റോഡ് വഴിയുള്ള ചരക്കുനീക്കത്തെ അപേക്ഷിച്ച് വളരെ ലാഭകരമാണ് റെയിൽ മാർഗമുള്ള ചരക്കു കടത്തെങ്കിൽ, അതിന്റെ എത്രയോ ഇരട്ടി ചെലവ് കുറവാണ് ജലമാർഗമുള്ള ചരക്കു ഗതാഗതം. പക്ഷേ, അതിന് നിശ്ചിത ആഴമുള്ള ജലപാതകളും, യാനങ്ങൾ അടുപ്പിക്കുവാനുള്ള ടെർമിനലുകളും, പ്രധാന കേന്ദ്രങ്ങളിൽ ചരക്കുകൾ ഇറക്കി സൂക്ഷിക്കാനുള്ള ഗോഡൗണുകളും വേണം. ഭാഗ്യവശാൽ, കടലും കായലുകളും തോടുകളുമൊക്കെയായി ഏറ്റവും ജലസമൃദ്ധമായ സംസ്ഥാനമാണ് കേരളം. ഇതു മുന്നിൽക്കണ്ടാണ് മൂന്ന് പതിറ്റാണ്ടു മുമ്പുതന്നെ കേരളത്തിൽ ഒരു ദേശീയ ജലപാതാ പദ്ധതിക്ക് നാഷണൽ ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി തുടക്കമിട്ടത്. കൊല്ലം മുതൽ തൃശൂരിലെ കോട്ടപ്പുറം വരെയുള്ള ജലപാത 1993ലും, കോട്ടപ്പുറം മുതൽ കോഴിക്കോട് കല്ലായി വരെ 2016-ലും അതോറിറ്റി ഏറ്റെടുക്കുകയും ചെയ്തു.
ഉൾനാടൻ ജലപാതകൾ ഏറ്റെടുത്ത്, ദേശീയ ജലപാതയായി വികസിപ്പിക്കുന്ന ജോലി കേന്ദ്ര സർക്കാരിന്റേതാണെങ്കിലും, പാത ലാഭകരമായി പ്രവർത്തിപ്പിക്കാൻ ആവശ്യമായത്ര ചരക്കുനീക്കം അതുവഴി ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ്. അക്കാര്യത്തിൽ ഉറപ്പു കിട്ടാത്തതിനാൽ കേരളത്തിൽ ഏറ്റെടുത്ത രണ്ട് സ്ട്രെച്ചുകളും ദേശീയ ജലപാതയായി പ്രഖ്യാപിക്കുന്നതിൽ നിന്ന് കേന്ദ്ര ഉൾനാടൻ ജലഗതാഗത വകുപ്പ് പിൻവാങ്ങുകയാണെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ ദിവസമാണ്. 11 ടെർമിനലുകളും പ്രധാന കേന്ദ്രങ്ങളിൽ ഗോഡൗണുകളും പണിത് 300 കോടിയിലധികം രൂപ ചെലവഴിച്ചു കഴിഞ്ഞതിനു ശേഷമാണ് അതോറിറ്റി ജലപാത വേണ്ടെന്നുവയ്ക്കാനൊരുങ്ങുന്നത്! കണ്ടെയ്നറുകളിൽ ഉള്ളവ ഉൾപ്പെടെ വിവിധ അളവുകളിലുള്ള ചരക്കുകടത്തിനു വേണ്ടുന്ന ബാർജുകളുടെ സേവനം നല്കുന്ന സ്വകാര്യ കമ്പനികളെ പദ്ധതിയുമായി ബന്ധിപ്പിക്കണമെങ്കിൽ സംസ്ഥാനം പ്രത്യേക കമ്പനി രൂപീകരിച്ച്, അതിനു കീഴിൽ വേണം തുടർനടപടികൾ. ആ വഴിക്കുള്ള ഒരുനീക്കവും ഇന്നോളം ഉണ്ടായിട്ടില്ല.
അതേസമയം, ദേശീയ ജലപാത സംസ്ഥാനത്തെ ടൂറിസം വികസനത്തിന് വലിയ മുതൽക്കൂട്ടാകുമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ കണക്കുകൂട്ടൽ. അതു മുന്നിൽക്കണ്ട്, കോവളം മുതൽ കൊല്ലം വരെയും, കോഴിക്കോട് മുതൽ ബേക്കൽ വരെയും ദേശീയ ജലപാതയായി പ്രഖ്യാപിക്കണെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ജലപാതയുടെ റൂട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പ്രത്യേക സർക്യൂട്ട് രൂപീകരിക്കുക, ജലപാതയുടെ ഓരങ്ങളിൽ ചെറിയ ടൗൺഷിപ്പുകൾ പണിയുക, ടൂറിസ്റ്റുകൾക്ക് സൗകര്യപ്രദമായ യാത്രാ പാക്കേജുകൾ ഏർപ്പെടുത്തുക തുടങ്ങിയവയായിരുന്നു സംസ്ഥാനത്തിന്റെ മനസിൽ. പക്ഷേ, ദേശീയ ജലപാത വികസിപ്പിക്കാൻ വേണ്ടിവരുന്ന ഭീമമായ മുതൽമുടക്ക് തിരിച്ചുപിടിക്കാൻ ടൂറിസം പദ്ധതി മാത്രം പോരാ. അതിനു വേണ്ടത് ചരക്കുനീക്കം തന്നെയാണ്. നിലവിൽ ദേശീയപാതകളിലെ വാഹനത്തിരക്കിനും ഗതാഗതക്കുരുക്കിനും പ്രധാന കാരണം വലിയ ചരക്കുലോറികളാണ് എന്നത് മനസിൽ വയ്ക്കുമ്പോഴാണ് കേരളത്തിന് ദേശീയ ജലപാതാ പദ്ധതി എത്രത്തോളം ആവശ്യമാണെന്ന് ബോദ്ധ്യമാവുക.
വിഴിഞ്ഞം മുതൽ ബേക്കൽ വരെ നീളുന്ന 620 കി.മീറ്റർ വെസ്റ്റ് കോസ്റ്ര് കനാൽ വികസിപ്പിച്ച് ടൂറിസത്തിനും യാത്രയ്ക്കും ചരക്കുനീക്കത്തിനും വിനിയോഗിക്കുകയെന്ന സംസ്ഥാന പദ്ധതിയുടെ ചുമതല കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് എന്ന സർക്കാർ സ്ഥാപനത്തിനാണ്. എന്നാൽ, കേരളത്തിലെ ദേശീയ ജലപാതാ പദ്ധതി കേന്ദ്രം പൂർണമായും കൈയൊഴിഞ്ഞാൽ വെസ്റ്റ് കോസ്റ്റ് കനാൽ വികസനത്തിനു മാത്രമായി കേരളത്തിന് 3000 കോടിയോളം രൂപ സ്വന്തം നിലയ്ക്ക് മുടക്കേണ്ടിവരും. കേരളത്തിന് ദേശീയ ജലപാതയുടെ ആവശ്യകത എത്രത്തോളമാണെന്നും, നിലവിൽ ദേശീയപാത വഴിയുള്ള ചരക്കു ഗതാഗതം കാരണം അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കു മൂലമുള്ള ബുദ്ധിമുട്ടുകളും വ്യക്തമാക്കിയും, ചരക്കുനീക്കത്തിനുള്ള ബാർജുകളുടെ സേവനം ഉറപ്പാക്കുന്ന വിധത്തിലും സന്നദ്ധതയറിയിച്ച് ഒരിക്കൽക്കൂടി കേന്ദ്രത്തെ സമീപിക്കുകയാണ് ഇനി ചെയ്യാവുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |