കുട്ടികൾക്കുള്ള ചുമ മരുന്ന് കഴിച്ച് മദ്ധ്യപ്രദേശിലെ ചിന്ത്‌വാഡയിൽ 14 കുട്ടികൾ മരിച്ച സംഭവം രാജ്യത്താകമാനം ഭീതി പടർത്തിയിരിക്കുകയാണ്. ഇതിനെത്തുടർന്ന് നമ്മുടെ സംസ്ഥാനത്തും ജാഗ്രതാ നിർദ്ദേശങ്ങൾ വന്നുകഴിഞ്ഞു. സംസ്ഥാനത്ത് രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകരുതെന്ന് ഡ്രഗ്‌സ് കൺട്രോളർ നിർദ്ദേശം നൽകിയിരിക്കുകയാണ്. രണ്ടുവയസിന് മുകളിലുള്ള കുട്ടികൾക്ക് കുറിപ്പടി നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും, അഞ്ചുവയസു വരെയുള്ള കുട്ടികൾക്ക് നിലവിലുള്ള കഫ് സിറപ്പുകളുടെ പ്രത്യേക പരിശോധനാ ഫലങ്ങൾ പുറത്തുവരുന്നതുവരെ ഒഴിവാക്കുന്നതാണ് നല്ലത്. ഇനി അഥവാ നൽകേണ്ടിവന്നാലും ഡോസിലും കാലയളവിലും കൃത്യമായ നിർദ്ദേശങ്ങൾ പാലിക്കപ്പെടേണ്ടതാണ്.
ചുമയ്ക്കുള്ള മരുന്ന് കഴിച്ചതിനെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണം മദ്ധ്യപ്രദേശിനു പുറമെ രാജസ്ഥാനിലും മൂന്നു കുട്ടികൾ മരണമടഞ്ഞിരുന്നു. ഇതോടെ മരിച്ച കുട്ടികളുടെ എണ്ണം 17 ആയി.
'കോൾഡ്രിഫ്" എന്ന വ്യാപാര നാമത്തിലുള്ള സിറപ്പിൽ ഉയർന്ന അളവിൽ രാസവസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് ഈ മരുന്ന് ഉത്‌പാദിപ്പിച്ച തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുള്ള ശ്രീശൻ ഫാർമ കമ്പനിക്കെതിരെ മദ്ധ്യപ്രദേശ് പൊലീസ് കേസെടുത്തിരിക്കുകയാണ്. മരുന്ന് കുറിച്ചു നല്കിയ ഡോക്ടറെ അറസ്റ്റുചെയ്തു. കുട്ടികൾ മരിച്ച സംഭവം, കുട്ടികൾക്കു വേണ്ടി നിർമ്മിക്കുന്ന മരുന്നുകളുടെ ഗുണനിലവാരം സൂക്ഷ്‌മമായി വിലയിരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കു കൂടിയാണ് വിരൽചൂണ്ടുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു.
ഇന്ത്യയിൽ മരുന്നുകൾക്ക് അനുമതി നൽകുന്ന സംവിധാനങ്ങൾ ഒരു ഉടച്ചുവാർക്കലിനു തന്നെ വിധേയമാക്കേണ്ടതുണ്ട്. അഴിമതി കൊടികുത്തിവാഴുന്ന രംഗങ്ങളിൽ ഒന്നാണിതെന്ന ആക്ഷേപം നേരത്തേ തന്നെ ഉയർന്നിട്ടുള്ളതാണ്. മരുന്നുകൾ നിർമ്മിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമങ്ങളും പ്രാബല്യത്തിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആലോചന തുടങ്ങേണ്ടതാണ്. കുട്ടികളിൽ മരണത്തിനിടയാക്കിയത് അവർ കഴിച്ച ചുമമരുന്നിൽ 'ഡൈ എത്തിലീൻ ഗ്ളൈക്കോളി"ന്റെ സാന്നിദ്ധ്യം കൂടുതലായിരുന്നതു കൊണ്ടാണെന്നാണ് പ്രാഥമിക നിഗമനം. വൃക്കകളുടെ പ്രവർത്തനത്തെ ഇത് ബാധിച്ചതാണ് മരണങ്ങൾക്ക് പ്രധാനമായും ഇടയാക്കിയത്.
കേരളത്തിൽ രണ്ടുവയസിനു താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കോ ജലദോഷത്തിനോ ഉള്ള മരുന്നുകളുടെ കുറിപ്പടി ലഭിച്ചാലും മരുന്ന് നൽകരുതെന്ന നിർദ്ദേശമാണ് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നൽകിയിരിക്കുന്നത്.
മദ്ധ്യപ്രദേശിൽ കുട്ടികൾ മരിച്ചതിന് ഇടയാക്കിയെന്ന ആക്ഷേപം ഉയർന്നിട്ടുള്ള 'കോൾഡ്രിഫ്" സിറപ്പ് കേരളത്തിലും വില്പനയ്ക്ക് എത്തിയിട്ടുള്ളതാണ്. ഇതിന്റെ 170 ബോട്ടിലുകൾ കോഴിക്കോട്, മലപ്പുറം, കണ്ണൂർ മേഖലകളിൽ നിന്ന് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. എന്നാൽ അപകടമുണ്ടാക്കിയതായി കരുതുന്ന എസ്.ആർ 13 ബാച്ച് കേരളത്തിൽ വില്പനയ്ക്ക് വന്നിട്ടില്ലെന്നാണ് അധികൃതർ പറയുന്നതെങ്കിലും, ഇത് ഉറപ്പാക്കാൻ വ്യാപകമായ പരിശോധനകൾ ആവശ്യമാണ്. അതുപോലെ തന്നെ പുതിയ മരുന്നുകൾ കുറിക്കുമ്പോൾ ഡോക്ടർമാരും കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടത് ആവശ്യമാണ്. മുതിർന്നവർ പോലും ചുമയ്ക്കുള്ള മരുന്നുകൾ കുറിപ്പടിയില്ലാതെയും അളവിൽ കൃത്യത പാലിക്കാതെയും വാങ്ങി ഉപയോഗിക്കുന്ന പ്രവണത ഇവിടെ നിലനിൽക്കുന്നുണ്ട്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അത്തരം പ്രവണതകൾ പാടെ ഒഴിവാക്കണം. ചുമയ്ക്കുള്ള മരുന്ന് കൃത്യമായ കുറിപ്പടിയില്ലാതെ നൽകാൻ മരുന്നുകടക്കാരും തയ്യാറാകരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |