
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ. ജയകുമാറിനെ നിയമിക്കാനുള്ള സംസ്ഥാന ഗവൺമെന്റിന്റെ തീരുമാനം എല്ലാ മേഖലയിലുള്ളവരെയും സന്തോഷിപ്പിക്കുന്നതാണെന്നതിൽ സംശയിക്കേണ്ടതില്ല. രാഷ്ട്രീയ പാർട്ടികളോ മതസാമൂഹ്യ സംഘടനകളോ ആരും തന്നെ കെ. ജയകുമാറിനെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തെ വിമർശിക്കുമെന്നും തോന്നുന്നില്ല. പ്രത്യേകിച്ച്, ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് തർക്കങ്ങളും വിവാദങ്ങളും അഴിമതിയാരോപണങ്ങളും കൊടുമ്പിരി കൊണ്ട്, ഹൈക്കോടതി തന്നെ ഇടപെടുകയും ചെയ്തിരിക്കുന്ന ഘട്ടത്തിൽ. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പൂർണമായും കെട്ടടങ്ങുകയും ക്ഷേത്രത്തിന്റെ വിശുദ്ധിയും പെരുമയും പൂർണാർത്ഥത്തിൽ വീണ്ടെടുക്കുകയും ചെയ്യേണ്ടത് അനിവാര്യമായിരിക്കുന്ന സന്ദർഭത്തിലാണ് കെ. ജയകുമാറിനെപ്പോലെ വിശുദ്ധിയും സ്വഭാവ നൈർമല്യത്തിന്റെ വെൺമയും പ്രസരിപ്പിക്കുന്ന ഒരു വ്യക്തിത്വത്തെ ദേവസ്വം ബോർഡിന്റെ തലപ്പത്തേക്കു കൊണ്ടുവരുന്നത്. ഇത് അത്യന്തം ശുഭസൂചകവും പ്രതീക്ഷാനിർഭരവുമാണ്.
കേവലമൊരു ഐ.എ.എസ് ഉദ്യോഗസ്ഥൻ മാത്രമല്ല കെ. ജയകുമാർ. അദ്ദേഹത്തിന്റെ വ്യക്തിവൈഭവവും കാര്യശേഷിയും കർമ്മകുശലതയും ഭാവനാവിലാസവും സാമൂഹ്യ ജീവിതത്തിന്റെ കയറ്റിറക്കങ്ങളെയും ഉൾപ്പിരിവുകളെയും കുറിച്ചുള്ള ഉറച്ച ധാരണകളും അനന്യമാണ്. എല്ലാറ്റിലുമുപരി, എല്ലാവരെയും ചേർത്തുപിടിച്ചു മുന്നേറുന്ന തികഞ്ഞ ആർജവമുള്ള ജനാധിപത്യ ബോധത്തിന്റെ സ്വരൂപം കൂടിയാണ്. വ്യാപരിച്ച എല്ലാ കർമ്മ മണ്ഡലങ്ങളിലും അദ്ദേഹം ഇതു തെളിയിച്ചിട്ടുള്ളതുമാണ്. ബ്യൂറോക്രാറ്റ് എന്ന നിലയിൽ സബ് കളക്ടർ മുതൽ ചീഫ് സെക്രട്ടറി വരെയുള്ള ഔദ്യോഗിക പദവികളിലെല്ലാം സ്വന്തം കൈയൊപ്പ് ചാർത്തി. കോഴിക്കോട് കലക്ടറായി പ്രവർത്തിച്ചു 1988-ൽ തിരുവനന്തപുരത്തേക്കു മടങ്ങുമ്പോൾ കോഴിക്കോട് പൗരാവലി അദ്ദേഹത്തിനു നൽകിയ യാത്രയയപ്പ് ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുള്ളതാണ്. ഒരു ജനകീയ നേതാവിനു പോലും അസൂയ തോന്നുന്ന വിധമാണ് അന്ന് സ്‌നേഹാർദ്ര ആദരങ്ങൾ നൽകി കോഴിക്കോട് അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് അയച്ചത്.
ചലച്ചിത്ര വികസന കോർപറേഷൻ എം.ഡി, കേന്ദ്ര സാംസ്‌കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറി, ആഭ്യന്തരം, വിജിലൻസ്, ദേവസ്വം എന്നീ വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന അഡീഷണൽ ചീഫ് സെക്രട്ടറി, കാർഷികോല്പാദന കമ്മീഷണർ, ശബരിമല മാസ്റ്റർ പ്ലാൻ ചെയർമാൻ, ശബരിമല സ്‌പെഷ്യൽ ഓഫീസർ, ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം സ്വത്തു പരിശോധനാ സമിതി സൂപ്പർവൈസർ, സർക്കാർ പദ്ധതികളുടെ ഉന്നതാധികാര സമിതി ചെയർമാൻ, എം.ജി സർവകലാശാലയുടെ പ്രഥമ രജിസ്ട്രാർ, തിരൂരിലെ തുഞ്ചത്തെഴുത്തച്ഛൻ സ്മാരക മലയാളം സർവകലാശാലയുടെ ആദ്യ വി.സി എന്ന നിലയിലും ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്കു പരിശീലനം നൽകുന്ന തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഇൻ ഗവൺമന്റിന്റെ ഡയറക്ടറായിരിക്കുമ്പോഴാണ് 'ഈജിയൻ തൊഴുത്തു പോലെയായി' എന്ന ആക്ഷേപത്തിന് വിധേയമായ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ശുദ്ധീകരിക്കാനുള്ള ചുമതല കെ. ജയകുമാറിൽ വന്നുചേർന്നിരിക്കുന്നത്.
യവന പുരാണത്തിലെ ഈജിയൻ തൊഴുത്തു വൃത്തിയാക്കിയ ഹെർക്കുലീസിനെപ്പോലെ അമാനുഷിക കരുത്തോ മാന്ത്രികതയോ ഒന്നുമില്ലെങ്കിലും, അനിതരസാധാരണമായ ഭാവനാവിലാസവും പ്രതിജ്ഞാബദ്ധതയും മനുഷ്യരെയാകെ ചേർത്തുപിടിക്കുന്ന സ്നിഗ്ധമധുരമായ മാനവികതയുംകൊണ്ട് പുതിയ ചുമതല അദ്ദേഹത്തിന് വിജയകരമായി നിർവഹിക്കാനാകുമെന്ന് ഞങ്ങൾ കരുതുന്നു. കാരണം അദ്ദേഹം മലയാള ഭാഷയുടെ നൈർമല്യത്തിന് ചന്ദന ലേപ സുഗന്ധം ഒരുക്കുന്നയാളുമാണ്. അതുകൊണ്ട്, നിയുക്ത തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് കെ. ജയകുമാറിന് പുതിയ കർമ്മമേഖലയിലും തിളക്കമാർന്ന വിജയങ്ങൾ ഞങ്ങൾ ആംശസിക്കുന്നു. ശബരിമലയുടെ വിവിധ ചുമതലകൾ വഹിച്ച പ്രവർത്തനപരിചയം അതിനെല്ലാം മുതൽക്കൂട്ടാകുമെന്നതിൽ സംശയമില്ല. അങ്ങേയറ്റം ഉചിതമായ ഈ തീരുമാനമെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിനും അഭിനന്ദനങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |