
സംസ്ഥാനത്ത് മസ്‌തിഷ്‌ക ജ്വരം വലിയ ആശങ്കയാവുന്നത് പ്രധാനമായും രണ്ടു കാരണങ്ങളാലാണ്. ഒന്നാമത്, എങ്ങനെയാണ് ഇത് ബാധിക്കുന്നത് എന്നതു സംബന്ധിച്ച് വ്യക്തമായ കാരണങ്ങൾ കണ്ടെത്തിയിട്ടില്ല. രണ്ടാമത്, 97 ശതമാനത്തോളം മരണനിരക്കുള്ള ഈ രോഗത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള മരുന്നില്ല എന്നതാണ്. ആശ്വാസമായി ആകെ ചൂണ്ടിക്കാണിക്കാവുന്നത് 144 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചെങ്കിലും 30 പേർ മാത്രമാണ് മരണമടഞ്ഞത് എന്നതു മാത്രമാണ്. അതായത് മരണ നിരക്ക് 25 ശതമാനത്തിൽ താഴെയായി നിലനിറുത്താനായി. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കാത്തവർക്കും ഈ അസുഖം പിടിപെട്ടു. വീട്ടിൽ കുളിച്ചവർക്കും ദൂരദേശങ്ങളിലേക്ക് യാത്ര ചെയ്യാത്തവർക്കും അസുഖം വന്നു. വർഷങ്ങളായി കിടപ്പുരോഗികളായിരുന്നവർക്കും അസുഖം വന്നിട്ടുണ്ട്!
വർഷങ്ങളായി ശുദ്ധീകരിക്കാത്ത കിണറുകളിലെയും വാട്ടർ ടാങ്കുകളിലെയും മറ്റും വെള്ളം ഉപയോഗിക്കുന്നവർ സൂക്ഷിക്കണം എന്ന മുന്നറിയിപ്പാണ് അധികൃതർ തരുന്നത്. എന്നാൽ, അതുകൊണ്ടു മാത്രമായില്ല. മൂക്കിലൂടെ അശുദ്ധ ജലം കയറുമ്പോഴാണ് ഈ രോഗം ഉണ്ടാകുന്നത്. അതുകൊണ്ട് വീട്ടിലായാലും ഹോട്ടലിലായാലും മുഖം കഴുകുമ്പോൾ പ്രത്യേക ശ്രദ്ധ പാലിക്കേണ്ടത് മുൻകരുതലുകളിൽ അതിപ്രധാനമാണ്. വാട്ടർ അതോറിട്ടിയുടെ ശുദ്ധീകരണ സംവിധാനങ്ങൾ കൃത്യമായ ഓഡിറ്റിന് വിധേയമാക്കുകയും വേണം. ഡ്രെയിനേജിലും മറ്റും ഉണ്ടാകുന്ന ചോർച്ചയിലൂടെ ശുദ്ധജലവുമായി അത് കലരാനിടയാകുന്നത് ഈ രോഗത്തിന്റെ സ്ത്രോസായി മാറാൻ സാദ്ധ്യതയുള്ളതിനാൽ അതുമായി ബന്ധപ്പെട്ട പരാതികളിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം ഉണ്ടാക്കാനുള്ള നിർദ്ദേശവും ഇതുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവർക്ക് അധികൃതർ നൽകേണ്ടതുണ്ട്. മാലിന്യങ്ങൾ ഓടകളിലും കുളങ്ങളിലും ജലാശയങ്ങളിലും മറ്റും വലിച്ചെറിയുന്നത് അപ്പാടെ ഒഴിവാക്കുകയും ഇങ്ങനെ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
അമീബിക് മസ്‌തിഷ്‌ക ജ്വരത്തിന് വിവിധ വിഭാഗങ്ങളിലുള്ള അമീബയാണ് കാരണമാകുന്നത്. രോഗം സ്ഥിരീകരിച്ചവരുള്ള ചില സ്ഥലങ്ങളിൽ ജലത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം വളരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുപോലെ, ഡ്രെയിനേജ് സൗകര്യമില്ലാത്ത വീടുകളിൽ സെപ്‌റ്റിക് ടാങ്കുമായി ബന്ധപ്പെട്ട് വ്യക്തമായ മാനദണ്ഡങ്ങൾ പാലിക്കാനുള്ള നിർദ്ദേശവും, അതു പരിശോധിക്കാനുള്ള സംവിധാനവും ഭാവിയിൽ ആവശ്യമാണെന്നതിന് തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ ഊന്നൽ നൽകണം. മൂക്കിലൂടെ മാത്രമല്ല, ശരീരത്തിലെ മുറിവുകളിലൂടെയും അമീബയുള്ള ജലം രക്തത്തിൽ കലർന്ന് തലച്ചോറിലെത്താം. കൊവിഡ് കാലത്തിനു ശേഷം വ്യാപിക്കുന്ന ഇത്തരം മരണകാരണമായ രോഗങ്ങളെക്കുറിച്ച് പ്രത്യേക പഠനം നടത്തേണ്ടതും ആവശ്യമാണ്.
ഇക്കാലത്ത് ചികിത്സയോളം തന്നെ പ്രധാനമാണ് രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളും. എന്നാൽ പൊതുജനാരോഗ്യ മേഖലയിലുള്ള നമ്മുടെ ആശുപത്രികളിൽ ഗവേഷണത്തിന് പ്രാധാന്യം നൽകുന്നവയുടെ എണ്ണം വളരെ കുറവാണെന്നത് നിർഭാഗ്യകരമാണ്. ചികിത്സയ്ക്കൊപ്പം പ്രധാന സർക്കാർ ആശുപത്രികളിൽ ഗവേഷണത്തിനും തുല്യ പ്രധാന്യം നൽകുന്ന ഒരു പുതിയ ആരോഗ്യ നയത്തിന് രൂപം നൽകാൻ സർക്കാർ തയ്യാറാകണം. വിദേശ സഹായവും മറ്റും ഇപ്പോൾ കൂടുതലും ലഭിക്കുന്നത് രോഗ പ്രതിരോധത്തിന് പ്രാധാന്യം നൽകുന്ന ചികിത്സാ ഗവേഷണങ്ങൾക്കാണ് എന്ന സാദ്ധ്യതയും ആരോഗ്യവകുപ്പ് കാണാതിരിക്കരുത്. അമീബിക് മസ്‌തിഷ്ക ജ്വരത്തിന്റെ കാരണങ്ങളും ഉറവിടങ്ങളും കണ്ടെത്താൻ വൈകിയാണെങ്കിലും ആരോഗ്യവകുപ്പ് പഠനം തുടങ്ങിയത് നല്ല കാര്യമാണ്. എന്നാൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട രോഗമായതിനാൽ പഠനസംഘത്തിൽ പരിസ്ഥിതി വിദഗ്ദ്ധരെയും ഉൾപ്പെടുത്താതിരുന്നത് ശരിയായില്ല. രോഗവ്യാപനത്തിന്റെയും കാരണങ്ങളുടെയും വിവിധ വശങ്ങളെക്കുറിച്ച് പഠിക്കാൻ പരിസ്ഥിതി വിദഗ്ദ്ധരെയും ഈ സംഘത്തിന്റെ ഭാഗമാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |