രാജ്യത്തെ അമ്പത് നഗരങ്ങളിലെ നടപ്പാതകളുടെ സുരക്ഷാ ഓഡിറ്റ് നടത്താൻ ദേശീയപാതാ അതോറിട്ടിയോടും സംസ്ഥാനങ്ങളോടും സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുകയാണ്. ഇതിൽ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ എന്നീ നഗരങ്ങളും ഉൾപ്പെടുന്നു. കാൽനട യാത്രക്കാരുടെ സുരക്ഷ, റോഡുകളുടെ നിലവാരം എന്നിവ ഉറപ്പാക്കാൻ ആറുമാസത്തിനകം മോട്ടോർ വാഹന നിയമപ്രകാരം ചട്ടങ്ങളുണ്ടാക്കണമെന്നും ജസ്റ്റിസ് ജെ.ബി. പർദിവാല അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയുണ്ടായി.
വിദേശ രാജ്യങ്ങളിലും വികസിത രാജ്യങ്ങളിലും കാൽനട യാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും അതീവ ശ്രദ്ധാപൂർവമുള്ള പരിഗണനയാണ് നൽകുന്നത്. ഒരുപക്ഷേ ഏറ്റവും കൂടുതൽ കാൽനട യാത്രക്കാരുള്ള ഇന്ത്യയിൽ അവർക്ക് 'കാറ്റിൽ ക്ളാസ്" പരിഗണന മാത്രമാണുള്ളതെന്നത് ദൗർഭാഗ്യകരമാണ്.
ഇന്ത്യൻ നഗരങ്ങളുടെ നടപ്പാതകളിൽ ഏറിയകൂറും ചില്ലറ ഉത്‌പന്നങ്ങളുടെയും പഴവർഗങ്ങളുടെയും ചെറിയ തട്ടുകടകളുടെയും വില്പനക്കാർ കൈയടക്കിയിരിക്കുകയാണ്. എല്ലാ സംസ്ഥാനത്തും പ്രമുഖ നഗരങ്ങളുടെ പാതകളിൽ ഈ കാഴ്ച കാണാനാവും. അതിനാൽ പല കാൽനട യാത്രക്കാരും പാത വിട്ട് റോഡരികിലൂടെ നടക്കാൻ നിർബന്ധിതരാകുന്നു. ഇത് വണ്ടി തട്ടിയുള്ള കാൽനട യാത്രക്കാരുടെ മരണം കൂടിവരാനും ഇടയാക്കുന്നു. കാൽനട യാത്രക്കാരിൽ ഭൂരിപക്ഷവും സാധാരണക്കാരാണ്. അതിനാൽത്തന്നെ അവരുടെ ആവശ്യങ്ങൾക്ക് മുഖ്യ പരിഗണന നൽകാൻ അധികൃതർ ശ്രമിക്കാറുമില്ല. ഈ പശ്ചാത്തലത്തിൽ നഗര നടപ്പാതകളുടെ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന സുപ്രീംകോടതി നിർദ്ദേശം പ്രത്യേക പ്രാധാന്യമർഹിക്കുന്നു.
മാർക്കറ്റ്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ആരാധനാലയങ്ങൾ, സ്‌കൂളുകൾ തുടങ്ങിയവയ്ക്ക് സമീപമുള്ളവ, കാൽനട യാത്രക്കാർക്ക് കൂടുതൽ അപകടം സംഭവിക്കാറുള്ള സ്ഥലങ്ങൾ തുടങ്ങിയവയ്ക്ക് മുൻഗണന നൽകി വേണം ഓഡിറ്റ് നടത്തേണ്ടതെന്ന് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. റോഡുകളുടെ രൂപകല്പനയിലെ പിഴവാണ് കാൽനട യാത്രക്കാരുടെ അപകടങ്ങൾക്ക് ഇടയാക്കുന്നതെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ നടപടി വേണമെന്നും നിർദ്ദേശമുണ്ട്. ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നയാളും സഹയാത്രക്കാരനും ഹെൽമെറ്റ് നിർബന്ധമാക്കുക, തീക്ഷ്ണ വെളിച്ചമുള്ള എൽ.ഇ.ഡി ഹെഡ് ലൈറ്റുകൾ, ചുവപ്പ്, നീല നിറത്തിലുള്ള ബീക്കൺ ലൈറ്റുകൾ, സൈറണുകൾ എന്നിവയുടെ ദുരുപയോഗം തടയുക തുടങ്ങിയവയും നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.
ഇന്ത്യയിൽ പുതിയ ദേശീയ പാതകളുടെ ഇരുവശത്തും മികച്ച രീതിയിലുള്ള നടപ്പാതകൾ ഒരുക്കിയിട്ടുണ്ടെങ്കിലും ഇതിലൂടെ നടക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. സർവീസ് റോഡുകളിലൂടെയാണ് കാൽനട, സൈക്കിൾ യാത്രക്കാർ കൂടുതലും സഞ്ചരിക്കുന്നത്. എന്നാൽ സർവീസ് റോഡുകളിൽ പലയിടത്തും നടപ്പാതകൾ നിർമ്മിച്ചിട്ടില്ല. കേരളത്തിൽ നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ സർവീസ് റോഡുകൾക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വീതിയും കുറവാണ്. ഇത്തരം പ്രശ്നങ്ങളൊക്കെ ഏതുവിധത്തിൽ പരിഹരിക്കാനാവുമെന്ന നിർദ്ദേശവും സുരക്ഷാ ഓഡിറ്റിന്റെ ഭാഗമായി ഉണ്ടാകേണ്ടതാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഏറ്റവും അധികം അപകടങ്ങൾ നടന്ന 15 - 20 സ്പോട്ടുകൾ കണ്ടെത്തി നടപ്പാതകൾ നവീകരിക്കാനാണ് സുപ്രീംകോടതി നിർദ്ദേശം. അതുപോലെ, സീബ്രാലൈൻ ക്രോസിംഗുകൾ ഉപയോഗിക്കാവുന്ന സ്ഥിതിയിലല്ലാത്തവ കണ്ടെത്തി നവീകരിക്കുകയും വേണം. റോഡുവക്കിലെ കൈയേറ്റങ്ങൾ നിയന്ത്രിക്കുന്നതിനൊപ്പം, അത് സാധാരണക്കാരായ ലക്ഷക്കണക്കിനു പേരുടെ ജീവിതമാർഗമായതിനാൽ അവർക്ക് പ്രത്യേക സ്ഥലമൊരുക്കാൻ നഗരഭരണം നടത്തുന്നവർ ശ്രദ്ധപതിപ്പിക്കേണ്ടതുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |