റാപ്പർ വേടൻ എന്ന വിളിപ്പേരുള്ള ജനപ്രിയ ഗായകൻ ഹിരൺദാസ് മുരളിയെ പൊലീസ് കഞ്ചാവ് കേസിൽ വിട്ടയച്ചിട്ടും, പുലിപ്പല്ല് കൈവശം വച്ചതിന് ഗുരുതരമായ വകുപ്പുകൾ ചുമത്തി അകത്താക്കിയ വനം വകുപ്പിന്റെ നടപടി പൊതുസമൂഹത്തിൽ വൻ പ്രതിഷേധത്തിനിടയാക്കുമ്പോഴാണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് ഇന്നലെ പുറത്തുവന്നത്. വനം വകുപ്പിന്റെ വാദമുഖങ്ങൾ തള്ളിയ കോടതി വന്യമൃഗങ്ങളെ വേട്ടയാടിയെന്ന കുറ്റം നിലനിൽക്കില്ലെന്നും നിരീക്ഷിച്ചു. സുഹൃത്ത് സമ്മാനിച്ചത് പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്ന വേടന്റെ വാദം അവഗണിച്ച വനംവകുപ്പ് അധികൃതർ, മൂന്നുമുതൽ ഏഴു വർഷംവരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വിശദമായ അന്വേഷണത്തിനു മുതിരും മുമ്പേ ചാർത്തിയത്.
സുഹൃത്തുക്കളോടൊപ്പം തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിൽ നിന്ന് വേടനെ പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോൾ ആറു ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. വേടൻ അത് ഉപയോഗിച്ചതായി സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞതല്ലാതെ മറ്റു തെളിവുകളൊന്നും ലഭിച്ചിരുന്നുമില്ല. സിന്തറ്റിക് ലഹരിക്കെതിരെ തന്റെ പരിപാടികളിൽ നിരന്തരം ശബ്ദമുയർത്തുന്ന വേടൻ കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ തെറ്റുതന്നെയാണ്. പക്ഷെ പൊലീസ് വിട്ടയച്ചയുടൻ, ജാമ്യം പോലും ലഭിക്കരുതെന്ന വാശിയോടെ ഒന്നൊന്നായി വകുപ്പുകൾ ചുമത്താൻ വനം വകുപ്പ് കാട്ടിയ തിടുക്കം മറ്റാർക്കോ വേണ്ടി അച്ചാരം വാങ്ങി ചെയ്തതാണെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകുമോ? സമാനമായ കേസുകളിൽ അകപ്പെട്ട മറ്റ് സെലിബ്രിറ്റികളോടു കാണിച്ച നിലപാടുമായി താരതമ്യപ്പെടുത്തുമ്പോൾ അവർക്ക് ഒരു നീതി, വേടനു മാത്രമായി മറ്റൊരു നീതിയെന്നും ആരും ചിന്തിച്ചുപോകും.
യുവതലമുറയ്ക്ക് ഏറെ പ്രിയങ്കരനായ, ലക്ഷക്കണക്കിന് ആരാധകരുള്ള സെലിബ്രിറ്റി തന്നെയാണ് വേടൻ. ഇന്നത്തെ തലമുറയുടെ മനോവിചാരത്തെ ആവശ്യമില്ലാത്ത അളവുകോലുകൊണ്ട് അളക്കേണ്ടതില്ല. അവരുടെ മൂല്യബോധം മുൻ തലമുറയിൽ നിന്ന് വ്യത്യസ്തവുമാണ്. ആസ്വാദകരെ പൊള്ളുന്ന വാക്കുകളും ചടുലമായ ആലാപനവുമായി ഹരം കൊള്ളിക്കുന്ന ഗായകനായിട്ടും, ആ വ്യക്തിയോടു പുലർത്തേണ്ട സാമാന്യനീതി കേസ് അന്വേഷിച്ച പൊലീസോ കെണിയിൽപ്പെടുത്താൻ ശ്രമിച്ചെന്ന് ആരാധകർ കരുതുന്ന വനം വകുപ്പോ കാട്ടിയില്ല. വേടന്റെ വരവ് തങ്ങളുടെ അവസരങ്ങൾ നഷ്ടമാക്കുന്നുവെന്ന് ചിന്തിക്കുന്ന ഒരു ലോബി ഇതിന് ഒത്താശ ചെയ്തുവെന്ന നിഗമനവും ബലപ്പെട്ടു വരുന്നുണ്ട്. 'ശബ്ദമില്ലാത്തവരുടെ ശബ്ദം" എന്ന തന്റെ ഗാനത്തിന്റെ വരികളിൽ വേടൻ ചോദിക്കുന്നുണ്ട്: 'നീർനിലങ്ങളിൽ അടിമയാരുടമയാര് ? നിലങ്ങളായിരം വേലിയിൽ തിരിച്ചതാര്...?" കനൽവഴികളിലൂടെ കടന്നുവന്നവന്റെ ചോദ്യമാണത്.
വേടൻ ഒരു പ്രതീകമാണ്. കറുപ്പിനോടും ജാതിയോടും വരേണ്യരായ ഒരു വിഭാഗം പുലർത്തിവരുന്ന അസംബന്ധ പ്രവണതകളെ അതേ കറുപ്പിന്റെയും ജാതിയുടെയും വീര്യഭാവനകൊണ്ട് പൊരുതുന്ന യൗവനതീക്ഷ്ണതയുടെ പ്രതീകം. പട്ടിണിയുടെയും വറുതിയുടെയും ജാതീയമായ വേർതിരിവുകളുടെയും വെന്തുരുകുന്ന ജീവിതത്തോട് പൊരുതി മുന്നേറുന്ന ചെറുപ്പക്കാരനാണ് വേടൻ. പാട്ടുകൊണ്ടും ആട്ടംകൊണ്ടും ചോദ്യംചെയ്യുന്നവൻ. ഗോത്രജീവിതത്തിന്റെ വന്യത ഉണർത്തുന്ന വേടൻ എന്ന പേരിനെ അഭിമാനസൂചകമായി കൊണ്ടുനടക്കുന്നവൻ. പുതിയ തലമുറയുടെ ചിന്തകളെയും ബോദ്ധ്യങ്ങളെയും കൂടെക്കൂട്ടുന്നവൻ. അങ്ങനെയാരു വ്യക്തിയോടാണ് കൊലപ്പുള്ളികളോടുപോലും കാണിക്കാത്ത തരത്തിൽ പെരുമാറിയത്. തെറ്റുചെയ്ത ആർക്കും രാജ്യത്തെ നിയമം ഒരുപോലെ ബാധകമാണ്. ഇവിടെ വേടൻ ചെയ്ത കുറ്റം എന്താണെന്ന് സമൂഹം ചോദിക്കുന്നുണ്ട്. അതിന് ഉത്തരവാദപ്പെട്ടവർ മറുപടി പറയുക തന്നെ വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |