സാങ്കേതിക സർവകലാശാലാ വി.സി പദവി വഹിച്ചിരുന്ന സിസ തോമസിന് ഗ്രാറ്റുവിറ്റിയും മറ്റ് വിരമിക്കൽ ആനുകൂല്യങ്ങളും രണ്ടാഴ്ചയ്ക്കുള്ളിൽ നൽകണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി സർക്കാരിനു കിട്ടിയ വൻ തിരിച്ചടിയാണ്. ഗവർണറുടെ നിർദ്ദേശപ്രകാരം വി.സി പദവി ഏറ്റെടുത്ത ദിവസം മുതൽ സിസ തോമസ് സർക്കാരിന്റെ കണ്ണിലെ കരടായി മാറിയിരുന്നു. അതിന്റെ പേരിൽ അവരെ ഒരു പാഠം പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ അവരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ രണ്ടുവർഷം കഴിഞ്ഞിട്ടും നൽകാതിരുന്നത്. തനിക്ക് അർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ അവർക്ക് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും ഹൈക്കോടതിയിലും മറ്റുമായി കടുത്ത നിയമ പോരാട്ടം നടത്തേണ്ടിവന്നു. പെൻഷൻ ആനുകൂല്യങ്ങൾ ഒരു സർക്കാരിന്റെയും ഔദാര്യമല്ല.
സർക്കാരിനെ അനുസരിച്ചില്ലെങ്കിൽ വെള്ളം കുടിപ്പിക്കും എന്ന മട്ടിലുള്ള മാടമ്പി സ്വഭാവമാണ് സിസ തോമസിന്റെ കാര്യത്തിൽ സർക്കാർ ഇത്രനാളും പുലർത്തിവന്നത്. കോടതിയിൽ പോയാൽ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകേണ്ടിവരുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവർക്കു നൽകാനുള്ള പണം സർക്കാർ രണ്ടുവർഷം വച്ചുതാമസിപ്പിച്ചത്. കേസിന്റെ തുടക്കത്തിൽത്തന്നെ ഇവർക്കു നൽകാനുള്ള പെൻഷൻ ആനുകൂല്യം തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്നും അനുചിതമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിന് മറുപടിയായി, അച്ചടക്ക നടപടി നിലനിൽക്കുന്നതിനാലാണ് ആനുകൂല്യം തടഞ്ഞതെന്ന വിചിത്ര മറുപടിയാണ് സർക്കാർ നൽകിയത്. എന്നാൽ രണ്ടുവർഷമായി എന്ത് അന്വേഷണമാണ് നടന്നതെന്നും സമയബന്ധിതമായി പൂർത്തിയാക്കേണ്ടതല്ലേയെന്നുമാണ് കോടതി തിരിച്ച് ചോദിച്ചത്. സർക്കാർ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി ഉണ്ടെങ്കിൽ അതു സംബന്ധിച്ച അന്വേഷണം അവർ വിരമിക്കുന്നതിനു മുമ്പ് പൂർത്തിയാക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.
ഇതുസംബന്ധിച്ച് ഹൈക്കോടതി തന്നെ നേരത്തേ ഉത്തരവുകൾ ഇറക്കിയിട്ടുണ്ടെന്നും ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്‌താഖ്, ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. 2023 മാർച്ച് 31-നാണ് അദ്ധ്യാപക ജോലിയിൽ നിന്ന് ഡോ. സിസ തോമസ് വിരമിച്ചത്. എന്നാൽ അച്ചടക്ക നടപടിയുടെ പേരിൽ എല്ലാവിധ പെൻഷൻ ആനുകൂല്യങ്ങളും സർക്കാർ അന്നുമുതൽ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇതിനെതിരെ അവർ ആദ്യം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. എന്നാൽ ട്രൈബ്യൂണലിന്റെ ഉത്തരവ് വന്നിട്ടും ഇവരുടെ ആനുകൂല്യങ്ങൾ പൂർണമായി നൽകാൻ സർക്കാർ തയ്യാറായില്ല. ഇതിനെതിരെയാണ് സിസ തോമസ് ഹൈക്കോടതിയെ സമീപിച്ചത്.
ഇത്രയും കാലം സർക്കാരിനെ സേവിച്ചവരോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്നാണ് ഈ കേസിന്റെ വാദത്തിനിടെ കോടതി സർക്കാരിനോട് ചോദിച്ചത്. അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഉണ്ടെങ്കിലും ഒരാൾക്ക് ജീവിക്കാനാവശ്യമായ തുകയല്ലേ പെൻഷനെന്നും, അത് നിഷേധിക്കുന്ന ഇത്തരം പെരുമാറ്റങ്ങൾ അവസാനിപ്പിക്കാൻ സമയമായില്ലേ എന്നും ചോദിച്ചുകൊണ്ടാണ് രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ ആനുകൂല്യങ്ങളും നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്. രാഷ്ട്രീയക്കാർ തമ്മിൽ ഇണങ്ങുകയും പിണങ്ങുകയുമൊക്കെ ചെയ്യും. എന്നാൽ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി സ്ഥാനമാനങ്ങൾ വഹിക്കേണ്ടിവരുന്ന ഉദ്യോഗസ്ഥരോട് പ്രതികാര മനോഭാവം പുലർത്തുന്നത് ഏതു സർക്കാരിനും ഭൂഷണമല്ല. ഭാവിയിലെങ്കിലും ഇത്രയും സങ്കുചിതമായ നിലപാടുകൾ കാണിക്കാതിരിക്കാനുള്ള ജാഗ്രത സർക്കാരിനും ഉന്നതവിദ്യാഭ്യാസ വകുപ്പിനും നേതൃത്വം നൽകുന്നവർ പുലർത്തേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |