വിഴിഞ്ഞം പദ്ധതി തടയാൻ പല ശ്രമങ്ങളും കോടതികൾ വഴിയും പരിസ്ഥിതിയുടെ പേരിലും മറ്റും നടന്നത് മറക്കാറായിട്ടില്ല. അതൊന്നും ഫലിക്കാതെ വന്നപ്പോൾ ചില 'വിദഗ്ദ്ധന്മാർ" ശക്തിയുക്തം വാദിച്ചത് ഇത് നഷ്ടം മാത്രം വരുത്തിവയ്‌ക്കുന്ന പദ്ധതിയായിരിക്കും എന്നാണ്. ഭാവിയിൽ വിഴിഞ്ഞം പോർട്ട് വരുത്തിവയ്ക്കുന്ന നഷ്ടത്തിന്റെ കണക്കുകൾ വരെ മാദ്ധ്യമങ്ങളിലും മറ്റും അവതരിപ്പിച്ചവരുണ്ട്. ഒരു പദ്ധതി തടയാൻ തുടക്കത്തിലേ അത് വിജയിക്കില്ലെന്ന് പ്രചരിപ്പിക്കുന്നതിലൂടെ ഒരുപരിധി വരെ കഴിയും. വന്ദേഭാരത് ട്രെയിനുകൾ കേന്ദ്രം അനുവദിച്ചപ്പോൾ കെ - റെയിലിനുവേണ്ടി വാദിക്കുന്നവർ തന്നെയാണ് വന്ദേഭാരതിൽ സഞ്ചരിക്കാൻ യാത്രക്കാരെ കിട്ടില്ലെന്ന് പ്രചരിപ്പിച്ചത്. കൊച്ചി മെട്രോയ്ക്കെതിരെയും സമാനമായ പ്രചാരണം നടന്നിരുന്നു. ഏതു വിധേനയും പുതിയ പദ്ധതികൾക്ക് തുരങ്കം വയ്ക്കുക എന്നതാണ് ഇത്തരക്കാരുടെ ലക്ഷ്യം.
എന്നാൽ ഇവരുടെ പ്രചാരണങ്ങൾക്ക് യാഥാർത്ഥ്യവുമായി പുലബന്ധം പോലും കാണില്ല. വന്ദേഭാരതിൽ ഇപ്പോഴും ടിക്കറ്റ് കിട്ടാൻ പ്രയാസമാണ്. വന്ദേഭാരതിന്റെ ഏറ്റവും ലാഭകരമായ റൂട്ടുകളിലൊന്നാണ് കേരളത്തിലേത്. തുടക്കത്തിൽ നഷ്ടമായിരുന്നെങ്കിലും കൊച്ചി മെട്രോയും ഇപ്പോൾ ലാഭത്തിലാണ്. വിഴിഞ്ഞം തുറമുഖം പൂർണതോതിലാകാൻ ഇനിയും സമയമെടുക്കും. പ്രവർത്തന സജ്ജമായി ഒൻപതു മാസത്തിനുള്ളിൽത്തന്നെ തുറമുഖത്തിന് പൂർണ ശേഷി കൈവരിക്കാനായി. വിഴിഞ്ഞം തുറമുഖത്തിന്റെ കണ്ടെയ്‌നർ നീക്കം 10 ലക്ഷം കടന്നിരിക്കുകയാണ്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യം പൂർത്തീകരിച്ച ലോകത്തെ തന്നെ ആദ്യ തുറമുഖമായി വിഴിഞ്ഞം മാറിയതായി മന്ത്രി വി.എൻ. വാസവൻ പത്രസമ്മേളനത്തിൽ അറിയിച്ചത് നമുക്കെല്ലാം അഭിമാനിക്കാൻ വകനൽകുന്നതാണ്.
ഇതുവരെ 460 കപ്പലുകളിലായി 10.12 ലക്ഷം കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നിലവിൽ കണ്ടെയ്‌നർ നീക്കത്തിൽ വിഴിഞ്ഞം ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തെ തുറമുഖങ്ങളിൽ ഒന്നാമതാണ്. വിഴിഞ്ഞത്ത് ട്രയൽ റൺ കാലയളവിൽത്തന്നെ കൂറ്റൻ മദർഷിപ്പുകൾ എത്തിയതാണ് ഇത്രയും വലിയ വിജയം കൈവരിക്കാൻ ഇടയാക്കിയത്. കരാർ പ്രകാരം ആദ്യ വർഷം മൂന്നു ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യണമായിരുന്നു. എന്നാൽ, സെമി ഓട്ടോമേറ്റഡ് ക്രെയിനുകളുടെ പ്രവർത്തനം കണ്ടെയ്‌നർ കൈകാര്യം ചെയ്യുന്നതിൽ നിർണായകമായി. റോഡ് - റെയിൽ കണക്‌ടിവിറ്റി കൂടി പൂർത്തിയായാൽ ട്രാൻസ്‌ഷിപ്പ്‌മെന്റ് തുറമുഖമെന്ന രീതിയിലുള്ള ഇപ്പോഴത്തെ പ്രവർത്തനത്തിൽ വലിയ മാറ്റം വരും. തുറമുഖത്തു നിന്ന് ദേശീയ പാതയിലേക്കുള്ള റോഡ് നിർമ്മാണം പൂർത്തിയാക്കി ആഭ്യന്തര ചരക്കുനീക്കം ഡിസംബറോടെ തുടങ്ങാനാവുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
റെയിൽവേയുടെ തുരങ്കപാത കൂടി സജ്ജമായാൽ ലാഭത്തിന്റെ പാതയിൽ വിഴിഞ്ഞം വലിയ വിസ്‌മയങ്ങളാവും സമ്മാനിക്കുക. റെയിൽ പാത നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കൽ നടപടികൾ തുടങ്ങി. 1482 കോടി രൂപ വകയിരുത്തിയ പദ്ധതിയിൽ 582 കോടി രൂപ ഇതുവരെ ചെലവിട്ടു. ബാക്കിയുള്ള സ്ഥലമേറ്റെടുപ്പും റിംഗ് റോഡ് പദ്ധതിയും യുദ്ധകാലാടിസ്ഥാനത്തിൽ ത്വരിതപ്പെടുത്തേണ്ടത് ആവശ്യമാണ്. പത്തുലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തപ്പോൾ ജി.എസ്.ടി ഇനത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് ലഭിച്ചത് 75 കോടി രൂപയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ മികവ് അന്താരാഷ്ട്ര രംഗത്തും ചർച്ചയാവുകയാണ്. റോഡ് - റെയിൽ കണക്‌റ്റിവിറ്റി കൂടി വരുമ്പോൾ രാജ്യത്തെ വ്യവസായ ലോകത്തെ ബന്ധിപ്പിക്കുന്ന ഏകജാലക സംവിധാനമായി വിഴിഞ്ഞം മാറും. ഇത് മുൻകൂട്ടി അറിയാവുന്ന അന്യരാജ്യ തുറമുഖ നടത്തിപ്പുകാരാണ് തുടക്കത്തിൽ വിഴിഞ്ഞത്തെ തകർക്കാൻ ശ്രമിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |