
അറിയാത്ത നമ്പരിൽ നിന്നുള്ള ഫോൺ വിളികളിലൂടെയാണ് പുതിയ കാലത്ത് ഏറ്റവും കൂടുതൽ തട്ടിപ്പ് അരങ്ങേറുന്നത്. അറിയാത്ത നമ്പർ എന്തിനെടുക്കുന്നു എന്ന ചോദ്യത്തിന് പ്രസക്തിയില്ല. വീട്ടിൽ ഗ്യാസ്‌കുറ്റി കൊണ്ടുവന്ന് വച്ചിട്ട് ഒ.ടി.പി നമ്പരിന് വിളിക്കുന്ന ജീവനക്കാരന്റെ പേര് നമ്മൾ സേവ് ചെയ്‌തിരിക്കണമെന്നില്ല. അതുപോലെ തന്നെ, ഓർഡർ ചെയ്ത പലവ്യഞ്ജനങ്ങളും ഭക്ഷണസാധനങ്ങളുമൊക്കെ കൊണ്ടുവരുന്നവരുടെ നമ്പരുകളും ഭൂരിപക്ഷം പേരും സേവ് ചെയ്തിരിക്കണമെന്നില്ല. അതിനാൽ അറിയാത്ത നമ്പരുകളും എടുക്കേണ്ടത് ആവശ്യമായി വരുമെന്നതിനാൽ അത് പൂർണമായും ഒഴിവാക്കാൻ ആർക്കും കഴിയില്ല. അറിയാത്ത നമ്പരുകൾ ആരുടേതാണെന്ന് അറിയാൻ രാജ്യാന്തര ആപ്പായ 'ട്രൂ കാളർ" ആണ് ഇപ്പോൾ പലരും ഉപയോഗിക്കുന്നത്.
'ട്രൂ കാളറി"ലും എല്ലാ നമ്പരും തിരിച്ചറിയാനാകണമെന്നില്ല. നമ്പരുകൾ തിരിച്ചറിയാനാകില്ലെന്ന ഈ പിഴവാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. വെർച്വൽ അറസ്റ്റിന് തട്ടിപ്പുകാർ ഉപയോഗിക്കുന്നതും തിരിച്ചറിയാനാകാത്ത നമ്പരിൽ നിന്നുള്ള വിളിയാണ്. 'നിങ്ങളുടെ പേരിൽ അയച്ച കൊറിയറിൽ നിന്ന് എം.ഡി.എം.എ പിടികൂടിയിട്ടുണ്ട്, പാഴ്‌സലിൽ വ്യാജ പാസ്‌പോർട്ടും കണ്ടെത്തി, കേസ് രജിസ്റ്റർ ചെയ്തതിനാൽ നിങ്ങൾ വെർച്വൽ അറസ്റ്റിലാണ്" എന്നൊക്കെയാവും അറിയാത്ത നമ്പരിൽ നിന്നുള്ള ഫോൺസന്ദേശം. ആർക്കും പാഴ്‌സൽ അയച്ചിട്ടില്ലെന്ന് പറഞ്ഞാലും ഇവർ നമ്മുടെ പേരും വിലാസവും, അയച്ചവരുടെ വിവരങ്ങളും വെളിപ്പെടുത്തുന്ന രേഖകൾ സ്കൈ ആപ്പിൽ നൽകും. ഒപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരുടെയോ മുംബയ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെയോ തിരിച്ചറിയൽ കാർഡും! എല്ലാം വ്യാജമായിരിക്കും. ഇവരുടെ ഭീഷണിയിൽ വീണുപോകുന്നവരുടെ ബാങ്ക് അക്കൗണ്ടിലെ ലക്ഷങ്ങളാവും ചോർന്നുപോകുക.
ഇത്തരം തട്ടിപ്പിൽ കേരളത്തിലെ തന്നെ നിരവധി പേർക്ക് ലക്ഷങ്ങളും കോടികളും നഷ്ടപ്പെട്ടിട്ടുണ്ട്. ഒരു അന്വേഷണ ഏജൻസിയും വെർച്വൽ അറസ്റ്റ് നടത്തില്ലെന്ന് പലതവണ വ്യക്തമാക്കിയിട്ടുള്ളതാണെങ്കിലും ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കാത്ത ദിവസമില്ല. ഇത്തരം വെർച്വൽ അറസ്റ്റ് തട്ടിപ്പ് നടക്കുന്നതിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണ്ടിവരുമെന്ന് അടുത്തിടെ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. സി.ബി.ഐ ഉദ്യോഗസ്ഥർ ചമഞ്ഞും പലവിധ സൈബർ തട്ടിപ്പുകൾ നടന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, വിളിക്കുന്നയാളിന്റെ വിവരങ്ങൾ അപ്പോൾത്തന്നെ മൊബൈൽ ഫോൺ സ്‌ക്രീനിൽ തെളിയുന്ന പുതിയ സംവിധാനം കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് കൊണ്ടുവരുന്നത് ഇത്തരം തട്ടിപ്പുകൾ തടയാൻ ഒരു വലിയ പരിധിവരെ ഇടയാക്കുമെന്നു കരുതാം. കാളിംഗ് നെയിം പ്രസന്റേഷൻ (സിനാപ്) എന്നാണ് സംവിധാനത്തിന്റെ പേര്. ഇതുസംബന്ധിച്ച ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ശുപാർശ ടെലികോം റഗുലേറ്ററി അതോറിട്ടി അംഗീകരിച്ചിരിക്കുകയാണ്.
'സിനാപ്" സംവിധാനത്തിനായി ടെലികോം കമ്പനികളുടെ പക്കലുള്ള ഡാറ്റാ ബേസ് ഉപയോഗിക്കും. സിം എടുക്കുന്ന സമയത്ത് നൽകുന്ന പേരായിരിക്കും സ്ക്രീനിൽ തെളിയുക. ആധാറുമായി ബന്ധിപ്പിക്കുന്നതുകൊണ്ട് വിലാസം അടക്കം പൊലീസിന് കണ്ടെത്താനാകും. വ്യാജ ആധാറാണ് ഉപയോഗിക്കുന്നതെങ്കിൽക്കൂടി വിളി വന്ന ലൊക്കേഷനും മറ്റും പിന്തുടർന്ന് അന്വേഷണം നടത്താനാകും. എന്നാൽ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന് സ്വകാര്യത മുൻനിറുത്തി ഒരാൾക്ക് സിം എടുക്കുന്ന വേളയിൽ ആവശ്യപ്പെടാനുള്ള അവകാശമുണ്ട്. ഇങ്ങനെ ഐഡന്റിറ്റി വെളിപ്പെടുത്താത്തവരുടെ ഫോൺ കാളുകൾ എടുക്കാതിരിക്കാൻ വ്യക്തികളും ശ്രദ്ധിക്കണം. ഈ സംവിധാനം ഒരാഴ്ചയ്ക്കുള്ളിൽ നടപ്പാക്കിത്തുടങ്ങാനാണ് കേന്ദ്രം നിർദ്ദേശം നൽകിയിരിക്കുന്നത്. 2026 മാർച്ച് മുതൽ രാജ്യത്താകമാനം ഇതിന്റെ സേവനം ലഭിക്കും. സൈബർ തട്ടിപ്പ് തടയാൻ ഈ സംവിധാനം ഉപകരിക്കുമെങ്കിൽ ഇതിന്റെ സേവനം എല്ലാവരും ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |