SignIn
Kerala Kaumudi Online
Friday, 25 July 2025 5.18 PM IST

സ്വർണ വായ്‌പയ്ക്ക് വിലങ്ങിടരുത്

Increase Font Size Decrease Font Size Print Page

gold

സ്വർണപ്പണയ വായ്‌പയ്ക്ക് റിസർവ് ബാങ്ക് ചില കടുത്ത ചട്ടങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. ദന്തഗോപുരങ്ങളിലിരുന്ന് കർശന ചട്ടങ്ങൾ അടിച്ചേല്പിക്കുന്നവർക്ക് രാജ്യത്തെ പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും മനഃപ്രയാസങ്ങളും വികാര വിചാരങ്ങളുമൊന്നും ഉൾക്കൊള്ളാൻ ബാദ്ധ്യതയില്ലെന്നു മാത്രമല്ല, അതൊന്നും പൂർണമായ അർത്ഥത്തിൽ ഒരിക്കലും മനസിലാക്കാനും കഴിയില്ല. സ്‌ത്രീകൾക്ക്, അവർ സമ്പന്ന- ദരിദ്ര വിഭാഗമെന്ന ഭിന്നതയില്ലാതെ സ്വർണത്തിനോട് ഒരിഷ്ടം ജന്മനാ ഉള്ളതാണ്. സ്വർണത്തിന് ആഭരണം എന്നതിനപ്പുറം അനുദിനം വർദ്ധിക്കുന്ന മൂല്യമുള്ള ലോഹമെന്ന നിലയിലും പ്രാധാന്യമുണ്ട്. സാധാരണക്കാർ അടിയന്തര ഘട്ടത്തിൽ പണം കണ്ടെത്താൻ ഏറ്റവും ആദ്യം ആശ്രയിക്കുന്നത് സ്വർണാഭരണങ്ങളെ തന്നെയാണ്.

വസ്‌തുക്കളും മറ്റ് ഈട് വച്ച് വായ്‌പയെടുക്കാൻ ബാങ്കുകളിൽ നിന്നും മറ്റും അത്ര എളുപ്പത്തിൽ നടക്കുന്ന കാര്യമല്ല. മതിയായ സിബിൽ സ്‌കോർ ഇല്ലെങ്കിൽ ഇപ്പോൾ ഒരു ബാങ്കും വായ്‌പ നൽകില്ല. അടിയന്തര ഘട്ടങ്ങളിൽ മദ്ധ്യവർഗ ജനതയ്ക്കും പാവപ്പെട്ടവർക്കും തുണയാകുന്നത് സ്വർണ വായ്‌പയാണ്. ഇപ്പോൾ സ്വർണപ്പണയ വായ്‌പയിൽ ചില നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഉപഭോക്തൃ താത്‌പര്യം വർദ്ധിപ്പിക്കാനാണ് എന്നു പറയുന്നുണ്ടെങ്കിലും ഫലത്തിൽ അത് സ്വർണവായ്‌പയിൽ പണം നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനേ ഇടയാക്കൂ. സ്വർണം പണയം വച്ച് വായ്‌പയെടുത്തശേഷം വായ്‌പാ കാലാവധി തീരുന്നതിന് തൊട്ടുമുൻപ് പുതുക്കുകയോ തിരിച്ചെടുക്കുകയോ ചെയ്യുന്ന ബുള്ളറ്റ് പേമെന്റ് ഉപയോഗിക്കുന്നവർക്കുള്ള വായ്‌പാ കാലയളവ് 12 മാസമാക്കാനാണ് കരട് നിർദ്ദേശത്തിൽ പറയുന്നത്.

ബുള്ളറ്റ് പേമെന്റാണെങ്കിൽ സഹകരണ ബാങ്ക്, റീജിയണൽ റൂറൽ ബാങ്ക് എന്നിവയിൽ നിന്ന് അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്‌പ മാത്രമേ ലഭിക്കുകയുള്ളൂ. ഒരു ഈടിൽ ഒന്നിലധികം സ്വർണപ്പണയ വായ്‌പകൾ ഇനി ലഭിക്കില്ലെന്നും ആർ.ബി.ഐ കരടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ സെപ്‌തംബർ മുതൽ ഫെബ്രുവരി വരെ രാജ്യത്തെ ബാങ്കുകൾ നൽകിയ സ്വർണപ്പണയ വായ്‌പകളിൽ 30 ശതമാനം വർദ്ധനവാണ് ഉണ്ടായത്. ഇതാണ് നിയമങ്ങൾ കർശനമാക്കാനുള്ള ആർ.ബി.ഐ തീരുമാനത്തിന് പിന്നിലെന്നാണ് അറിയുന്നത്. ജനങ്ങൾ സ്വർണം വച്ച് കൂടുതൽ വായ്‌പ എടുക്കുന്നതിന്റെ പ്രധാന കാരണം സാധനങ്ങൾക്കും സേവനങ്ങൾക്കും വിദ്യാഭ്യാസ, ആരോഗ്യ പരിപാലന ചെലവുകളിലും വന്ന വർദ്ധിച്ച കുതിച്ചുകയറ്റമാണ്. ഇത് മനസിലാക്കാതെ എല്ലാവരും സ്വർണം പണയം വച്ച് പണമെടുത്ത് തിരിമറികൾ കാണിക്കുകയാണെന്ന നിഗമനത്തിൽ എത്തുന്നത് ആത്മഹത്യാപരമാണ്.

ഇന്ത്യയിൽ വ്യവസായം തുടങ്ങുന്നതിന് ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങൾ രാജ്യത്തിന്റെ വളർച്ചയെ തന്നെ ദശാബ്ദങ്ങളോളം പിറകോട്ടടിച്ചിരുന്നു. ലൈസൻസ് രാജ് അവസാനിപ്പിച്ചതിനു ശേഷമാണ് ഇന്ത്യ വ്യാവസായികമായി കുതിപ്പ് നടത്താൻ തുടങ്ങിയത്. ഉദ്യോഗസ്ഥന്മാർക്ക് ഒരിക്കലും ജനങ്ങളുടെ ജീവിതാവസ്ഥയും മനോഗതവും മനസിലാക്കാനാവില്ല. എന്നാൽ ജനപ്രതിനിധികൾക്ക് അത് മനസിലാകും. അതിനാൽ കേന്ദ്ര ധനകാര്യ വകുപ്പ് ഏറ്റവും കുറഞ്ഞത് അഞ്ചുലക്ഷം രൂപ വരെയെങ്കിലും സ്വർണപ്പണയ വായ്പ എടുക്കുന്നവരെ റിസർവ് ബാങ്കിന്റെ പുതിയ നിയമ നിർദ്ദേശങ്ങളിൽ നിന്ന് ഒഴിവാക്കാൻ നടപടി സ്വീകരിക്കേണ്ടതാണ്. ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ അതിനായി സമ്മർദ്ദം ചെലുത്തേണ്ടതുണ്ട്.

TAGS: GOLD LOAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.