SignIn
Kerala Kaumudi Online
Friday, 19 September 2025 11.58 AM IST

ഡേറ്റിംഗ് ആപ്പ് എന്ന ചതിക്കുഴി

Increase Font Size Decrease Font Size Print Page
dating

സോഷ്യൽ മീഡിയയിൽ അപരിചിതരെ പരിചയപ്പെടുന്നതാണ് ഇന്ന് ഏറ്റവും വലിയ തട്ടിപ്പുകൾക്ക് വഴിയൊരുക്കുന്നത്. ഒന്നാമത്, വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചായിരിക്കും പലരും അക്കൗണ്ടുകൾ ഉണ്ടാക്കുന്നത്. 'അജ്ഞാതനായ സുഹൃത്തുമായി" ചാറ്റു ചെയ്യുമ്പോൾ കിട്ടുന്ന 'സുഖം" വഞ്ചിക്കപ്പെട്ടു കഴിഞ്ഞ് തീരാദുഃഖമായി മാറാൻ അധികസമയം ആവശ്യമില്ല. പലപ്പോഴും ഈ 'അജ്ഞാതൻ" ഒരു സംഘമായിരിക്കും. ജോലിചെയ്യാതെ ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന സംഘങ്ങൾ കൂടിവരികയാണ്. അതിനാൽ ഒരു തട്ടിപ്പിന് ഇരയാകുന്ന, അഥവാ ലൈംഗിക ചൂഷണങ്ങൾക്ക് ഇരയാകുന്ന സംഭവങ്ങളുടെ ആദ്യ തെറ്റുകാർ അറിയാതെ ഇത്തരം ഡേറ്റിംഗ് ആപ്പുകളിൽ മറ്റും ചെന്നുചേരുന്നവർ തന്നെയാണ്.

കാസർകോട്ട് ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട പതിനേഴുകാരനെ എ.ഇ.ഒ അടക്കം 20 പേർ രണ്ടുവർഷം പീഡിപ്പിച്ച സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പതിനെട്ടു വയസാണ് ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കാൻ വച്ചിട്ടുള്ള പ്രായപരിധി. എന്നാൽ മുതിർന്നവരെന്ന വ്യാജേനയാണ് പ്രായം കുറഞ്ഞ പല കുട്ടികളും വ്യാജ പ്രൊഫൈലിലൂടെ അക്കൗണ്ടുണ്ടാക്കുന്നത്. ഇതിലൂടെ കുട്ടികളുടെ കുടുംബത്തിലുള്ളവരും ഇരകളായി മാറാം. സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടിൽ നിന്ന് വീട്ടുകാരുടെ ചിത്രങ്ങളെടുത്ത് അവരുടെ പേരിൽ അക്കൗണ്ട് തുടങ്ങി അപമാനിക്കുന്ന കേസുകളും നിരവധി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുഖം കാണിക്കാതെ നഗ്‌ന വീഡിയോ കാളിന് തയ്യാറാകുന്ന പെൺകുട്ടികൾ ഡേറ്റിംഗ് ആപ്പുകളിലുണ്ട്. പലരും അകപ്പെട്ടുപോയതാണ്. പിണങ്ങി മാറാൻ ശ്രമിച്ചാൽ അവരുടെ പഴയ ചാറ്റിംഗ് രേഖകൾ സഹിതമാകും ഭീഷണി വരിക. ഒരിക്കൽ വീണുപോയാൽ പിന്നീട് തിരിച്ചുകയറാൻ പറ്റാത്ത ഒരു നീരാളിപ്പിടിത്തമാണ് ഡേറ്റിംഗ് ആപ്പുകൾ കൗമാരക്കാരുടെയും യുവാക്കളുടെയും യുവതികളുടെയും മേൽ പ്രയോഗിക്കുന്നത്.

സെക്‌സ് ചാറ്റിംഗ് ബിസിനസും ആപ്പിലൂടെ നടക്കുന്നുണ്ട്. പണമടച്ചാൽ സേവനം നൽകുന്നതാണ് രീതി. ഇതെല്ലാം കണ്ടെത്തി തടയുക എന്നത് ഏറെക്കുറെ അസാദ്ധ്യമായ കാര്യമാണ്. അതിനാൽ ഇതിന്റെ വരും വരായ്‌‌കകളെക്കുറിച്ച് ബോധവാന്മാരായി ഇതിൽ വീഴാതിരിക്കാനുള്ള കരുതലും ജാഗ്രതയും പുലർത്താൻ യുവജനങ്ങൾ സദാ സന്നദ്ധമായിരിക്കണം. എ.ഐയുടെ കാലമായതിനാൽ നേരിട്ട് മൊബൈലിൽ കാണുന്നതുപോലും വിശ്വസിക്കാനാവില്ല. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ പേരിൽപ്പോലും എ.ഐ തട്ടിപ്പ് അഹമ്മദാബാദിൽ നടന്നു. ഒരു പ്രത്യേക ഇൻവെസ്റ്റ‌്‌മെന്റ് പ്ളാൻ കേന്ദ്ര ധനകാര്യമന്ത്രി അവരുടെ ശബ്ദത്തിൽ ശുപാർശ ചെയ്തതു കണ്ട് പണം നിക്ഷേപിച്ച ഒരു ഡോക്ടർക്ക് ലക്ഷങ്ങളാണ് നഷ്ടപ്പെട്ടത്.

ഡേറ്റിംഗ് ആപ്പിൽ വരുന്ന സുഹൃത്ത് പറയുന്നതു മുഴുവനും ഭൂരിപക്ഷം കേസിലും പച്ചക്കള്ളമായിരിക്കും. സ്‌ത്രീകളുടെ നഗ്‌ന വീഡിയോ പകർത്തിയതിനു ശേഷമാകും ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്നത്. ആൺകുട്ടികളെ പ്രധാനമായും ലഹരി വാഗ്ദാനം ചെയ്താണ് വീഴ്‌ത്തുന്നത്. സാമൂഹിക മാദ്ധ്യമ അക്കൗണ്ട് വിവരങ്ങളും ഫോൺനമ്പരും ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ അപരിചിതർക്ക് നൽകാതിരിക്കുക, ഇൻസ്റ്റഗ്രാമും മറ്റും ഡേറ്റിംഗ് ആപ്പുമായി ലിങ്ക് ചെയ്യാതിരിക്കുക, ആരെന്ന് കൃത്യമായി മനസിലാക്കാൻ കഴിയാത്ത പ്രൊഫൈലുകളോട് ഇടപെടാതിരിക്കുക, പണം അയയ്ക്കാനുള്ള അഭ്യർത്ഥനയോട് ഒരിക്കലും പ്രതികരിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇടപഴകുന്നവർ ശീലമാക്കേണ്ടതാണ്. കുട്ടികൾ ഇത്തരം അബദ്ധങ്ങളിൽ വീഴാതിരിക്കാൻ മാതാപിതാക്കളും മുൻകരുതലുകൾ സ്വീകരിക്കണം. ഇത്തരം ആപ്പുകളിലേക്കും മറ്റും എത്താനുള്ള സാദ്ധ്യതകൾ സാങ്കേതികമായി ബ്ളോക്ക് ചെയ്തതിനു ശേഷം മാത്രം കുട്ടികൾക്ക് ഫോൺ നൽകുക തുടങ്ങിയവയും മറ്റും അവലംബിക്കുന്നത് ഉത്തമമാണ്.

TAGS: DATING APP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.