താമസിക്കാൻ വേണ്ടി മാത്രമാണ് വീട് എന്നത് ഒരു പഴയ സങ്കല്പമാണ്. ഒരു ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ ചെലവഴിച്ചാണ് പലരും വീടു വയ്ക്കുന്നത്. പിന്നീടങ്ങോട്ടുള്ള ജീവിതത്തിന് ഒരു സമ്പാദ്യമാക്കിയും മികച്ച ആസൂത്രണമുണ്ടെങ്കിൽ വീടിനെ ഉപയോഗിക്കാനാവും. വീടിന്റെ ഒരു ഭാഗം വാടകയ്ക്കു നൽകിയാണ് വൻ നഗരങ്ങളിൽ വരുമാനമാർഗം കണ്ടെത്തുന്നത്. ഏറ്റക്കുറച്ചിലില്ലാത്ത, പരിമിതമായ വരുമാനമാവും ഇതിലൂടെ ലഭിക്കുന്നത്. വക്കീലന്മാർ, ചാർട്ടേഡ് അക്കൗണ്ടന്റുകൾ, ഡോക്ടർമാർ തുടങ്ങിയവർക്ക് വീടിന്റെ ഒരു ഭാഗം ഓഫീസായി പ്രവർത്തിപ്പിക്കാം. കലാപരമായ പ്രവർത്തനങ്ങൾക്കും വീടിന്റെ ഒരു ഭാഗം വിട്ടുനൽകി മികച്ച സമ്പാദ്യമുണ്ടാക്കുന്നവരും കുറവല്ല. വീടുമായി ചേർന്ന് ബ്യൂട്ടി ക്ളിനിക്കുകൾ, എംബ്രോയിഡറി തുടങ്ങിയവ നടത്തി വരുമാനമാർഗം കണ്ടെത്തുന്നവരും കുറവല്ല. ഇങ്ങനെ വീട് ഒരു വരുമാനമാർഗം കൂടിയാക്കാൻ എല്ലാവർക്കും കഴിയില്ലെങ്കിലും അതിനുള്ള ശ്രമങ്ങൾ എല്ലായ്‌പ്പോഴും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.
ഈ പശ്ചാത്തലത്തിൽ, വീടുകളുടെ ആകെ വിസ്‌തീർണത്തിന്റെ പകുതി സ്ഥലത്ത് വ്യവസായ സംരംഭങ്ങൾ തുടങ്ങാനാവും വിധം ലൈസൻസ് വ്യവസ്ഥകൾ പരിഷ്കരിച്ച് സർക്കാർ വിജ്ഞാപനമിറക്കിയത് തികച്ചും സ്വാഗതാർഹമാണ്. വ്യവസായ സംരംഭങ്ങൾ തുടങ്ങുമ്പോൾ പ്രദേശവാസികളായ യുവതീ യുവാക്കൾക്ക് അവിടെ ജോലി അവസരം ഉറപ്പായും ലഭിക്കുമെന്നതിനാൽ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള പരോക്ഷപ്രവർത്തനമായിക്കൂടി അതു മാറുന്നതാണ്. നേരത്തേ വീടിന്റെ 50 ശതമാനം സ്ഥലം വ്യവസായ സംരംഭങ്ങൾക്കായി നീക്കിവയ്ക്കാൻ അനുമതിയില്ലായിരുന്നു. ഇത്തരം പല സംരംഭങ്ങൾക്കും ലൈസൻസ് നൽകാറുമില്ലായിരുന്നു. ഇനി മുതൽ ഇതിന് മാറ്റം വരും. വ്യവസായ സംരംഭങ്ങൾക്ക് 1000 മുതൽ 30,000 രൂപ വരെയാണ് പെർമിഷൻ ഫീസ്. 100 മുതൽ 15,000 രൂപവരെ രജിസ്ട്രേഷൻ ഫീസായും നൽകണം. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ തനത് ഫണ്ട് വർദ്ധിക്കാനും ഈ തീരുമാനം ഇടയാക്കും.
പുതു തലമുറ സംരംഭങ്ങൾക്ക് ആശ്വാസം നൽകുന്നതാണ് സർക്കാരിന്റെ ഈ തീരുമാനം. രണ്ട് കാറ്റഗറിയിലുള്ള സംരംഭങ്ങൾക്കാണ് പ്രധാനമായും ലൈസൻസ് നൽകുക. കാറ്റഗറി ഒന്നിൽ ആവിയിലോ ജലശക്തിയിലോ യന്ത്രത്തിലോ വൈദ്യുതിയിലോ പ്രവർത്തിക്കുന്ന ചെറിയ ഫാക്ടറി, വർക്ക്‌ഷോപ്പ് തുടങ്ങിയ സ്ഥാപനങ്ങൾ എന്നിവ അനുവദിക്കും. കാറ്റഗറി രണ്ടിൽ വ്യാപാര, വാണിജ്യ സംരംഭങ്ങൾക്കാണ് ലൈസൻസ്. മൊബൈൽ സെയിൽസ് / സർവീസ്, മൊബൈൽ റസ്റ്റാറന്റുകൾ, ഹൗസ് ബോട്ടുകൾ എന്നിവയ്ക്ക് പ്രത്യേകം ലൈസൻസ് നേടണം. മൊബൈൽ റസ്റ്റാറന്റായോ സർവീസിനായോ ഉപയോഗിക്കുന്ന വാഹനങ്ങളും കെട്ടിടമായി പരിഗണിച്ച് ലൈസൻസ് നൽകുന്നതാണ്. അപ്പാർട്ട്‌മെന്റുകൾ, ഫ്ളാറ്റുകൾ, ലോഡ്ജുകൾ, സെമിനാരികൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, ടൂറിസ്റ്റ് ഹോമുകൾ, സർവീസ് വില്ലകൾ, ഹോസ്റ്റലുകൾ, കോൺഫറൻസ് ഹാളുകൾ എന്നിവ ഒഴികെയുള്ള കെട്ടിടങ്ങളിൽ വിനിയോഗ വ്യവസ്ഥ പരിഗണിക്കാതെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ്, ഗ്രീൻ വിഭാഗത്തിലെ കാറ്റഗറി രണ്ട് സംരംഭങ്ങൾക്ക് ലൈസൻസ് നൽകും.
സർക്കാർ ഇത്തരം കാര്യങ്ങൾ വിജ്ഞാപനം ചെയ്യുമെങ്കിലും ഇതിന്റെ അടിസ്ഥാനത്തിൽ ലൈസൻസിന് അപേക്ഷിക്കുന്നവരെ നിരവധി നൂലാമാലകളുയർത്തി വിഷമിപ്പിക്കുന്ന രീതിയാണ് സാധാരണ സംഭവിക്കാറുള്ളത്. ഇനിയുള്ള കാലത്ത് ഇത്തരം തടസങ്ങൾ വ്യവസായ സംരംഭകരെ പിറകോട്ടു മാറാനേ പ്രേരിപ്പിക്കൂ. അതിനാൽ ഇത്തരം ലൈസൻസുകൾ നൽകുന്നതിന് പ്രത്യേക വ്യവസായ സൗഹൃദ സംവിധാനങ്ങൾ ഓരോ പഞ്ചായത്തിലും ഏർപ്പെടുത്തേണ്ടതാണ്. തദ്ദേശ - വ്യവസായ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഏകോപനവും ഇതിനാവശ്യമാണ്. ജീവിതമാർഗം തേടി അന്യനാടുകളിലേക്കും വിദേശങ്ങളിലേക്കുമുള്ള പ്രയാണം വരും കാലങ്ങളിൽ സുഗമമായിരിക്കില്ല. അതിനാൽ ഓരോ വീടും ഏതെങ്കിലും തരം വ്യവസായ യൂണിറ്റുകൾ കൂടിയാകുന്നത് പരമാവധി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |