
സാധാരണക്കാരന്റെ മനസിൽ പതിയാത്തതൊന്നും പരസ്യമാകില്ലെന്നു തുറന്നുപറയുകയും, അവിസ്മരണീയമായ പരസ്യങ്ങൾ രൂപകല്പന ചെയ്യുകയും ചെയ്ത ഇതിഹാസമായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച പീയൂഷ് പാണ്ഡെ. ഇന്ത്യൻ പരസ്യലോകത്തെ വിസ്മയകരമെന്നു വിശേഷിപ്പിക്കാവുന്ന പരസ്യങ്ങളുടെ ഒരു നിരതന്നെ അദ്ദേഹത്തിന്റേതായുണ്ട്. ഹമാരാ ബജാജ്, ചൽമേരെ ലൂണ, ഏഷ്യൻ പെയിന്റ്സ്, ഹച്ച്, വോഡാഫോൺ, ക്രിക്കറ്റ് ഗ്രൗണ്ടിലെ കാഡ്ബറീസിന്റെ പരസ്യം, ടൈറ്റാൻ, ഫെവിക്വിക്ക് അങ്ങനെ അനവധി മനോഹരമായ പരസ്യങ്ങൾ. പരസ്യം അത് കാണുന്നവരുടെ ഉള്ളിൽത്തട്ടണമെന്ന് അദ്ദേഹം ചിന്തിച്ചു. ഉന്നതതല മീറ്റിംഗുകളിലോ, ചർച്ചകളിലോ അല്ല നാടൻ ചന്തയിലും ചായക്കടയിലെ കൂട്ടു വർത്തമാനങ്ങളിൽ നിന്നുമൊക്കെയാണ് പരസ്യത്തിനുള്ള ആശയങ്ങൾ വീണുകിട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്, ഒപ്പം ജീവിതാനുഭവങ്ങളുടെ ഓർമ്മകളിൽ നിന്നും. അതുകൊണ്ടാണ് പിയൂഷ് പാണ്ഡെ സൃഷ്ടിച്ച ഓരോ പരസ്യവും ഹൃദയത്തിന്റെ ഭാഷ സംസാരിച്ചത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലേക്ക് നയിച്ച 2014 ലെ 'അബ്കി ബാർ മോദി സർക്കാർ" (ഇത്തവണ മോദിയുടെ സർക്കാർ) പരസ്യ പ്രചാരണത്തിന്റെ ആസൂത്രകനും പിയൂഷായിരുന്നു. ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുന്നതിനായി 'ദൂരദർശൻ" തയ്യാറാക്കിയ 'മിലേസുർ മേരാ തുമാര" എന്ന വീഡിയോ ആൽബത്തിനുവേണ്ടി വരികൾ രചിച്ചതും പിയൂഷായിരുന്നു. ഇംഗ്ളീഷ് ഭാഷയിൽ നിറഞ്ഞുനിന്ന പ്രചാരണ പരിപാടികളെ പ്രാദേശിക ഭാഷയിലും, നർമ്മത്തിലും സർഗാത്മകതയിലും ജനകീയമാക്കിയ പിയൂഷ് പാണ്ഡെയെ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ക്രിക്കറ്റ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണങ്ങൾക്കിടയിൽ ചെറുതും മുട്ടയുടെ രൂപത്തിലുള്ള 'സൂസു" എന്ന കഥാപാത്രങ്ങളെ ഉപയോഗിച്ച് നർമ്മം നിറച്ചുവച്ച, സംഭാഷണരഹിതമായ കുഞ്ഞുപരസ്യങ്ങളിലൂടെ വോഡഫോണിന്റെ ബ്രാൻഡ് ആകർഷകമാക്കിയതും പിയൂഷ് തന്നെ.
പരസ്യ നിർമ്മാണ കമ്പനിയായ ഒഗിൽവിയുടെ വേൾഡ് വൈഡ് ക്രിയേറ്റീവ് ഓഫീസറും ഇന്ത്യയിലെ എക്സിക്യൂട്ടീവ് ചെയർമാനുമായിരുന്നു. 1982 ലാണ് പിയൂഷ് ഒഗിൽവിയിലെത്തുന്നത്. സൺലൈറ്റ് ഡിറ്റർജന്റിനു വേണ്ടിയായിരുന്നു ആദ്യ പരസ്യം. പിയൂഷിന്റെ നേതൃത്വത്തിൽ ഒഗിൽവി രാജ്യത്തെ ഒന്നാം നമ്പർ പരസ്യ ഏജൻസിയായി. പാണ്ഡെമോണിയം, ഓപ്പൺ ഹൗസ് വിത്ത് പിയൂഷ് പാണ്ഡെ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ജോൺ എബ്രഹാം നായകനായ 'മദ്രാസ് കഫെ" എന്ന സിനിമയിലും ചില വീഡിയോകളിലും അഭിനയിച്ചു. 'ഭോപ്പാൽ എക്സ്പ്രസ്" എന്ന സിനിമയുടെ തിരക്കഥയും രചിച്ചു. ഫെവിക്കോളിന്റെയും ഫെവി ക്വിക്കിന്റെയും പരസ്യം രസകരമായിരുന്നു. മീൻപിടിക്കാൻ ചൂണ്ടയിട്ടു കാത്തിരിക്കുന്ന ആളിന്റെ അരികിൽ ചൂണ്ടയുമായെത്തുന്നയാൾ ചൂണ്ടയിൽ ഫെവിക്വിക്ക് പുരട്ടി വെള്ളത്തിലിടുന്നു. മീൻ ഒട്ടിപ്പിടിച്ച് ചൂണ്ട നിറയെ എത്തുന്നു. മണിക്കൂറുകളായി ചൂണ്ടയിട്ടിരിക്കുന്നയാൾ നിരാശനാകുന്നു. ബ്രാൻഡിനെ പോപ്പുലറാക്കിയ പരസ്യങ്ങളായിരുന്നു ഓരോന്നും.
ശ്വാസകോശ അണുബാധയെ തുടർന്ന് എഴുപതാമത്തെ വയസിലായിരുന്നു അന്ത്യം. രാജസ്ഥാനിലെ ജയ്പൂരിലായിരുന്നു ജനനം. 2018-ൽ കാൻസ് ലയൺസ് ഫെസ്റ്റിൽ ലയൺ ഒഫ് സെന്റ് മാർക്ക് അംഗീകാരം സഹോദരൻ പ്രസൂൺ പാണ്ഡെയോടൊപ്പം നേടിയിട്ടുണ്ട്. പ്രാദേശിക ഭാഷകളും ഹിന്ദിയും വളരെ പ്രിയപ്പെട്ടതായിരുന്നു. നർമ്മം, ചിരി, പാട്ട്, എഴുത്ത്, കുടുംബം, ടീം, മീശ, ഒഗിൽവി- പിയൂഷിന്റെ ലോകം ഇതൊക്കെയായിരുന്നു. നിറഞ്ഞ ചിരിയോടെ എപ്പോഴും പ്രസന്നവദനനായിട്ടേ കാണാൻ കഴിയൂ. ജീവിതത്തെ രസകരമായി വീക്ഷിച്ചു. ആ ചിന്തയിൽ ഉരുത്തിരിഞ്ഞ പരസ്യങ്ങളും ആ നർമ്മവും ചിരിയും പങ്കിട്ടു. ഇന്ത്യൻ പരസ്യരംഗത്തെ അതികായന്റെ മടക്കയാത്ര ഒരുപാട് ഓർമ്മകൾ ബാക്കിയാക്കിയാണ്. ആദരാഞ്ജലികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |