠനത്തിലൂടെ ടീച്ചർ സമർത്ഥിക്കുന്നു. നിഷ്‌കാമകർമ്മവും പരംപൊരുളുമായി ഐക്യം പ്രാപിക്കലുമാണ് ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന ഗീതാസന്ദേശമാണ് ടീച്ചറിന്റെ വ്യാഖ്യാനവും നൽകുന്നത്. വിനായകാഷ്ടകം, ശിവപ്രസാദ പഞ്ചകം എന്നിങ്ങനെ ഗുരുദേവന്റെ വിഖ്യാതമായ നവഗ്രന്ഥങ്ങളെ പരിചയപ്പെടുത്തുന്ന കൃതിയാണ് രത്‌നമ്മ ടീച്ചർ രചിച്ച് ഗുരു ബുക്സ് പ്രസിദ്ധീകരിച്ച 'ശ്രീനാരായണ ഗുരുദേവ കൃതികളുടെ പഠനവും വ്യാഖ്യാനവും." നവോത്ഥാനമൂല്യങ്ങൾ തകർന്നുകൊണ്ടിരിക്കുന്ന സാംസ്കാരിക ജീർണതയുടെ വർത്തമാനകാലത്ത് ഗുരുദേവകൃതികൾക്ക് ഏറെ പ്രസക്തിയുണ്ട്.
മണ്ണന്തല ദാമോദരപ്പണിക്കർ, പദ്‌മാക്ഷിയമ്മ ദമ്പതികളുടെ മകളായി 1927 ഏപ്രിൽ 8-ന് തിരുവനന്തപുരത്ത് ഒരുവാതിൽകോട്ട മേടവിളാകത്തു വീട്ടിലാണ് രത്നമ്മ ജനിച്ചത്. യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ച് കേരള സർവകലാശാലയിൽ നിന്ന് ജന്തുശാസ്ത്രത്തിൽ ബിരുദവും, മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. കൂടാതെ ലിംഗ്വിസ്റ്റിക്സിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഫസ്റ്റ് ക്ളാസിൽ പാസായി. മണിപ്രവാള കൃതികളുടെ ഭാഷാ ശാസ്ത്ര വിശകലനം എന്ന വിഷയത്തിൽ ഗവേഷണം നടത്തി കേരള സർവകലാശാല ഭാഷാ വിഭാഗത്തിൽ നിന്ന് ഡോക്ടറേറ്റ് നേടി. യൂണിവേഴ്സിറ്റി കോളേജ്, വിമൻസ് കോളേജ് എന്നിവ ഉൾപ്പെടെ നിരവധി ഗവ. കോളേജുകളിൽ അദ്ധ്യാപികയായും വകുപ്പ് അദ്ധ്യക്ഷയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊളേജിയേറ്റ് എഡ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറായാണ് വിരമിച്ചത്.
ഇന്റർനാഷണൽ സ്കൂൾ ഒഫ് ദ്രവീഡിയൻ ലിംഗ്വിസ്റ്റിക്സിൽ സീനിയർ ഫെലോ, വൈസ് പ്രസിഡന്റ്, ട്രഷറർ എന്നീ നിലകളിൽ സജീവമായിരുന്നു. മദ്രാസ് സർവകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസർ, കേരള, കോഴിക്കോട് സർവകലാശാലകളിലെ റിസർച്ച് ഗൈഡ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. മീനാക്ഷിഅമ്മ ഗോൾഡ് മെഡൽ നേടുന്ന ആദ്യ വിദ്യാർത്ഥിനിയാണ് രത്നമ്മ. ഏറ്റവും നല്ല തീസിസിനുള്ള കെ.എൽ. മുഡ്‌ഗിൽ പ്രൈസും ലഭിച്ചു. പത്രാധിപർ കെ. സുകുമാരൻ അവാർഡ്, ഡോ. സി.പി. മേനോൻ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങളും ടീച്ചറിനെ തേടിയെത്തി. സഫലമായ ജീവിതത്തിന് ഉടമയായ ഡോ. രത്നമ്മ ടീച്ചറുടെ മരിക്കാത്ത ഓർമ്മകൾക്കു മുന്നിൽ പ്രണാമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |