SignIn
Kerala Kaumudi Online
Wednesday, 12 November 2025 2.07 AM IST

അതിദാരിദ്ര്യ മുക്ത കേരളം

Increase Font Size Decrease Font Size Print Page
pinarayi

കേരളപ്പിറവി ദിനത്തിൽ കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക വരവും കാലാകാലങ്ങളിലെ സർക്കാരുകളുടെ ക്ഷേമപ്രവർത്തനവും നമ്മുടെ നാടിന്റെ ജീവിതനിലവാരത്തെ ഉയർത്തിയിട്ടുണ്ട്. എന്നിട്ടും പലവിധ സാമൂഹിക സാമ്പത്തിക കാരണങ്ങളാൽ ഒരു ചെറിയ വിഭാഗം അതിദാരിദ്ര്യ‌ാവസ്ഥയിലാണ് കഴിഞ്ഞുവന്നിരുന്നത്. അവരെ കണ്ടെത്തി ജീവിതനിലവാരം ഉയർത്തിയാണ് അതിദാരിദ്ര്യ‌ത്തിൽ നിന്നും മോചിപ്പിച്ചിരിക്കുന്നത്. ഇതോടെ ഐക്യരാഷ്ട്രസഭയുടെ ഒന്നും രണ്ടും സുസ്ഥിര വികസന ലക്ഷ്യങ്ങളായ ദാരിദ്ര്യ‌ നിർമ്മാർജ്ജനവും വിശപ്പിൽ നിന്നുള്ള മോചനവും പൂർണമായി കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുന്നത് സന്തോഷം പകരുന്ന സംഗതിയാണ്.

2021-ലാണ് അതിദാരിദ്ര്യ യജ്ഞം സർക്കാർ തുടങ്ങിയത്. സർവേയിലൂടെ അതിദരിദ്ര‌രായി കണ്ടെത്തിയ 64,006 കുടുംബങ്ങളിൽ 4445 പേർ അഞ്ച് വർഷത്തിനിടെ മരണമടഞ്ഞു. അലഞ്ഞുതിരിഞ്ഞു നടന്ന 231 കുടുംബങ്ങളെ കണ്ടെത്താനായില്ല. ഒന്നിലേറെ തദ്ദേശ സ്ഥാപനങ്ങളിലെ പട്ടികയിൽ ഉൾപ്പെട്ട 47 നാടോടികളെ ഒരിടത്തു മാത്രം നിലനിറുത്തി. ഇവരുൾപ്പെടെ 4723 കുടുംബങ്ങളെ പട്ടികയിൽ നിന്ന് താത്‌കാലികമായി ഒഴിവാക്കി. ബാക്കിയുള്ള 59,283 കുടുംബങ്ങളെയാണ് അതിദാരിദ്ര്യ‌ മുക്തരാക്കിയത്. നൂറ് ശതമാനം സാക്ഷരത നേടിയ ആദ്യ സംസ്ഥാനം എന്ന ബഹുമതിയും കേരളത്തിന് കരഗതമായതാണ്. അതിനേക്കാൾ പ്രധാനപ്പെട്ട നേട്ടം തന്നെയാണ് വിശപ്പിന്റെ വിളി ദുഃഖിപ്പിക്കാത്ത മനുഷ്യർ കഴിയുന്ന സംസ്ഥാനമെന്നത്. ഒരു രാജ്യം വികസിക്കുന്നതിന്റെ ഏറ്റവും വലിയ മാനദണ്ഡമായി കണക്കാക്കുന്നത് പൊതുവേ അവിടത്തെ അടിസ്ഥാന സൗകര്യത്തിന്റെ ഉയർന്ന നിലവാരമാണ്. അതിനപ്പുറം എല്ലാ കുടുംബങ്ങളും ദാരിദ്ര്യ ‌‌രേഖയ്ക്ക് മുകളിൽ ജീവിക്കുന്നതാണ് ഒരു നാടിന്റെ വികസനത്തിന്റെ മുഖമുദ്ര‌‌യായി മാറേണ്ടത്. സാമ്പത്തിക ശാസ്‌ത്രത്തിന്റെ മനുഷ്യത്വപരമായ വശമാണത്.

എൽ.ഡി.എഫ് സർക്കാർ കേരളം ഭരിക്കുമ്പോൾ ആ നേട്ടം കരസ്ഥമാക്കാനായത് അവർ ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാന വർഗ്ഗത്തിനു വേണ്ടിയുള്ള ആദർശങ്ങളുടെ വിജയം കൂടിയാണ്. സർക്കാരിന്റെ വിവിധ വകുപ്പുകൾ കൈകോർത്തുപിടിച്ച് നടത്തിയ നിരവധി പ്രവർത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. ഇതിൽ തദ്ദേശ വകുപ്പിന്റെ ഒട്ടേറെ പദ്ധതികളും സഹായങ്ങളും പ്രത്യേകം എടുത്തു പറയേണ്ടതാണ്. അതേസമയം സംസ്ഥാനം അതിദാരിദ്ര്യ മുക്തമായെന്ന സർക്കാരിന്റെ പ്രഖ്യാപനം ശരിയല്ലെന്നാണ് പ്രതിപക്ഷം വിമർശിക്കുന്നത്. അതിദാരിദ്ര്യ‌ം കണക്കാക്കാൻ അവലംബിച്ച മാനദണ്ഡങ്ങൾ സർക്കാർ വെളിപ്പെടുത്തിയിട്ടില്ലെന്നും അതിൽ അപാകതകളുണ്ടെന്നുമാണ് അവരുടെ കുറ്റപ്പെടുത്തൽ. പ്രതിപക്ഷത്തിനും അവരുടെ പ്രവർത്തകരിലൂടെ ഓരോ പഞ്ചായത്തിലും ഇനിയും അതിദരിദ്ര‌ർ ബാക്കിയുണ്ടെങ്കിൽ അത് കണ്ടെത്തി സർക്കാരിന് സമർപ്പിക്കാവുന്നതാണ്. ഏതു പ്രവൃത്തിയിലും കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കാൻ ആർക്കും കഴിയും. എന്നാൽ ഒരു പ്രവൃത്തി തുടങ്ങിവയ്ക്കുക അതുമായി മുന്നോട്ട് പോകുക എന്നതാണ് പരമപ്രധാനം.

അമ്പതുകളിലും അറുപതുകളിലും മറ്റും ഒരു ഗ്രാമത്തിൽ സമ്പന്നർ എന്ന് പറയാവുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. എന്തിന് ഓടിട്ട വീടുകൾ പോലും കുറവായിരുന്നു. ഇന്നതല്ല സ്ഥിതി. കേരളം മുഴുവൻ ഏതാണ്ട് ഒരു പട്ടണം പോലെ ആയിക്കഴിഞ്ഞിരിക്കുന്നു. മലയാളികൾ ഗൾഫ് ഉൾപ്പെടെയുള്ള അന്യദേശങ്ങളിൽ പോയി വിയർപ്പൊഴുക്കിയതിന്റെ പരിണിതഫലമാണിത്. ഇപ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്ന് തൊഴിൽ തേടി ഇങ്ങോട്ടാണ് ആളുകൾ വരുന്നത്. കേരളം പുരോഗതി നേടി എന്നതിന്റെ ഏറ്റവും വലിയ അടയാളമാണത്. സാങ്കേതിക രംഗത്തെ വലിയ കുതിച്ചുചാട്ടങ്ങളിലേക്കാണ് കേരളം ഇനി വളരേണ്ടത്.

TAGS: PINRAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.