ത്യാഗപൂർണവും നിസ്വാർത്ഥവുമായ രാഷ്ട്രസേവനം എന്ന ലക്ഷ്യത്തോടെ ഒരു വിജയദശമി ദിനത്തിൽ സ്ഥാപിതമായ രാഷ്ട്രീയ സ്വയംസേവക് സംഘം എന്ന ആർ.എസ്.എസ് നൂറുവർഷം പിന്നിട്ടിരിക്കുകയാണ്. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ആർ.എസ്. എസിനെ പ്രകീർത്തിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്, ഇന്ത്യയുടെ സേവനത്തിനായി സമർപ്പിതമായ ഈ സംഘടന ലോകത്തിലെ ഏറ്റവും വലിയ എൻ.ജി.ഒ ആയി വളർന്നിരിക്കുകയാണെന്നാണ്. കാലക്രമത്തിൽ ക്ഷീണം സംഭവിച്ച ഭാരതത്തിന്റെ മഹത്തായ സാംസ്‌കാരിക പാരമ്പര്യം വീണ്ടെടുത്ത് രാഷ്ട്രത്തെ പുനർനിർമ്മിക്കുക എന്ന ദൗത്യത്തിനായി സ്വയം സമർപ്പിച്ച, അധികാരത്തിൽ നിന്നും ആഡംബരങ്ങളിൽ നിന്നും അകന്നുനിന്ന ആയിരക്കണക്കിന് അംഗങ്ങളുടെ അച്ചടക്കപൂർണവും ആദർശപൂർണവുമായ നിസ്വാർത്ഥ പ്രവർത്തനമാണ് ഈ സംഘടനയെ നൂറുവർഷം മുമ്പുള്ള ഒരു വിത്തിൽ നിന്ന് ഇന്ന് ഭാരതമെമ്പാടും പടർന്നു നിൽക്കുന്ന വലിയ ആൽമരമായി വളർത്തിയത്.
സാമൂഹ്യ പരിവർത്തനത്തിനൊപ്പം ഹിന്ദുക്കളുടെ ഉന്നമനത്തിനാണ് ആർ.എസ്.എസ് പരമമായ പ്രാധാന്യം നൽകുന്നത്. ഭാരതത്തിന്റെ ആത്‌മീയ, ധാർമ്മിക മൂല്യങ്ങളെ സംരക്ഷിക്കുന്നതിന് ജനാധിപത്യത്തിലെ മറ്റ് രാഷ്ട്രീയ കക്ഷികളെപ്പോലെയുള്ള ഒരു സംഘടനയ്ക്ക് കഴിയില്ലെന്നും, സൈനിക ചിട്ടകളോടെ അച്ചടക്കപൂർണവും അധികാരത്തിൽ നിന്ന് അകലം പാലിച്ചും പ്രവർത്തിക്കുന്ന സ്വയം സേവകർക്കു മാത്രമേ നിർണായക ഘട്ടങ്ങളിൽ മാതൃരാജ്യത്തെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും കഴിയൂ എന്നുമുള്ള വിശ്വാസപ്രമാണത്തിന്റെ വെളിച്ചത്തിലാണ് ആർ.എസ്.എസ് ഇത്രകാലവും പ്രവർത്തിച്ചുവരുന്നത്. ഏതൊരു സംഘടനയ്ക്കും, പിന്നിട്ട വഴികളിൽ വീഴ്ചകളും നേട്ടങ്ങളും ഉണ്ടാകാതെ തരമില്ല. ഗാന്ധി വധം ഉൾപ്പെടെയുള്ള വിമർശനങ്ങൾക്ക് ആർ.എസ്.എസ് പാത്രീഭൂതമായിട്ടുണ്ട്. ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാർ ഒരു തവണയും, സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി വധിക്കപ്പെട്ട അവസരത്തിലും അടിയന്തരാവസ്ഥയിലും ബാബ്‌റി മസ്‌ജിദ് തകർക്കപ്പെട്ടപ്പോഴും ആർ.എസ്.എസ് നിരോധിക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിൽ പ്രകൃതിദുരന്തങ്ങൾ എവിടെയെല്ലാം ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം ദയാവായ്‌പോടും കർമ്മദൃഢതയോടും ചലിക്കുന്ന കരങ്ങളായി ഈ സംഘടന സ്വയം മാറുന്നത് ചാരിതാർത്ഥ്യത്തോടെയല്ലാതെ ഒരു ഇന്ത്യക്കാരനും സ്‌മരിക്കാതിരിക്കാനാവില്ല. ആർ.എസ്.എസിന് രാഷ്ട്രീയമില്ലെങ്കിലും അതിൽ നിന്ന് ആവിർഭവിച്ച ഭാരതീയ ജനതാ പാർട്ടി എന്ന രാഷ്ട്രീയ കക്ഷിയാണ് ഇന്ത്യ ഇന്ന് ഭരിക്കുന്നത്. അധികാരം ആർ.എസ്.എസിന്റെ ലക്ഷ്യമല്ലായിരുന്നെങ്കിലും ബി.ജെ.പിയുടെ മാതൃരൂപമായ ആർ.എസ്.എസ് ഇന്ത്യയുടെ അധികാരത്തിന്റെ നട്ടെല്ലായി മാറിയിരിക്കുകയാണ് എന്നത് ആർക്കും നിഷേധിക്കാനാവാത്ത വസ്തുതയാണ്. ഈ നിലയിലേക്ക് ആർ.എസ്.എസ് എങ്ങനെ വളർച്ചപ്രാപിച്ചു എന്നത് അവരുടെ വിമർശകർ പോലും പഠനവിഷയമാക്കേണ്ടതാണ്. ഭൂമിയെപ്പോലെ സർവംസഹയായി നിവർത്തിക്കണമെന്ന് ഉപദേശിക്കുമ്പോഴും അടിച്ചാൽ അതേ ഭാഷയിൽ പ്രതികരിക്കുന്ന ഒരു സംഘടനയാണ് ഇന്നും ആർ.എസ്.എസ്. അതിനാൽത്തന്നെ ഈ സംഘടനയെ ഭയത്തോടെ വീക്ഷിക്കുന്നവരും കുറവല്ല. പ്രതികരിക്കേണ്ടുന്ന സാഹചര്യങ്ങളിലും സന്ദർഭങ്ങളിലും അചഞ്ചലതയോടെ പ്രതികരിക്കുന്നതാണ് ഹൈന്ദവത എന്ന ഒരു ബോധം ഭാരതത്തിലെമ്പാടും വളർത്തിയെടുക്കാൻ ഈ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
അതേസമയം, അതിന്റെ പേരിൽ അരാജകത്വത്തിലേക്ക് വഴിതെറ്റി വീഴാൻ ഒരിക്കലും സംഘടനയുടെ ചട്ടക്കൂട് ആരെയും അനുവദിക്കാറില്ല. അതാണ് ആർ.എസ്.എസിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്.
ബി.ജെ.പിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യ കഴിഞ്ഞ ദശാബ്ദങ്ങളെ അപേക്ഷിച്ച് വൻ വികസനക്കുതിപ്പ് നേടുന്ന പാതയിലാണിന്ന്. എന്നാൽ അതിന്റെ പേരിൽ വ്യക്തിശുദ്ധി കളങ്കപ്പെടുത്തുന്ന ഒരു ജീവിതരീതിയും സ്വീകരിക്കാൻ ഒരു സംഘടനയെന്ന നിലയിൽ ആർ.എസ്.എസ് അവരുടെ പ്രവർത്തകരെ അനുവദിച്ചിട്ടില്ല. ഒരു സംഘടന എന്ന നിലയിൽ ഈ ആൽമരം വരുംവർഷങ്ങളിൽ കൂടുതൽ കരുത്തോടെ വളർന്ന് പന്തലിച്ചാൽ ആരും അത്‌ഭുതപ്പെടേണ്ടതില്ല. 1925-ൽ നാഗ്‌പൂരിൽ ഡോ. ഹെഡ്‌ഗേവാർ സ്ഥാപിച്ച ആർ.എസ്.എസിൽ അന്ന് നാമമാത്രമായ അംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ആർ.എസ്.എസിന് പ്രവർത്തകരുടെ റെക്കാർഡ് സൂക്ഷിക്കുന്ന പതിവില്ലെങ്കിലും ഇന്ന് പത്തുകോടിയിൽ അധികമാണ് ആ സംഘടനയിലെ പ്രവർത്തകരുടെ എണ്ണം. അവരുടെ ശൈലിയോട് യോജിക്കാം, വിയോജിക്കാം. പക്ഷേ അവരെ ആർക്കും അവഗണിക്കാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |