രാഷ്ട്രീയക്കാർ ധരിക്കുന്ന ഖദറിന്റെ തിളക്കം മങ്ങിയെന്ന് പൊതുവെ പറയാറുണ്ട്. എന്നാൽ തെന്നല ബാലകൃഷ്ണപിള്ള ഖദർ വസ്ത്രമണിയുമ്പോൾ അതിന്റെ വെണ്മയും വിശുദ്ധിയും പതിന്മടങ്ങ് തിളങ്ങി നിൽക്കുന്നതായി നമുക്ക് അനുഭവപ്പെട്ടിരുന്നു. രാഷ്ട്രീയത്തിലെ 'തെന്നല വഴി" സഞ്ചരിക്കാൻ അത്ര എളുപ്പമുള്ളതായിരുന്നില്ല. സ്ഥാനമാനങ്ങളും സമ്പത്തും ആഗ്രഹിക്കുന്നവർ ഏറെയുള്ള ഈ രംഗത്ത് തെന്നല ബാലകൃഷ്ണപിള്ള കാട്ടിയ മാതൃക അനുകരിക്കാൻ പ്രയാസമായിരുന്നുവെന്നതു തന്നെ കാരണം. വംശമറ്റുകൊണ്ടിരിക്കുന്ന ഇത്തരം രാഷ്ട്രീയ നേതാക്കളിലെ അവസാന കണ്ണികളിലൊന്നു കൂടി മറയുകയാണ്; തെന്നലയുടെ വിയോഗത്തിലൂടെ.
കൊല്ലം ജില്ലയിൽ, ശൂരനാട്ടെ അതിസമ്പന്ന കുടുംബത്തിൽ നിന്ന് കോൺഗ്രസിന്റെ പ്രാദേശിക ഘടകത്തിലേക്ക് നാട്ടുകാരുടെ സമ്മർദ്ദത്താൽ കാലെടുത്തു വയ്ക്കുമ്പോൾ തെന്നലയുടെ പേരിൽ 17 ഏക്കർ ഭൂമിയുണ്ടായിരുന്നു. രണ്ടു വട്ടം എം.എൽ.എ, മൂന്നു ടേം രാജ്യസഭാംഗം, രണ്ടു തവണ കെ.പി.സി.സി പ്രസിഡന്റ് തുടങ്ങി വിവിധ പദവികൾ വഹിച്ചപ്പോൾ സാധാരണ നിലയിൽ ഈ ആസ്തി വർദ്ധിക്കേണ്ടതായിരുന്നു. പക്ഷെ രാഷ്ട്രീയത്തിൽ നിന്ന് സ്വയം നിശ്ചയിച്ച വിശ്രമത്തിലേക്കു മടങ്ങുമ്പോൾ അത് വെറും പതിനൊന്ന് സെന്റ് ചതുപ്പുനിലം മാത്രമായി ഒതുങ്ങി. രണ്ടു വട്ടം പരാജയപ്പെട്ടതുൾപ്പെടെ നാലു തവണ നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ തിരഞ്ഞെടുപ്പ് ഫണ്ടിനായി സ്ഥലങ്ങൾ പലതും വിറ്റു. പിന്നീടും ഓരോ കാര്യങ്ങൾക്ക് ആ വഴി ആവർത്തിക്കേണ്ടി വന്നു. ജീവനും ജീവിതവും കോൺഗ്രസിനുവേണ്ടി സമർപ്പിച്ച രാഷ്ട്രീയ വ്യക്തിത്വമായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ കൈവിട്ട അവസരങ്ങളെയും കാക്കപിടിത്തത്തിന് മുതിരാതിരുന്നതിനെയും കുറിച്ചൊക്കെ ചോദിച്ചാൽ അദ്ദേഹം ചിരിക്കുകയേ ഉണ്ടായിരുന്നുള്ളൂ. കാലങ്ങൾ കണ്ട അനുഭവ സമ്പത്തിന്റേതായിരുന്നു ആ ചിരി.
കോൺഗ്രസിൽ കെ.കരുണാകരനും എ.കെ.ആന്റണിയും തമ്മിലുള്ള ഗ്രൂപ്പ് പോര് കടുത്തപ്പോഴൊക്കെ അനുനയത്തിന്റെ വഴി തെളിച്ചതും തെന്നലയായിരുന്നു.ഇരു നേതാക്കൾക്കും ഒരുപോലെ സ്വീകാര്യനായിരുന്നു അദ്ദേഹം. പക്ഷെ തെന്നലയ്ക്ക് നേരിടേണ്ടി വന്നതുപോലെ ഒരു നീതികേട് കെ.പി.സി.സി പ്രസിഡന്റുമാരായിരുന്ന മറ്റാർക്കും ഉണ്ടായിട്ടുണ്ടാവില്ല. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമ്പോൾ തെന്നലയായിരുന്നു കെ.പി.സി.സി പ്രസിഡണ്ട്. .പാർട്ടിയെ വിജയത്തിലേക്കു നയിച്ച നേതാവിന്റെ ചാരിതാർത്ഥ്യത്തിൽ നിൽക്കുമ്പോൾ ഹൈക്കമാൻഡ് അദ്ദേഹത്തിനു നൽകിയ 'സമ്മാനം" ആ പദവിയിൽ നിന്നുള്ള രാജിയായിരുന്നു. ആരെ അനുനയിപ്പിക്കാൻ ശ്രമിച്ചോ, ആ ഗ്രൂപ്പു രാഷ്ട്രീയത്തിന്റെ ഇരയായി തെന്നല മാറി. പതിവുപോലെ നിർമ്മലമായ ഒരു ചിരിയോടെ തെന്നല ഇന്ദിരാഭവന്റെ പടിയിറങ്ങുകയായിരുന്നു.
രണ്ടു തവണ തെന്നല അടൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. ഒരിക്കൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും അവസാന നിമിഷം യുവനേതാവിനെ മന്ത്രിയാക്കാനായി ആ തീരുമാനം അട്ടിമറിക്കപ്പെട്ടു. അപ്പോഴും തെന്നലയുടെ മുഖം കറുത്തില്ല. പാർട്ടി നിയോഗിച്ച പല അനേഷണ കമ്മിറ്റികളുടെയും അദ്ധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ളയായിരുന്നു. ലീഗിൽ ഒരു വിഭാഗം ഐക്യ ജനാധിപത്യ മുന്നണി വിട്ട സാഹചര്യത്തിൽ ലീഗിലെ പ്രബല വിഭാഗത്തെ ഒപ്പം നിറുത്താൻ സി.എച്ചിനെ മുഖ്യമന്ത്രിയാക്കാമെന്ന ആശയം മുന്നോട്ടു വച്ചതും തെന്നല തന്നെ. വഴിവിട്ട് ഒരു കാര്യവും ചെയ്യുമായിരുന്നില്ല. എന്നാൽ, ന്യായമായ കാര്യമാണെങ്കിൽ സഹായം ഉറപ്പായിരുന്നു. രാഷ്ട്രീയത്തിൽ ഒട്ടേറെപ്പേരുടെ ആശയാഭിലാഷങ്ങളുടെ കണക്കുകൾ തെന്നല സെറ്റിൽ ചെയ്തു. പക്ഷെ ഒരിക്കലും സ്വന്തം കണക്കു മാത്രം നോക്കിയില്ല. 'കേരളകൗമുദി"യുടെ ആത്മമിത്രമായിരുന്നു അദ്ദേഹം. ആ വേർപാടിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ദു:ഖത്തിൽ ഞങ്ങളും പങ്കു ചേരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |