SignIn
Kerala Kaumudi Online
Saturday, 26 July 2025 4.30 PM IST

ഭാഷയുടെ പേരിൽ തീവ്രവാദം പാടില്ല

Increase Font Size Decrease Font Size Print Page
amit-sha

ഒന്നിന്റെ പേരിലും തീവ്രവാദം ശരിയല്ല. അത് മാതൃഭാഷയുടെ പേരിലായാൽ പോലും. ആശയവിനിമയത്തിനുള്ള ഉപാധിക്കപ്പുറം കേൾക്കുമ്പോഴും പറയുമ്പോഴും ആത്മസുഖം അനുഭവിക്കുന്നതു കൂടിയാണ് അവനവന്റെ ഭാഷ. മനുഷ്യരെ ഒന്നിപ്പിക്കാനും ഭിന്നിപ്പിക്കാനും ഭാഷയ്ക്ക് ശക്തിയുണ്ട്. എന്റെ ഭാഷയാണ് വലുത് അത് നിന്റെയും കൂടി ഭാഷയാവണം എന്ന് പറയുന്നത് ഏകാധിപത്യ ശൈലിയാണ്. അത് എതിർക്കപ്പെടേണ്ടതും തോൽപ്പിക്കപ്പെടേണ്ടതും തന്നെയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നത് മനസ്സിലാക്കാം. എന്നാൽ ഇന്ത്യയിൽ ഇംഗ്ളീഷ് സംസാരിക്കുന്നത് നാണക്കേടാണെന്ന് തോന്നുന്നൊരു സമൂഹം വിദൂരമല്ലെന്ന് പറഞ്ഞത് അംഗീകരിക്കാനാവില്ല. പ്രത്യേകിച്ചും ഹിന്ദി സംസാരഭാഷ അല്ലാത്ത സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക്.

നമ്മുടെ രാജ്യത്തെ ഇരുപതിലേറെ സംസ്ഥാനങ്ങളിൽ ഹിന്ദി സംസാര ഭാഷയല്ല. എന്നാൽ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളാണ് ലോക്‌സഭയിലെ 543 അംഗങ്ങളിൽ 226 പേരെയും അയയ്ക്കുന്നത്. ഹിന്ദി ഹൃദയഭൂമിയിലെ ഡൽഹിയിൽ നിന്നാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതും. അപ്പോൾ ഭൂരിപക്ഷം സംസാരിക്കുന്ന ഭാഷ ന്യൂനപക്ഷവും ഉൾക്കൊള്ളണമെന്ന ഒരു വാദം കാലങ്ങളായി ഇവിടെ നിലനിൽക്കുന്നതാണ്. എപ്പോഴൊക്കെ ഈ വാദം ഉയർന്നുവന്നിട്ടുണ്ടോ അപ്പോഴൊക്കെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇതിനെ അതിശക്തമായി എതിർത്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ വൻ പ്രക്ഷോഭത്തെത്തുടർന്നാണ് ഹിന്ദി ദേശീയ ഭാഷയാക്കുന്ന 1963-ലെ ഭാഷാ നിയമം മരവിപ്പിക്കേണ്ടിവന്നത്.

കോളനിവാഴ്‌ചയുടെ അവശിഷ്‌ടമായാണ് ചില ഹിന്ദി ഭാഷാവാദികൾ ഇംഗ്ളീഷിനെ കാണുന്നത്. എന്നാൽ ദക്ഷിണേന്ത്യയിൽ ഉള്ളവർ അങ്ങനെയൊരു കാഴ്ചപ്പാട് പുലർത്തുന്നവരല്ല. കാരണം ദക്ഷിണേന്ത്യക്കാർ അവരവരുടെ സംസ്ഥാനം വിട്ടാൽ മറ്റുള്ളവരുമായി ആശയവിനിമയം പുലർത്താൻ ഉപയോഗിക്കുന്ന ഭാഷ ഇംഗ്ളീഷാണ്. സംസ്ഥാനങ്ങളെ തമ്മിലും രാജ്യങ്ങളെ തമ്മിലും ബന്ധിപ്പിക്കുന്ന ഭാഷയാണത്. നമ്മളെ ഭരിച്ചിരുന്നവരുടെ ഭാഷ എന്ന നിലയിൽ ചുരുക്കി കാണേണ്ട ഒരു ഭാഷയല്ല ഇംഗ്ളീഷ്. പഠിക്കാൻ ബുദ്ധിമുട്ടേറിയ മറ്റ് പല രാജ്യങ്ങളിലെയും ഭാഷകളിലുള്ള പുസ്‌തകങ്ങൾ നമ്മൾ വായിച്ചറിഞ്ഞത് ഇംഗ്ളീഷ് പരിഭാഷയിലൂടെയാണ്. ഇ - മെയിലിന്റെയും ഫേസ്‌ബുക്കിന്റെയും മറ്റും കടന്നുവരവോടെ ലോകമെങ്ങും ഇംഗ്ളീഷിന്റെ പ്രാധാന്യം വർദ്ധിക്കുകയാണ് ചെയ്തത്. ഇന്ത്യയിൽ തന്നെ വലിയ ജോലികൾ കരസ്ഥമാക്കാൻ ഇംഗ്ളീഷ് പരിജ്ഞാനം ഒഴിച്ചുകൂടാൻ കഴിയാത്തതാണ്. ഒരു ഭാഷയെന്ന നിലയിലും ഇംഗ്ളീഷിന് മഹത്തായ പാരമ്പര്യവും ഗരിമയും ഉള്ളതാണ്. കോളനിവാഴ്ചക്കാരന്റെ ഭാഷ എന്ന് പറഞ്ഞ് അതിനെ ചുരുക്കി കാണുന്നത് നാനാത്വത്തിൽ ഏകത്വം ദർശിക്കുക എന്ന ഇന്ത്യൻ സംസ്‌കാരത്തിന് വിരുദ്ധമാണ്. താത്‌‌‌കാലികമായ രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി ഭാഷാപ്രശ്നം പലരും ഇന്ത്യയിൽ ഉപയോഗിച്ചിട്ടുണ്ട്. രാഷ്ട്രീയം ഏതിൽ കലർത്തിയാലും അത് ദുഷിക്കാനേ ഇടയാക്കൂ. ഭാഷയിലായാലും.

അതുപോലെതന്നെ പൊതുവേദികളിൽ ഭാഷയുടെ വലിപ്പ ചെറുപ്പങ്ങളെപ്പറ്റി സംസാരിക്കുന്നതും ശരിയല്ല. പ്രമുഖ നടൻ കമൽഹാസൻ അടുത്തിടെ നടത്തിയ ഒരു പരാമർശം കർണാടകയിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മാതൃഭാഷ ഓരോരുത്തർക്കും വലുതാണ്. എന്നാൽ അതാണ് ഏറ്റവും ശ്രേഷ്ഠമായത് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് തികച്ചും സങ്കുചിതമായ കാഴ്ചപ്പാടാണ്.

ഇംഗ്ളീഷ് പഠിക്കാതെ തന്നെ വൻസാമ്പത്തിക പുരോഗതി നേടിയ ചൈനയിലെ പുതിയ തലമുറ ഇപ്പോൾ ഇംഗ്ളീഷ് പഠിച്ചുതുടങ്ങുന്നു എന്നതാണ് യാഥാർത്ഥ്യം. അതിലൂടെ ഇംഗ്ളീഷിന്റെ പ്രാധാന്യം കുറയില്ല എന്ന് മാത്രമല്ല കൂടാനാണ് സാദ്ധ്യത എന്നാണ് മനസ്സിലാക്കേണ്ടത്. സാമ്പത്തിക അരക്ഷിതാവസ്ഥയിൽനിന്ന് രക്ഷപ്പെടാൻ ഇന്ത്യയിലെ സാധാരണ കുടുംബങ്ങളിലെ കുട്ടികൾ ഇംഗ്ളീഷ് പഠിച്ചേ മതിയാവൂ. ഉന്നത അധികാര സ്ഥാനങ്ങളിലിരിക്കുന്ന രാഷ്ട്രീയ നേതാക്കൾ ഭാഷയുടെ പേരിൽ തീവ്രവാദം പ്രചരിപ്പിക്കുന്നത് ഒട്ടും ശരിയല്ല.

TAGS: AMITSHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.