വളർന്നുവരുന്ന ചൈനയുടെ സ്വാധീനത്തെ നേരിടാനായാണ് ഇന്ത്യയുമായുള്ള സഹകരണം നേരത്തേ അമേരിക്ക ഉയർത്തിയത്. ഇന്ത്യയും സമാനമായ കാരണത്താലാണ് അമേരിക്കയുമായി കൂടുതലടുത്തത്. എന്നാൽ ട്രംപിന്റെ തലതിരിഞ്ഞ തീരുവ നയം കാരണം ചൈനയോടൊപ്പം ചേർന്ന് ഇന്ത്യ അമേരിക്കക്കെതിരെ തിരിയുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. റഷ്യയുമായി ഇന്ത്യ ദശാബ്ദങ്ങളായി പുലർത്തുന്ന ബന്ധം സ്ഥിരതയുള്ളതാണ്. ഏതു പ്രതികൂല സാഹചര്യത്തിലും ഇന്ത്യയെ കൈവിടുന്ന സമീപനം റഷ്യയിൽ നിന്ന് ഉണ്ടായിട്ടില്ല. തിരിച്ച് ഏതു പ്രശ്നത്തിലായാലും റഷ്യക്കെതിരെ ഇന്ത്യയും നിലപാടുകൾ എടുക്കാറില്ല.
പഴയ കാലത്ത് അമേരിക്കയുടെ സമ്മർദ്ദങ്ങളാണ് റഷ്യയുമായി അടുക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചത്. എന്നാൽ കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈന മുതലാളിത്ത രാജ്യമായ അമേരിക്കയെ അതിശയിപ്പിക്കുന്ന സാമ്പത്തിക ശക്തിയായി വളർന്നപ്പോൾ ലോക സമവാക്യങ്ങളിലെല്ലാം അതനുസരിച്ച് മാറ്റങ്ങൾ വന്നു. തുടക്കത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ച നേരിയ തോതിലായിരുന്നു. എന്നാൽ ഇന്നതല്ല സ്ഥിതി. അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. ഇതാദ്യം ചൊടിപ്പിച്ചത് ചൈനയെയാണ് എന്നതിന്റെ തെളിവാണ് ചൈന- ഇന്ത്യാ അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും കരസേനകൾ തമ്മിലുണ്ടായ നാലുവർഷം മുമ്പത്തെ ഉരസൽ. ഭയന്ന് പിന്മാറുന്ന നിലപാടല്ല ഇന്ത്യ അന്ന് സ്വീകരിച്ചത്. ഇതിനെത്തുടർന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധവും വ്യാപാര പങ്കാളിത്തവുമൊക്കെ പൂർവാധികം മെച്ചപ്പെട്ടിരുന്നു. ചൈനയുടെ മുന്നോട്ടുള്ള കുതിപ്പ് തടയാൻ ഇന്ത്യയെ ഉപയോഗിക്കാമെന്ന് അക്കാലയളവിൽ അമേരിക്ക തിരിച്ചറിയുകയും ചെയ്തിരുന്നു. എന്നാൽ ട്രംപിന്റെ രണ്ടാം വരവ് ഇതെല്ലാം അട്ടിമറിക്കുകയായിരുന്നു.
ചൈനയെയും ഇന്ത്യയെയും ഒരുപോലെ തീരുവ ഉയർത്തി അമേരിക്ക ശത്രുപക്ഷത്താക്കി. തുല്യ ദുഃഖിതർ ഒന്നിക്കുക എന്നത് ലോക ക്രമത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണ്. ആ സൂചനയാണ് ജപ്പാൻ സന്ദർശനവേളയിൽ പ്രധാനമന്ത്രി മോദി നൽകിയിരിക്കുന്നത്. ഏഷ്യയിലെ വൻ ശക്തികളായ ചൈനയും ഇന്ത്യയും ഒന്നിച്ചാൽ ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൊണ്ടുവരാനാകുമെന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി ടോക്കിയോയിൽ പറഞ്ഞത്. അമേരിക്കക്കെതിരെ ഇന്ത്യ- ചൈന- റഷ്യ രാഷ്ട്രീയ സഖ്യം രൂപപ്പെടുന്നതിന്റെ സൂചനയായി തന്നെ മോദിയുടെ വാക്കുകളെ വ്യാഖ്യാനിക്കാവുന്നതാണ്. ഇന്ന് ചൈനയിലെത്തുന്ന മോദി പ്രസിഡന്റ് ഷീ ജിൻ പിങുമായി കൂടിക്കാഴ്ച നടത്തുന്നതായിരിക്കും. തന്റെ സന്ദർശന ലക്ഷ്യം സ്ഥിരതയുള്ള ഉഭയകക്ഷി ബന്ധമാണെന്നും ഇന്തോ- പസഫിക് മേഖലയിലെ സമാധാനത്തിന് ഇത് അനിവാര്യമാണെന്നും മോദി വ്യക്തമാക്കിയിട്ടുണ്ട്. ഷാങ്‌ഹായ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന മോദി റഷ്യൻ പ്രസിഡന്റ് പുട്ടിനുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
രാജ്യത്തെ രാഷ്ട്രീയ സാമ്പത്തിക സ്ഥിരതയും നയങ്ങളിലെ സുതാര്യതയും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവസരവും ഇന്ത്യയെ ആഗോള തലത്തിൽ നിക്ഷേപത്തിനുള്ള പ്രധാന കേന്ദ്രമാക്കി മാറ്റിയിരിക്കെ ഇന്ത്യ- ചൈന- റഷ്യ സഹകരണം ശക്തിയാർജ്ജിക്കുന്നത് അമേരിക്കക്കാവും ഏറ്റവും വലിയ ഭീഷണിയായി മാറുക. ആഗോളതലത്തിൽ അമേരിക്ക എന്ന ബ്രാൻഡിന്റെ വലിയിടിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് യു.എസ് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ അഭിപ്രായപ്പെട്ടത് പൂർണമായും ശരിയാണ്. വിശ്വാസ്യതയോടെ അമേരിക്കയെ ഒരു ലോക രാജ്യത്തിനും കാണാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇന്ന് ചൈന പോലും വിശ്വാസ്യത നേടുമ്പോൾ അമേരിക്കയെ വിശ്വസിക്കാൻ കൊള്ളാത്ത രാജ്യമാക്കി മാറ്റിയത് ട്രംപിന്റെ തീരുവ യുദ്ധമാണ്. ഇന്ത്യയും ചൈനയും കൈകോർക്കുമ്പോൾ വാളെടുത്തവൻ വാളാൽ എന്ന അനുഭവമാകും അമേരിക്കയ്ക്ക് ഉണ്ടാകാൻ പോവുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |