നിലവിലിരിക്കുന്ന നിയമങ്ങളുമായി ബന്ധപ്പെട്ട് പുതിയ സർക്കാർ ഉത്തരവുകളോ നിർദ്ദേശങ്ങളോ പുറപ്പെടുവിക്കുമ്പോൾ, അത് നിലവിലെ നിയമത്തിനോ കോടതി വിധികൾക്കോ വിരുദ്ധമല്ലെന്ന് ഉറപ്പാക്കേണ്ട പ്രാഥമിക ഉത്തരവാദിത്വം സർക്കാരിനും ഉദ്യോഗസ്ഥർക്കുമുണ്ട്. അല്ലെങ്കിൽ ആ നിർദ്ദേശങ്ങൾ നിയമപരമായി ചോദ്യംചെയ്യപ്പെടുകയും, കോടതികളിൽ തിരിച്ചടി നേരിടുകയും ചെയ്യും. മുന്നുംപിന്നും നോക്കാതെയും പ്രത്യാഘാതങ്ങൾ വിലയിരുത്താതെയുമുള്ള നടപടികളുടെ പേരിൽ കോടതിയിൽ നിന്ന് ചിലപ്പോൾ കണക്കിന് വിമർശനവും കിട്ടും. സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് ഗതാഗത കമ്മിഷണർ ഒന്നരവർഷം മുമ്പ് പുറത്തിറക്കിയ സർക്കുലറിലെ ചില നിർദ്ദേശങ്ങൾ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾക്കു വിരുദ്ധമാണെന്നു കണ്ടെത്തി ഹൈക്കോടതി റദ്ദാക്കിയത് കഴിഞ്ഞ ദിവസമാണ്. നിർദ്ദേശങ്ങൾ പുറപ്പെടുവിക്കും മുമ്പ് നിലവിലെ ചട്ടങ്ങൾ പരിശോധിച്ചിരുന്നെങ്കിൽ ഈ നാണക്കേട് സംഭവിക്കുമായിരുന്നോ?
ഗിയർ ഉള്ള ഇരുചക്ര വാഹനങ്ങളുടെ വിഭാഗത്തിൽ, കാൽകൊണ്ട് മാറ്റാവുന്ന ഗിയറും 95 സി.സിയിൽ അധികം ശേഷിയും ഉള്ളവയേ ടെസ്റ്റിന് ഉപയോഗിക്കാവൂ എന്ന നിർദ്ദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. അതു മാത്രമല്ല, ലൈറ്റ് മോട്ടോർ വാഹന വിഭാഗത്തിൽ ഓട്ടോമാറ്റിക് ഗിയറുള്ള വാഹനങ്ങളും, ഇലട്രിക് വാഹനങ്ങളും ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കരുതെന്ന നിർദ്ദേശവും ജസ്റ്റിസ് എൻ. നഗരേഷ് ഉൾപ്പെട്ട ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്. ട്രാൻസ്പോർട്ട് കമ്മിഷണർ 2024 ഫെബ്രുവരി 21-ന് പുറപ്പെടുവിച്ച ഉത്തരവിലെ നിർദ്ദേശങ്ങൾ ചോദ്യംചെയ്ത് ഡ്രൈവിംഗ് സ്കൂൾ ഉടമകളും, ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകരും നല്കിയ ഹർജികളിലാണ് ഉത്തരവ്. പതിനെട്ട് വർഷത്തിലധികം പഴക്കമുള്ള ഇരുചക്ര വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കരുതെന്ന വ്യവസ്ഥ കൂടി കോടതി റദ്ദാക്കി. മോട്ടോർ വാഹന നിയമം കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന വിഷയമാണ്. അപ്പോൾ, അതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമ്പോൾ സംസ്ഥാന സർക്കാർ കുറച്ചുകൂടി ജാഗ്രത പുലർത്തേണ്ടതായിരുന്നു.
പുതിയ തലമുറയിലെ കാറുകളിൽ ഭൂരിഭാഗവും ഓട്ടോമാറ്റിക് ഗിയർ ഉള്ളവയാണ്. അഥവാ, പല മോഡലുകൾക്കും ഓട്ടോമാറ്റിക് ഗിയർ ഉള്ള വേരിയന്റുകൾ കമ്പനികൾ പുറത്തിറക്കാറുണ്ട്. ഡ്രൈവിംഗിനുള്ള സൗകര്യവും എളുപ്പവും കണക്കിലെടുത്ത് ഓട്ടോമാറ്റിക് ഗിയറിൽ പ്രവർത്തിക്കുന്ന കാറുകൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. തിരക്കുള്ള പാതകളിലും കയറ്റങ്ങളുള്ള റോഡുകളിലും മാനുവൽ ഗിയറിൽ പ്രവർത്തിക്കുന്ന കാറുകൾ ഡ്രൈവ് ചെയ്യുന്നത് പൊതുവെ സ്ത്രീകൾക്ക് പരിഭ്രമമുണ്ടാക്കുന്നതാണ്. അതുകൊണ്ടുതന്നെ, പുതിയ കാറുകൾ വാങ്ങുമ്പോൾ 'ഓട്ടോമാറ്റിക്" മതിയെന്ന് വീട്ടിലെ സ്ത്രീകൾ നിർദ്ദേശിക്കുകയും ചെയ്യും. ടെസ്റ്റിന് ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കരുതെന്ന നിർദ്ദേശവും അതുപോലെ തലതിരിഞ്ഞതാണ്. പെട്രോളിന്റെയും ഡീസലിന്റെയും സ്ഥാനത്ത് പുതിയ തലമുറ ഇന്ധനം വൈദ്യുതിയാണ്. ഇ.വി കാറുകളുടെ എണ്ണം നിരത്തിൽ ഓരോ ദിവസവും കൂടിവരികയും ചെയ്യുന്നു. ഇതൊന്നും കണക്കിലെടുക്കാതെയുള്ള പിന്തിരിപ്പൻ പരിഷ്കാരം ചട്ടവിരുദ്ധം കൂടിയാകുമ്പോഴോ!
അതേസമയം, ഡ്രൈവിംഗ് ടെസ്റ്റിന്റെ കൃത്യതയും മികവും ഉറപ്പാക്കുന്ന നിർദ്ദേശങ്ങൾ ഹൈക്കോടതി ശരിവച്ചിട്ടുണ്ട്. ഡ്രൈവിംഗ് ടെസ്റ്റ് ഇൻസ്ട്രക്ടർമാരായി സാങ്കേതിക വിദ്യാഭ്യാസമുള്ളവരെ പരിഗണിക്കണം എന്ന നിർദ്ദേശത്തിൽ കോടതി ഇടപെട്ടില്ല. കേന്ദ്ര ചട്ടത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണെങ്കിലും അക്കാര്യം നിർബന്ധമാക്കിയിട്ടില്ല എന്നതുതന്നെ കാരണം. ചുരുക്കിപ്പറഞ്ഞാൽ, നിലവിലുള്ള കേന്ദ്ര ചട്ടങ്ങൾക്കു വിരുദ്ധമായി സംസ്ഥാന ഗതാഗത കമ്മിഷണർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ മാത്രമാണ് ഹൈക്കോടതി റദ്ദാക്കിയത്. അല്ലാത്തവ ശരിവയ്ക്കുകയും ചെയ്തു. അധികാരപരിധിയെക്കുറിച്ച് ധാരണയില്ലാതെ ഉദ്യോഗസ്ഥർ നടത്തുന്ന പരിഷ്കാരങ്ങൾ നാണംകെടുത്തുന്നത് സർക്കാരിനെയായിരിക്കും. ഭാവിയിലെങ്കിലും, പരിഷ്കാരങ്ങൾക്ക് പുറപ്പെടുമ്പോൾ അത് കേന്ദ്ര ചട്ടങ്ങൾക്കു വിരുദ്ധമോ കോടതി ഉത്തരവുകളുടെ ലംഘനമോ ആകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള മിനിമം വിവേകം ബന്ധപ്പെട്ടവർ കാണിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |